ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. 

ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. നടക്കുമ്പോള്‍ വേദന, ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചത്ത്‌ അസ്വസ്ഥകള്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

 ക്യത്യമായി വ്യായാമം ചെയ്തില്ലെങ്കിൽ അത് കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയാകും. നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. ക്യത്യമായി വ്യായാമം ചെയ്താൽ പൊണ്ണത്തടി, പ്രമേഹം, സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ അകറ്റാനാകും. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും വ്യായാമം വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.  

രണ്ട്...

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ, പഴങ്ങൾ, പയർ വർ​ഗങ്ങൾ പോലുള്ളവ ധാരാളം കഴിക്കുക. വെളിച്ചെണ്ണ, നെയ്യിൽ പാകം ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. ഹൃദ്രോ​ഗമുള്ളവർ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത് . സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരിൽ സെലിയാക് എന്ന രോ​ഗം പിടിപെടാമെന്നും പഠനങ്ങൾ പറയുന്നു.

മൂന്ന്...

 ഹൃദ്രോ​ഗമുള്ളവർ പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റുക. പുകവലിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടക്കുകയും പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യും. പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും പഠനങ്ങൾ പറയുന്നു.

നാല്...

ഓഫീസ് ജോലി മിക്കവരിലും മാനസിക സമ്മർദ്ദം ഉണ്ടാക്കാറുണ്ട്. എന്നാൽ അത് കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയാകും. മാസസിക സമ്മർദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും.