വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് പൊതുവെ ഡോക്ടർമാർ പറയാറുണ്ട്. വെള്ളം കുടിക്കാതെ വരുമ്പോൾ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാവുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് കിഡ്നിയുടെ പ്രവര്‍ത്തനത്തെ. 

ജലാംശം നഷ്ടമാകുന്നതോടെ ശരീരത്തിലെ അവശ്യപോഷകങ്ങള്‍ കൂടി നഷ്ടമാകും. കിഡ്നിയുടെ പ്രവര്‍ത്തനംതന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക എന്നതാണല്ലോ. എന്നാല്‍ വെള്ളത്തിന്റെ അളവ് കുറയുന്നതോടെ കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. കിഡ്നി സ്റ്റോൺ എന്ന അസുഖവും പിടിപെടുന്നു. 

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിന് കഴിയും. കിഡ്നി സ്റ്റോൺ അസുഖമുള്ളവർ മസാല്‍ ചായ, കോഫി ,കോള എന്നിവയെല്ലാം ഒഴിവാക്കി പകരം മോരും വെള്ളം, ജ്യൂസുകള്‍ എന്നിവ ശീലമാക്കുക.  ഉപ്പും മധുരവും കുറച്ചുള്ള ഡയറ്റാണ് ഏറ്റവും മികച്ചതെന്ന് വിദ​ഗ്ധർ പറയുന്നു.

ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാൽസ്യം വലിച്ചെടുത്ത് കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. 1000 - 1300 mg കാത്സ്യം ആണ് ദിവസം ഒരാള്‍ക്ക് ആവശ്യം. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതും കിഡ്നിസ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു. കിഡ്നി സ്റ്റോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം ഇടയ്ക്കിടെ ബാത്ത് റൂമിൽ പോകേണ്ടതായി വരുന്നു. മൂത്രമൊഴിക്കാൻ തോന്നിയാൽ തന്നെ പലരും പിടിച്ച് നിർത്തുന്നതായി കണ്ട് വരുന്നു. ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.

രണ്ട്...

വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

മൂന്ന്...

മൂത്രമൊഴിക്കുമ്പോൾ എപ്പോഴും വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ചിലപ്പോൾ വൃക്കയിൽ കല്ല് ഉള്ളതുകൊണ്ടാകാം. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാകുന്നവർ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍, മങ്ങല്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നത്...