ഉറക്കമില്ലായ്മ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ പലതരത്തിലുള്ള  അസുഖങ്ങളാകും പിടിപെടുക. ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ട് . അതിനാല്‍ ഉറക്കം ഒരാള്‍ക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാണ്. ഹൃദ്രോഗത്തിനുള്ള സാധ്യത മുതല്‍ പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, വിഷാദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന തകരാറുകള്‍ തുടങ്ങിയ പല മാനസിക ശാരീരിക പ്രശ്നങ്ങളുമുണ്ടാകാം. മൂന്ന് ശീലങ്ങൾ ഒഴിവാക്കിയാൽ നന്നായി ഉറങ്ങാൻ സാധിക്കും.

ഒന്ന്...

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുൻപെങ്കിലും അത്താഴം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. രാത്രിയിൽ ഒന്നും കഴിക്കാതെ കിടന്നുറങ്ങുന്നതും നല്ല ശീലമല്ല.

രണ്ട്...

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

മൂന്ന്...

ഉറങ്ങുന്നതിന് മുന്‍പ് ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല്‍ കുടിക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന്
​ഗുണം ചെയ്യും.