ആരോഗ്യത്തെ തകര്‍ക്കുന്ന പുതിയ കാലത്തെ ജീവിതരീതികളില്‍ പ്രധാനമാണ് മണിക്കൂറുകളോളം ഇരുന്ന് ചെയ്യുന്ന ജോലികള്‍. പലപ്പോഴും ഇത് ശരീരത്തിനെ മാത്രമല്ല മനസിനേയും കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ വലിയ തോതില്‍ 'സ്‌ട്രെസ്' ഉണ്ടാകുന്നത് പതിയെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിച്ചുതുടങ്ങും. 

എങ്ങനെയാണ് നമ്മള്‍ ചെയ്യുന്ന ജോലി നമ്മളെ തകര്‍ക്കുന്നുണ്ടോയെന്ന് മനസിലാക്കുക? ഇതാ ഈ മൂന്ന് കാര്യങ്ങള്‍ സ്വയം പരിശോധിക്കൂ...

ഒന്ന്...

കാലാവസ്ഥാ വ്യതിയാനം പോലുള്ള ഘടകങ്ങള്‍ ഇടയ്ക്കിടെ നമ്മളില്‍ ജലദോഷമോ പനിയോ പോലുള്ള അണുബാധകള്‍ക്ക് ഇടയാക്കാറുണ്ട്. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റമൊന്നുമില്ലാതിരിക്കുമ്പോഴും ഇടയ്ക്കിടെ ജലദോഷവും ചുമയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുന്നുണ്ടോ? 

കഠിനമായ ക്ഷീണം, ശരീരവേദന, ഉറക്കമില്ലായ്മ എന്നിവയുണ്ടാകുന്നുണ്ടോ? ഒരുപക്ഷേ ഇഷ്ടമില്ലാത്ത ജോലി നിങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മാത്രമായിരിക്കാം ഇവ. 

രണ്ട്...

നിങ്ങള്‍ ചെയ്യുന്ന ജോലി, അത് എന്ത് തരത്തിലുള്ളതാണെങ്കില്‍ അതിന്റെ ഗുണമേന്മ കുത്തനെ താഴുന്നതായി തോന്നുന്നുണ്ടോ? ജോലിയില്‍ പതിവിലധികം തെറ്റുകളോ പാളിച്ചകളോ സംഭവിക്കുന്നുണ്ടോ? ഓഫീസില്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള ഒരുകാര്യത്തിലും ശ്രദ്ധ ചെലുത്താന്‍ പറ്റാതാകുന്നുണ്ടോ? ഇതും ജോലി നിങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാകാന്‍ സാധ്യതയുണ്ട്.

മൂന്ന്...

വിഷാദം, കടുത്ത ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഓഫീസ് സമയം കഴിയുമ്പോഴേക്ക് നിരാശയും ശൂന്യതയും തോന്നുക. രാത്രി- ഉറക്കമില്ലാതെ കിടക്കുമ്പോള്‍ മനസില്‍ ഉത്കണ്ഠകള്‍ വന്നുനിറയുക ഇതെല്ലാം ജോലി നിങ്ങളിലുണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദത്തിനുള്ള തെളിവുകളാകാം. 

ഈ ലക്ഷണങ്ങളെല്ലാം ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും നമുക്ക്, നമ്മുടെ താല്‍പര്യാനുസരണം തന്നെ ജോലി തെരഞ്ഞെടുക്കാനോ ചെയ്യാനോ ഒന്നും കഴിയണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ജോലി നമ്മളിലുണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ മറികടക്കുക തന്നെയാണ് ഇതിനുള്ള പരിഹാരം. 

അതിനായി, ആദ്യം നമ്മള്‍ കരുതലെടുക്കേണ്ടത് മാനസികാരോഗ്യത്തിന്റെ കാര്യമാണ്. മനസിന് സന്തോഷം നല്‍കുന്ന തരത്തില്‍ ജോലിസമയത്തിന് പുറമെയുള്ള സമയം ചെലവിടുക. വ്യായാമമോ യോഗയോ ഒക്കെ ഇതിന് സഹായിക്കും. ഇതിനൊപ്പം തന്നെ നമുക്ക് താല്‍പര്യമുള്ള മറ്റ് മേഖലകളിലേക്ക് മനസിനെ തെളിച്ചുവിടുക. പാട്ട്, സിനിമ, സാഹിത്യം. പെയ്ന്റിംഗ്, ഗാര്‍ഡനിംഗ്, പാചകം, യാത്ര, ഫോട്ടോഗ്രഫി അങ്ങനെയേതുമാകാം ഈ വിനോദങ്ങള്‍. 

ഒരിക്കലും മികച്ച കരിയര്‍ മുന്നില്‍ക്കണ്ടുകൊണ്ട് നമുക്ക് താങ്ങാനാകാത്ത അത്രയും ജോലി ഏറ്റെടുക്കരുത്. അത് വീണ്ടും മാനസികസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയേ ഉള്ളൂ. 

ജോലിയില്‍ ശരാശരിയായി മുന്നോട്ടുപോയാലും അതില്‍ പ്രശ്‌നമില്ല, എനിക്ക് ഞാന്‍ തന്നെയാണ് പ്രധാനം എന്ന മനോഭാവം വച്ചുപുലര്‍ത്താന്‍ ശ്രമിക്കുക. 

രണ്ടാമതായി ആരോഗ്യം പരിരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുക. മിതമായ അളവില്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കാം, ഇതിനൊപ്പം കൃത്യമായ ഉറക്കവും ഉറപ്പുവരുത്തുക. മോശം ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്ന സാധാരണക്കാരെ സംബന്ധിച്ച് ജോലിയും വ്യക്തിജീവിതവും 'ബാലന്‍സ്' ചെയ്ത് പോവുകയെന്നതാണ് മാതൃകാപരമായ പരിഹാരം.