യുവത്വം തുളുമ്പുന്ന ശരീരം ആരാണ് ആ​ഗ്രഹിക്കാത്തത്. പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക ഇക്കാര്യങ്ങൾ നിങ്ങളെ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു . ആരോഗ്യകരമായ ജീവിതശൈലി നിങ്ങളില്‍ യുവത്വവും ആരോഗ്യവും നിലനിര്‍ത്തുന്നു. പ്രായം കൂടുന്നത് നമുക്ക് തടയുവാന്‍ സാധിക്കില്ലെങ്കിലും അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കുവാന്‍ കഴിയും. പ്രത്യേകിച്ച്‌ ആകാലവാര്‍ദ്ധക്യത്തെ. ചെറുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

ഒന്ന്...

 ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ആഹാരമാണ് ശരീരത്തിനു യുവത്വം നൽകുന്നത്. കടുംനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക. ഉദാ: ആപ്പിൾ, പപ്പായ, ഓറഞ്ച്, ബീറ്റ്റൂട്ട്, മുന്തിരി, മാമ്പഴം, കാപ്സിക്കം... ഇങ്ങനെ. റെയിൻബോ ഫൂഡ് എന്നാണ് ഈ ആഹാരരീതി അറിയപ്പെടുന്നത്.

രണ്ട്...

വൈറ്റമിൻ സി അടങ്ങിയ ആഹാരം ചർമത്തിലെ പിഗ്മെന്റേഷനെ (കറുത്ത പാടുകൾ) തടയുന്നു. സിട്രസ്, ഫ്രൂട്ടിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ലൈം ജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക.

മൂന്ന്...

ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലെ ജലാംശം ഒരിക്കലും കുറഞ്ഞുപോവരുത്.

നാല്....

നട്സ് (ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ) നിത്യഭക്ഷണത്തിലുൾപ്പെടുത്തുക. നട്സിലെ കൊഴുപ്പ് ചർമത്തിലെ കൊളാജൻ അയഞ്ഞു പോകാതെ സംരക്ഷിക്കുന്നു. ദിവസവും ഒരു വലിയ സ്പൂൺ (30 ഗ്രാം) നട്സ് കഴിക്കുക.

അഞ്ച്...

ചർമസംരക്ഷണത്തിന് അടിസ്ഥാനമായത് നാലു കാര്യങ്ങളാണ്. ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ്, സൺപ്രൊട്ടക്ഷൻ. ഇതു നിത്യവും ചെയ്യണം. നിങ്ങളുടെ ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ഇതിനുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ടത്. ചർമം എണ്ണമയമുള്ളതാണോ അല്ലാത്തതാണോ എന്നു നോക്കി ഏറ്റവും വിശ്വാസ്യതയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക.

ആറ്...

വ്യായാമം ശരീരത്തിലെ മുഴുവൻ മസിലുകൾക്കും ആവശ്യമാണ്. വ്യായാമമില്ലാതായാൽ മസിലുകൾ അയഞ്ഞ് വേഗം വാർധക്യത്തിനു കീഴ്പെടും. വ്യായാമം മനസിനു ഗുണം ചെയ്യും. ഈ സമയത്ത് ഉൽപാദിപ്പിക്കുന്ന എൻഡോർഫിൻ ഹോർമോണുകൾ ഉന്മേഷം പ്രദാനം ചെയ്യുന്നു. 25—30 വയസു തൊട്ടേ ചിട്ടയായ വ്യായാമം ശീലമാക്കുക.

ഏഴ്...

കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ ആണ് നമ്മളെ മാനസികമായും ശാരീരികമായും തളര്‍ച്ച അനുഭവിപ്പിക്കുന്നത്. ഇത് ചര്‍മ്മം പെട്ടെന്ന് പ്രായം വയ്ക്കുന്നതിനും കാരണമാകുന്നു. യുവത്വം നിറഞ്ഞ ശരീരത്തിനായി നിങ്ങള്‍ പ്രധാനമായും ചെയ്യേണ്ടത് മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക എന്നതാണ്. ഇതിനായി വ്യായാമം, ധ്യാനം, മസാജുകള്‍, അരോമതെറാപ്പി എന്നിവ ചെയ്യുക. ഇവ നിങ്ങളുടെ മനസ്സും ശരീരവും ഉന്മേഷം നിറഞ്ഞതാക്കുവാന്‍ സഹായിക്കുന്നു.