പലരും പിസിഒഎസ് മൂലം വണ്ണം കൂടിയാല്‍ അത് കുറയ്ക്കാനേ സാധിക്കില്ലെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെയല്ല, ചില മാറ്റങ്ങള്‍ ജീവിതരീതികളില്‍ വരുത്തുന്നപക്ഷം പിസിഒഎസ് ഉള്ളവര്‍ക്കും ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ സാധിക്കും

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്താണെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകള്‍ നേരിടുന്ന ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങളാണ് പിസിഒഎസ് എന്ന് ലളിതമായി പറയാം. എന്നാല്‍ പിസിഒഎസ് അത്ര നിസാരമായ അവസ്ഥയല്ല.

ആര്‍ത്തവ ക്രമക്കേടുകള്‍, വണ്ണം കൂടല്‍, മുഖത്തും ശരീരഭാഗങ്ങളിലും അമിത രോമവളര്‍ച്ച, വിഷാദരോഗം തുടങ്ങി പലവിധ പ്രയാസങ്ങളാണ് പിസിഒഎസ് സ്ത്രീകളിലുണ്ടാക്കുന്നത്. പ്രധാനമായും വണ്ണം അമിതമായി കൂടിവരുന്നതാണ് പിസിഒഎസിന്‍റെ ഒരു ലക്ഷണം. ഇതിനെ മറികടക്കലും എളുപ്പമല്ല. 

അതേസമയം പലരും പിസിഒഎസ് മൂലം വണ്ണം കൂടിയാല്‍ അത് കുറയ്ക്കാനേ സാധിക്കില്ലെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെയല്ല, ചില മാറ്റങ്ങള്‍ ജീവിതരീതികളില്‍ വരുത്തുന്നപക്ഷം പിസിഒഎസ് ഉള്ളവര്‍ക്കും ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ സാധിക്കും. ഇതിന് സഹായകരമാകുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

രാവിലെ ഉറക്കമുണര്‍ന്നയുടൻ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അതുപേക്ഷിക്കുക. കാരണം ഇത് പിസിഒഎസ് അനുബന്ധ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടും. അതേസമയം രാവിലെ ആദ്യം വെള്ളവും പിന്നീട് ഭക്ഷണവും കഴിച്ച ശേഷം മാത്രം കാപ്പിയോ ചായയോ കുടിക്കുന്ന ശീലമാണെങ്കില്‍ അത് ഹോര്‍മോണ്‍ ബാലൻസിംഗിന് അടക്കം സഹായിക്കും.

രണ്ട്...

പ്രോട്ടീൻ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റില്‍ ദിവസം തുടങ്ങുക. മുപ്പത് ഗ്രാം പ്രോട്ടീനെങ്കിലും ബ്രേക്ക്ഫാസ്റ്റിലുണ്ടായിരിക്കണം. ഇത് ആന്തരീകപ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്, അതുപോലെ വിശപ്പ് കുറയ്ക്കുകയും മറ്റെന്തെങ്കിലും ഇടയ്ക്ക് കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. 

മൂന്ന്...

ദിവസവും പുതിനയിലയിട്ട ചായ കഴിക്കുക. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യുന്നതിന് സഹായിക്കും. ഇതിലൂടെ പിസിഒഎസ് മൂലമുണ്ടാകുന്ന മുഖക്കുരു, അമിത രോമവളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ലഘൂകരിക്കാനാകും. 

നാല്...

സമഗ്രമായ ഭക്ഷണരീതി പിന്തുടരുക. എന്നുവച്ചാല്‍ എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുക. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ, കാര്‍ബ്, ആരോഗ്യകരമായ കൊളുപ്പ് എന്നിവയെല്ലാം കിട്ടണം. ഇതിന് അനുസരിച്ച് ഓരോ നേരത്തെയും ഭക്ഷണം പ്ലാൻ ചെയ്യാവുന്നതാണ്. 

അഞ്ച്...

ഭക്ഷണശേഷം ഒന്ന് നടക്കുന്നതും പിസിഒഎസ് മൂലം വണ്ണം കൂടുന്നതിന് പ്രതിരോധിക്കുന്ന ശീലമാണ്. പത്ത് മിനുറ്റ് നടത്തമെങ്കിലും ചുരുങ്ങിയത് വേണം. ഇത് എല്ലാ നേരത്തെയും ഭക്ഷണത്തിന് ശേഷം ചെയ്യാവുന്നതാണ്. 

ആറ്...

ഡയറ്റില്‍ നിന്ന് പരമാവധി മധുരവും പാലും കുറയ്ക്കാം. ഇതും വണ്ണം കൂടുന്നത് തടയും. ഡയറ്റ് ഇതിന് അനുസരിച്ച് ക്രമീകരിച്ചാല്‍ മതി.

Also Read:- എപ്പോഴും ക്ഷീണമാണോ? ഉണര്‍വും ഉന്മേഷവും കിട്ടാൻ ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo