ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ പലതരത്തിലുള്ള ഡയറ്റ് ചെയ്യാറുണ്ടാകുമല്ലോ. വ്യായാമം ചെയ്തിട്ടും ക്യത്യമായി ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്നാണ് അധികം പേരും പറയാറുള്ളത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും ഒരു ​ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്ന് യശ്വന്ത്പൂരിലെ കൊളംബിയ ഏഷ്യ റഫറൽ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ.പവിത്ര എൻ രാജ് പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ​ നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

"വിറ്റാമിൻ സിയുടെ ഉറവിടമാണ് നെല്ലിക്ക. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഫാറ്റി ലിവർ, ഹൈപ്പർ കൊളസ്ട്രോളമിക് എന്നിവ കുറയ്ക്കുന്ന ഹൈപ്പോളിപിഡാമിക് ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ.പവിത്ര എൻ രാജ് പറഞ്ഞു.

നെല്ലിക്കയിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും  ശരീരഭാരം വർധിപ്പിക്കുന്നത് തടയാനും നെല്ലിക്കയിലെ ക്രോമിയം സഹായിക്കുന്നു. 

നെല്ലിക്ക ജ്യൂസ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്നു. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടും. ശരീരഭാരം കുറയ്ക്കാൻ ദിവസവും രാവിലെയോ വെെകിട്ടോ അൽപനേരം വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് - ഡോ. പവിത്ര എൻ രാജ് പറഞ്ഞു.