മുഖം ചുവന്നു തടിക്കുക, തലവേദന, നെഞ്ചിടിപ്പ് കൂടുക,ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഈ അവസ്ഥയെ സ്‌കോംബ്രോയ്ഡ് ഫിഷ് പോയ്‌സണിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. Seafood Allergy
കണവയും ഞണ്ടും ജീവനെടുക്കുമോ, കക്കയ്‌ക്കൊപ്പം നാരങ്ങാവെള്ളം കഴിച്ചാൽ മരിച്ചു പോകുമോ... കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഉയർന്നു വന്ന സംശയങ്ങളിതൊക്കെയാണ്. ഇത്തരം പ്രചാരണങ്ങളിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരണമടയുകയും, അതിനടുത്ത ദിവസങ്ങളിൽ കണവയും മീൻമുട്ടയും മറ്റും കഴിച്ച പലർക്കും പലയിടങ്ങളിലും ശാരീരിക അസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ മീൻകറി കൂട്ടാതെ ചോറിറങ്ങാത്ത മലയാളികളിൽ ആശങ്കയുളവാക്കിയിരിക്കയാണ്.
ഭക്ഷണവസ്തുക്കൾ ശരീരത്തിന് ഹാനികരമാകുന്നത് പ്രധാനമായും രണ്ട് സാഹചര്യങ്ങളിലാണ്. അതിൽ ഭക്ഷ്യവിഷബാധയെപ്പറ്റി പലർക്കും ധാരണയുണ്ടെങ്കിലും അലർജിയെപ്പറ്റി വേണ്ടത്ര ധാരണ ഇപ്പോഴുമില്ല. കടൽവിഭവങ്ങളിൽ നിന്നുള്ള അലർജിയും ഭക്ഷ്യവിഷബാധയും തമ്മിൽ വ്യത്യാസമുണ്ട്.
കടൽ വിഭവങ്ങൾ കഴിക്കുന്നത് അലർജിക്ക് കാരണമാകുമെങ്കിലും അത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കില്ല. അതേസമയം, ഇ- കോളി, ഷിഗെല്ല ബാക്ടീരിയകൾ മൂലമുണ്ടാകുന്ന വിഷവസ്തുക്കൾ (Toxins) ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും അത് പെട്ടെന്ന് ജീവന് തന്നെ ഹാനികരമായിതീരുകയും ചെയ്യുന്നുണ്ട്. എന്നാൽ കൃത്യസമയത്ത് വേണ്ടരീതിയിലുള്ള ചികിൽസ ലഭിച്ചില്ലെങ്കിൽ അലർജിയും അതീവ അപകടകാരിയായി മാറും.
ഭക്ഷ്യവിഷബാധയേൽക്കുന്നതിനുപിന്നിൽ പാകം ചെയ്യുന്നവരുടെ വൃത്തി ഉൾപ്പെടെയുള്ള ഒട്ടേറെ ഘടകങ്ങളുണ്ട്. ഭക്ഷ്യവിഷബാധയേറ്റാൽ പ്രധാനമായും സംഭവിക്കുക നിർജലീകരണമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാം.
ശരീരത്തിന്റെ തെറ്റിദ്ധാരണയോ?
പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ, ഏറ്റവും പോഷകഗുണമുള്ള ആഹാരമെന്ന് കരുതി കഴിക്കുന്ന കടൽവിഭവങ്ങൾ എല്ലാവരിലും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. ചിലരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്.
കടൽവിഭവങ്ങളോടുള്ള ശരീരത്തിന്റെ അലർജിയാണ് ഇതിൽ പ്രധാനകാരണം. മത്സ്യങ്ങളിലോ, കൊഞ്ച്, ഞണ്ട്, ലോബ്സ്റ്റർ തുടങ്ങിയ കടുപ്പമേറിയ പുറംതോടുള്ള കടൽ ജീവികളെ കഴിക്കുമ്പോഴോ അവയിൽ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകൾ ശരീരത്തിന് ഹാനികരമാണെന്ന് പ്രതിരോധ സംവിധാനം (Immune System) തെറ്റിദ്ധരിക്കുമ്പോഴാണ് അലർജി ലക്ഷണങ്ങൾ പുറത്തുവരുന്നത്. ആ പ്രോട്ടീനുകളെ സാധാരണ രീതിയിൽ സ്വീകരിക്കുന്നതിന് പകരം, പ്രതിരോധ സംവിധാനം 'ഹിസ്റ്റമിൻ' (Histamine) പോലുള്ള രാസവസ്തുക്കൾ പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്.
ഇതോടെ ഭക്ഷണം കഴിച്ച് ഏതാനും സമയത്തിനുള്ളിൽ തന്നെ ചൊറിച്ചിൽ, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ചുണ്ടിലോ മുഖത്തോ വീക്കമുണ്ടാകുക, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരാവസ്ഥയിലുള്ള സാഹചര്യങ്ങളിൽ രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നു പോകാം. ചില സന്ദർഭങ്ങളിൽ ഇത് അനാഫിലാക്‌സിസ് (Anaphylaxis) എന്ന, ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അടിയന്തര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.
എല്ലാ അലർജിയും അലർജിയല്ല!
എല്ലാത്തരം ശാരീരിക അസ്വസ്ഥതകളും യഥാർത്ഥത്തിൽ അലർജി ആകണമെന്നില്ല. ചില സന്ദർഭങ്ങളിൽ, ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മത്സ്യങ്ങളിൽ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം 'ഹിസ്റ്റമിൻ' അമിതമായി ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ഇങ്ങനെയുള്ള മത്സ്യം കഴിക്കുമ്പോൾ അലർജിക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
മുഖം ചുവന്നു തടിക്കുക, തലവേദന, നെഞ്ചിടിപ്പ് കൂടുക,ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഈ അവസ്ഥയെ സ്‌കോംബ്രോയ്ഡ് ഫിഷ് പോയ്‌സണിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരിക്കൽ ഹിസ്റ്റമിൻ രൂപപ്പെട്ടുകഴിഞ്ഞാൽ, പാകം ചെയ്താലും അതില്ലാതാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടുതന്നെ, മത്സ്യം ശരിയായ രീതിയിൽ ശീതീകരിച്ചു സൂക്ഷിക്കുകയും (Refrigeration) വൃത്തിയുള്ള സാഹചര്യങ്ങളിൽ പാചകം ചെയ്യേണ്ടതുമാണ്.
കടൽവിഭവങ്ങൾ മാത്രമല്ല വില്ലൻ
ചില സമയങ്ങളിൽ, നമുക്കുണ്ടാകുന്ന അസ്വസ്ഥതകൾ സീഫുഡ് കഴിക്കുന്നതുകൊണ്ടാകണമെന്നില്ല. വിഭവങ്ങളിൽ ചേർത്തിട്ടുള്ള മറ്റ് ഘടകങ്ങളും അലർജിക്ക് കാരണമാകാം. ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾ (Artificial food colours), രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ (Taste enhancers), കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവുകൾ (Preservatives), മറ്റ് രാസവസ്തുക്കൾ (Chemical additives) തുടങ്ങിയവയൊക്കെ അലർജിക്ക് കാരണമാകാം. നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ (Immune System) തെറ്റായ പ്രതികരണമില്ലാതെ തന്നെ, അലർജിക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ ഇത്തരം വസ്തുക്കൾക്ക് സാധിക്കും. ഇതിനെയാണ് സ്യൂഡോ അലർജി എന്ന് പറയുന്നത്.
എല്ലാവർക്കും 'പണി' കിട്ടുമോ?
ഒരേ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽപ്പോലും എല്ലാവരിലും ഒരേ പ്രതികരണമല്ല ഉണ്ടാകുന്നത്. കാരണം ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയും സംവേദനക്ഷമതയും വ്യത്യസ്തമാണ്. ഒരാൾക്ക് യാതൊരു പ്രശ്‌നവുമില്ലാത്ത ആഹാരം മറ്റൊരാളുടെ ശരീരത്തിന് അലർജി ഉണ്ടാക്കിയേക്കാം.
രണ്ടാമത്തേത് പ്രായവും ആരോഗ്യസ്ഥിതിയും: പ്രായമായവർക്കും, കുട്ടികൾക്കും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും (ഉദാഹരണത്തിന് ആസ്ത്മയോ മറ്റ് അലർജികളോ ഉള്ളവർ) സീഫുഡ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ വരാൻ സാധ്യത കൂടുതലാണ്.
മൂന്നാമത് കഴിക്കുന്ന അളവ്: ചിലർക്ക് ചെറിയ അളവിൽ കഴിക്കുമ്പോൾ പ്രശ്‌നമുണ്ടാകില്ല, എന്നാൽ അമിതമായി കഴിക്കുന്നത് ശരീരത്തിന് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷേ, മത്സ്യത്തിന്റെ പഴക്കവും ഐസിട്ടു സൂക്ഷിക്കുന്ന രീതിയും പ്രധാനമാണ്. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മത്സ്യം കഴിക്കുന്നത് എല്ലാവരിലും അസ്വസ്ഥതകൾ സൃഷ്ടിക്കും. അത് അലർജിമൂലം ആകണമെന്നില്ലതാനും.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
കടൽവിഭവങ്ങൾ കഴിക്കുമ്പോൾ കൃത്യമായി ശ്രദ്ധിച്ചാൽ അനാവശ്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനാകും. ഫ്രഷ് അല്ലാത്തതോ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതോ ആയ കടൽവിഭവങ്ങൾ ഒരിക്കലും കഴിക്കരുത്.
കടൽവിഭവങ്ങൾ വേണ്ടപോലെ വേവിച്ചിട്ടുണ്ട് എന്നുറപ്പുവരുത്തിയേ ഭക്ഷിക്കാവൂ. വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് മാത്രം വാങ്ങുക. അലർജി ഉണ്ടെങ്കിൽ റെസ്റ്റോറന്റുകളിലും മറ്റും അത് മുൻകൂട്ടി വ്യക്തമായി അറിയിക്കുക.
കുട്ടികൾക്കും പ്രായമായവർക്കും സീഫുഡ് നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കുക. ഇനി അഥവാ കടൽവിഭവങ്ങൾ കഴിച്ചതിന് ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അവഗണിക്കുകയോ, സ്വയം ചികിത്സ നടത്തുകയോ ചെയ്യാതിരിക്കുക. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടുക. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുന്നത് അപകടസാധ്യത കുറയ്ക്കും.
ഹോട്ടലുകൾക്കും ശ്രദ്ധിക്കാനുണ്ട്
ഭക്ഷണം പാകം ചെയ്യുന്നതിൽ ഉൾപ്പെടെ ജാഗ്രത പുലർത്തിയാലും ചിലപ്പോഴെങ്കിലും ഭക്ഷണശാലകൾക്കും പിഴയ്ക്കാറുണ്ട്. അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണവിഭവങ്ങളെപ്പറ്റി ധാരണയില്ലാത്തതാണ് ഒരു പ്രധാന പ്രശ്നം.
പാകം ചെയ്യുന്നവരുൾപ്പെടെ ഹോട്ടൽ ജീവനക്കാർക്ക് ഇതേപ്പറ്റി ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ അലർജിയെപ്പറ്റി മുന്നറിയിപ്പു നൽകാനും അലർജി സാധ്യതയുള്ളവർക്ക് പ്രത്യേക ഭക്ഷണസാധനങ്ങൾ നൽകുന്നത് ഒഴിവാക്കാനും സാധിക്കും.
ഭക്ഷണവും ആരോഗ്യവും തമ്മിൽ സുപ്രധാനബന്ധമുള്ളതിനാൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കാര്യങ്ങൾ ഭക്ഷണരീതികളിൽ ഉണ്ടാകാൻ പാടില്ല. കഴിക്കുന്നരും വിളമ്പുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.
(ലേഖനം തയ്യാറാക്കിയത് ഡോ. വീണ വി. നായർ)


