അണുക്കളിൽ നിന്നും എത്രത്തോളം അകലം പാലിക്കാൻ സാധിക്കുമോ അത്രയും പനിയുടെ തീവ്രതയും കുറയുന്നു. ശരിയായ രീതിയിൽ വിശ്രമിക്കാതെ വരുമ്പോൾ പനി കുറയാൻ ദിവസങ്ങൾ എടുത്തേക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

പനിക്കാലമാണ് ഇപ്പോൾ. രോഗ പ്രതിരോധശേഷി ഇല്ലെങ്കിൽ ഇത് പെട്ടെന്ന് പടരുകയും ചെയ്യും. അണുക്കളിൽ നിന്നും എത്രത്തോളം അകലം പാലിക്കാൻ സാധിക്കുമോ അത്രയും പനിയുടെ തീവ്രതയും കുറയുന്നു. പനി എളുപ്പം കുറയാൻ ഇക്കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കണം.

വിശ്രമിക്കാതിരിക്കുന്നത്

അസുഖങ്ങൾ വരുമ്പോൾ അത് പെട്ടെന്ന് മാറണമെങ്കിൽ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. ശരിയായ രീതിയിൽ വിശ്രമിക്കാതെ വരുമ്പോൾ പനി കുറയാൻ ദിവസങ്ങൾ എടുത്തേക്കാം. ഇത് നിങ്ങളുടെ പ്രതിരോധ ശേഷിയേയും ബാധിക്കുന്നു. ഓർക്കുക വൈറസിനെതിരെ പോരാടാൻ ശരീരത്തിന് ഊർജ്ജം ആവശ്യമാണ്.

വെള്ളം കുടിക്കാതിരിക്കുന്നത്

അസുഖങ്ങൾ വരുന്ന സമയത്ത് വെള്ളം തീരെയും കുടിക്കാറില്ല നമ്മൾ. പനി വരുമ്പോൾ ചിലർക്ക് ഛർദിയും, വയറിളക്കവുമൊക്കെ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ശരീരത്തിൽ വെള്ളം ഉണ്ടാവുകയുമില്ല. ഇത് നിങ്ങളിൽ കൂടുതൽ ക്ഷീണം ഉണ്ടാക്കുന്നു. ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിന് വെള്ളം ആവശ്യമാണ്. പനി ഉള്ളപ്പോൾ ഔഷധ ചായകൾ കുടിക്കുന്നതും നല്ലതാണ്.

ഉറങ്ങാതിരിക്കുന്നത്

പനി പെട്ടെന്ന് കുറയണമെങ്കിൽ ശരീരത്തിന് വിശ്രമം ആവശ്യമാണ്. നല്ല ഉറക്കം ലഭിച്ചാൽ പകുതി അസുഖവും മാറിക്കിട്ടും. കുറഞ്ഞത് 7 മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഫോൺ ഉപയോഗവും കുറയ്ക്കാൻ ശീലിക്കേണ്ടതുണ്ട്.

ഭക്ഷണം കഴിക്കുമ്പോൾ

അസുഖങ്ങൾ വരുമ്പോൾ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കണമെന്നില്ല. അതിനാൽ തന്നെ എന്തൊക്കെ കഴിക്കാം, കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നിങ്ങൾക്കുണ്ടാവണം. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ ചെറിയ അളവിൽ കഴിക്കാം. പനി സമയങ്ങളിൽ പഴങ്ങളും, പച്ചക്കറികളും കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വയം ചിൽകിത്സ ചെയ്യുന്നത്

ശരിയായ രീതിയിൽ ചികിത്സ ലഭിച്ചാൽ മാത്രമേ അസുഖം പെട്ടെന്ന് മാറുകയുള്ളൂ. പനി ആണെന്ന് കരുതി നിസ്സാരമായി കാണരുത്. സമയം വൈകുംതോറും അസുഖത്തിന്റെ വ്യാപ്തിയും കൂടുന്നു.