വ്യായാമം ഒരിടവേളയ്ക്ക് ശേഷം ചെയ്യുമ്പോഴും ശരീരവേദനയും അസ്വസ്ഥതകളുമെല്ലാം ഉണ്ടാകാം. ഇതിനെയെല്ലാം മറികടക്കാൻ ആവശ്യമായ വിശ്രമം നിര്‍ബന്ധം. മതിയായ വിശ്രമമില്ലാതെ ഒരിക്കലും വ്യായാമത്തിന് മുതിരരുത്

കായികാധ്വാനം, അല്ലെങ്കില്‍ വ്യായമം ആരോഗ്യത്തിന്‍റെ അടിത്തറ തന്നെയാണെന്ന് പറയാം. പലവിധ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പ്രതിരോധിക്കാൻ പതിവായ വ്യായാമം നമ്മെ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. 

പ്രായം, ആരോഗ്യാവസ്ഥ (അസുഖങ്ങള്‍), ശരീരഭാരം, പോഷകക്കുറവ് എന്നിങ്ങനെ പല ഘടകങ്ങളെയും കൂടി കണക്കിലെടുത്ത് വേണം വ്യായാമം നിശ്ചയിക്കാൻ. അവരവര്‍ക്ക് താങ്ങാൻ സാധിക്കാത്ത അത്രയും കഠിനമായ വ്യായാമങ്ങളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം കരുതല്‍ വേണം. 

ചിലര്‍ വ്യായാമം ചെയ്യാൻ തുടങ്ങിയതിന് ശേഷം ഇടവേളയെടുത്ത് പിന്നെ വീണ്ടും വ്യായാമത്തിലേക്ക് തിരികെ വരാറുണ്ട്. പലര്‍ക്കും പക്ഷേ ഇങ്ങനെ ഇടവേളയെടുത്താല്‍ പിന്നീട് തിരിച്ചുവരാൻ പേടി കാണാറുണ്ട്. പലവിധ ആശയക്കുഴപ്പങ്ങളും അലട്ടുന്നതിനാലാണ് ഇത്. ചിലരാകട്ടെ ഇടവേളയെടുത്ത ശേഷം പിന്നീട് വ്യായാമത്തിലേക്ക് തിരിച്ച് വരുമ്പോള്‍ കൂടുതല്‍ തീവ്രതയോടെ വര്‍ക്കൗട്ടിലേക്ക് തിരിയുകയും ചെയ്യാറുണ്ട്. 

ഇത് തീരെ നല്ലതല്ല എന്നതാണ് ആദ്യമേ മനസിലാക്കേണ്ടത്. ഒരിടവേളയ്ക്ക് ശേഷം വര്‍ക്കൗട്ടിലേക്ക് വീണ്ടും കടക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അതല്ലെങ്കില്‍ പോസിറ്റീവായ മാറ്റങ്ങള്‍ക്ക് പകരം അത് ആരോഗ്യത്തിന് നെഗറ്റീവായി വരാം. 

ആദ്യം മാനസികമായ തയ്യാറെടുപ്പാണ് നടത്തേണ്ടത്. നിങ്ങളുടെ ആരോഗ്യാവസ്ഥ, എന്താണ് നിങ്ങളുടെ ലക്ഷ്യം എന്നുതുടങ്ങുന്ന കാര്യങ്ങളില്‍ മനസിലൊരു രൂപരേഖയുണ്ടാക്കുക. ഇതിനായി മാനസികമായി ഒരുങ്ങുക. 

വര്‍ക്കൗട്ടിലേക്ക് കടക്കുമ്പോഴാകട്ടെ വളരെ പതിയെ മാത്രമേ തുടക്കം ആകാവൂ. തീവ്രമായ വര്‍ക്കൗട്ടുകളിലേക്കെല്ലാം സമയമെടുത്ത് മാത്രം കടക്കുക. ശരീരത്തിന് അതിന്‍റെ ശീലം മാറുമ്പോള്‍ അത് പ്രതികൂലമായി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വര്‍ക്കൗട്ടിന്‍റെ കാഠിന്യമൊക്കെ പതിയെ മാത്രം ഉയര്‍ത്തിക്കൊണ്ട് വരാം. ചുരുങ്ങിയ സമയം കൊണ്ട് 'ഫിറ്റ്' ആകാം, അതിനായി കഠിനമായി തന്നെ അധ്വാനിക്കാം എന്നെല്ലാം ഈ സമയത്ത് ചിന്ത വരാം. എന്നാല്‍ ഈ ചിന്തകളൊക്കെ മാറ്റിവച്ച് പതിയെ മാത്രം മുന്നോട്ട് നീങ്ങുക.

വ്യായാമം ഒരിടവേളയ്ക്ക് ശേഷം ചെയ്യുമ്പോഴും ശരീരവേദനയും അസ്വസ്ഥതകളുമെല്ലാം ഉണ്ടാകാം. ഇതിനെയെല്ലാം മറികടക്കാൻ ആവശ്യമായ വിശ്രമം നിര്‍ബന്ധം. മതിയായ വിശ്രമമില്ലാതെ ഒരിക്കലും വ്യായാമത്തിന് മുതിരരുത്. 

വലിയ ഗോളുകള്‍ സെറ്റ് ചെയ്യാതെ, സമയമെടുത്ത് സമാധാനപൂര്‍വം നേടാനുള്ള ഗോളുകള്‍ മാത്രം സെറ്റ് ചെയ്യുക. ഇത് കൃത്യമായി ട്രാക്ക് ചെയ്യുക. വ്യായാമത്തിന്‍റെ പേരില്‍ ഒരു ശതമാനം പോലും സ്ട്രെസ് അനുഭവിക്കരുത്. അങ്ങനെ വന്നാല്‍ വ്യായാമത്തിന്‍റെ ഗുണം പോലും ഇല്ലാതാകും. വ്യായാമത്തിനോടുള്ള താല്‍പര്യം നഷ്ടപ്പെടുന്നതിലേക്കും ഇത് നയിക്കും. 

ഇടവേളയെടുത്ത് വീണ്ടും വ്യായാമത്തിലേക്ക് വരുമ്പോള്‍ ചിലര്‍ക്ക് വീണ്ടും വീണ്ടും ഇടവേളകളെടുക്കാനുള്ള പ്രവണതയും ഉണ്ടാകും. എന്നാല്‍ അതും നല്ലതല്ല. ഇടവേളയെടുക്കാതെ അവധി ദിനങ്ങള്‍ മാത്രം വിട്ടുകൊടുത്ത് പതിവായി തന്നെ വര്‍ക്കൗട്ട് കൊണ്ടുപോകാൻ ശ്രമിക്കുക. 

Also Read:- കുട്ടികളിലെ പ്രമേഹം; ലക്ഷണങ്ങള്‍ മനസിലാക്കി നേരത്തെ തിരിച്ചറിയാം....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo