പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയാണ് ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണം. ഇത് 2 മുതൽ 7 ദിവസം വരെ നീണ്ടുനിന്നേക്കാം.

ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും രോഗത്തെ ചെറുക്കാൻ ചെയ്യേണ്ട പ്രതിരോധങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ

കടുത്ത പനി

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയാണ് ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണം. ശരീരതാപനില 102°F മുതൽ 104°F വരെ ഉയരാം. ഇത് 2 മുതൽ 7 ദിവസം വരെ നീണ്ടുനിന്നേക്കാം. കടുത്ത വിറയലും ക്ഷീണവും ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്.

ശക്തമായ തലവേദന

ഡെങ്കിപ്പനി ബാധിച്ചവരിൽ കടുത്ത തലവേദനയ്‌ക്കൊപ്പം കണ്ണിന് പിന്നിൽ വേദനയും അനുഭവപ്പെടാറുണ്ട്. കണ്ണുകൾ ചലിപ്പിക്കുമ്പോഴോ വെളിച്ചത്തിലേക്ക് നോക്കുമ്പോഴോ ഈ വേദന കൂടുതൽ വഷളാകാം. സാധാരണ വൈറൽ പനിയിൽ നിന്നും ഡെങ്കിപ്പനിയെ തിരിച്ചറിയാൻ ഡോക്ടർമാർ പ്രധാനമായും ഈ ലക്ഷണം പരിശോധിക്കാറുണ്ട്.

പേശിവേദന, സന്ധിവേദന, കടുത്ത ദേഹവേദന

കടുത്ത പേശിവേദനയും സന്ധിവേദനയും ഡെങ്കിപ്പനിയുടെ മറ്റൊരു ലക്ഷണമാണ്. ചിലരിൽ വേദന വളരെ കഠിനമാകുന്നതോടെ നിൽക്കാനും നടക്കാനും ഇരിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

കടുത്ത ക്ഷീണവും തളർച്ചയും

ഡെങ്കിപ്പനി ബാധിച്ചവരിൽ കടുത്ത ക്ഷീണവും ഊർജ്ജമില്ലായ്മയും സാധാരണമാണ്. പനി മാറിയതിനു ശേഷവും ശരീരം പൂർണ്ണ സ്ഥിതിയിലാകാൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം.

ചർമ്മത്തിലെ ചുവന്ന തടിപ്പുകൾ

പനി ബാധിച്ച സമയത്തോ പനി കുറയുന്ന ഘട്ടത്തിലോ ശരീരത്തിൽ ചുവന്ന തടിപ്പുകളോ പാടുകളോ പ്രത്യക്ഷപ്പെടാം. ഇവയിൽ ചൊറിച്ചിലോ പുകച്ചിലോ അനുഭവപ്പെടാം. രോഗബാധയുടെ തീവ്രത കൂടുന്നതിന്റെ ലക്ഷണം കൂടിയാകാം ഇത്.

ഡെങ്കിപ്പനി എങ്ങനെ പ്രതിരോധിക്കാം?

ഈഡിസ് കൊതുകുകൾ വളരുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  1. പൂച്ചട്ടികൾ, ബക്കറ്റുകൾ, പഴയ ടയറുകൾ, ഡ്രമ്മുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അവ കൃത്യമായി വൃത്തിയാക്കുകയോ വെള്ളം ഒഴുക്കിക്കളയുകയോ ചെയ്യുക.

2. വീട്ടിലെ വാട്ടർ ടാങ്കുകളും ഡ്രമ്മുകളും എപ്പോഴും നന്നായി മൂടിവെക്കണം. എയർ കൂളറുകളിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റണം.

3. ഈഡിസ് കൊതുകുകൾക്ക് പകൽ സമയത്താണ് കൂടുതലും കാണപ്പെടുന്നത്. അതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

4. ശരീരം പരമാവധി മറയ്ക്കുന്ന തരത്തിലുള്ള നീളൻ കൈയുള്ള ഷർട്ടുകളും നീളമുള്ള പാന്റുകളും ധരിക്കുക.

5. കൊതുകുശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഉറങ്ങുമ്പോൾ കൊതുകുവലകൾ ഉപയോഗിക്കുക.

6. ജനലുകളിലും വാതിലുകളിലും കൊതുകിനെ പ്രതിരോധിക്കുന്ന നെറ്റുകൾ സ്ഥാപിക്കുന്നത് കൊതുകുകൾ വീടിനുള്ളിൽ കടക്കുന്നത് തടയും.

7. വീടിനുള്ളിൽ കൊതുകിന്റെ സാന്നിധ്യം കുറയ്ക്കാൻ കൊതുക് തിരികൾ, ലിക്വിഡ് വേപ്പറൈസറുകൾ എന്നിവ ഉപയോഗിക്കാം.

8. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്യാം.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

കടുത്ത പനിക്കൊപ്പം ശക്തമായ തലവേദന, ദേഹവേദന, ശരീരത്തിൽ ചുവന്ന തടിപ്പുകൾ, അല്ലെങ്കിൽ അമിതമായ തളർച്ച എന്നിവ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടുക. ഡെങ്കിപ്പനി സംശയമുണ്ടെങ്കിൽ രക്തപരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. രോഗബാധിതർ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കഞ്ഞിവെള്ളം, ശുദ്ധജലം എന്നിവ കുടിക്കുന്നത് ശരീരത്തിലെ നിർജ്ജലീകരണം തടയാനും പെട്ടെന്ന് സുഖം പ്രാപിക്കാനും സഹായിക്കും.