അമിതമായി പല്ലു തേക്കുന്നതും നന്നല്ല. അത്തരത്തില്‍ പല്ല് തേക്കുന്നത് ഒഴിവാക്കേണ്ട മൂന്ന് സന്ദർഭങ്ങളെ കുറിച്ച് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പറയുകയാണ് ദന്തഡോക്ടറായ സുരീന സേഗൽ.
ദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പല്ല് ദ്രവിക്കലും പോട് വരുന്നതും മോണരോഗങ്ങളും വായ്നാറ്റവുമൊക്കെ ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാലാണ് രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറയുന്നത്. എന്നാല്‍ അമിതമായി പല്ലു തേക്കുന്നതും നന്നല്ല. അത്തരത്തില്‍ പല്ല് തേക്കുന്നത് ഒഴിവാക്കേണ്ട മൂന്ന് സന്ദർഭങ്ങളെ കുറിച്ച് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പറയുകയാണ് ദന്തഡോക്ടറായ സുരീന സേഗൽ. അവ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഭക്ഷണം കഴിച്ചയുടൻ പല്ല് തേക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോ. സുരീന സേഗൽ പറയുന്നത്. ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ വായ അസിഡിക് ആകുന്നു. ഈ അസിഡിക് അവസ്ഥയിൽ പല്ല് തേച്ചാൽ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. അതിനാല്‍ ഭക്ഷണം കഴിച്ചയുടൻ പല്ല് തേക്കരുതെന്നും ഡോക്ടര്‍ പറയുന്നു.
രണ്ട്...
ഛര്‍ദ്ദിച്ച ഉടൻ പല്ല് തേക്കുന്നതും നല്ലതല്ല എന്നാണ് ഡോ. സുരീന സേഗൽ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. നമ്മുടെ വയറിലുള്ള പല ആസിഡുകളും ഛർദ്ദിക്കുന്നതോടെ വായിൽ എത്തും. അതിനാല്‍ ആ സമയത്ത് പല്ല് തേക്കുന്നതും ഇനാമല്‍ നശിക്കാന്‍ കാരണമാകും. പകരം വായ് കഴുകിയാല്‍ മതി. 30 മിനിറ്റിന് ശേഷം മാത്രം വേണമെങ്കില്‍ പല്ല് തേക്കാം.
മൂന്ന്...
കോഫി കുടിച്ച ഉടനും പല്ല് തേക്കരുത് എന്നാണ് ഡോ. സുരീന സേഗല്‍ പറയുന്നത്. കോഫി കുടിക്കുമ്പോഴും വായിലുണ്ടാകുന്നത് ഒരു അസിഡിക് അന്തരീക്ഷമാണ്. അതിനാല്‍ ആ സമയത്ത് പല്ല് തേക്കുന്നതും ഇനാമല്‍ നശിക്കാന്‍ കാരണമായേക്കാം. അതിനാല്‍ 20- 30 മിനിറ്റിന് ശേഷം മാത്രം പല്ലു തേക്കുക.
Also read: നെഞ്ചെരിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...
