Asianet News MalayalamAsianet News Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ ചെയ്യേണ്ടത് ഇതാണ്

കുടവയര്‍ വയ്ക്കാന്‍ ചുരുങ്ങിയ സമയം മതിയെങ്കിലും കുറയ്ക്കൽ അത്ര എളുപ്പമല്ല. അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ഉയർന്ന അളവിൽ പഞ്ചസാര, കൊഴുപ്പ് കൂടിയ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് വയറിലെ കൊഴുപ്പ് കൂടാൻ സാധ്യതയുണ്ട്. 

tips to lose belly fat
Author
Trivandrum, First Published Aug 12, 2020, 3:33 PM IST

കുടവയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്.ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ കുടവയര്‍ കാരണമായേക്കാം. കുടവയറിന് കാരണമാവുന്ന കൊഴുപ്പ് സിരകള്‍ വഴി സഞ്ചരിച്ച് കരളില്‍ എത്തും, ഫാറ്റി ലിവറാകും. ഇത് പിന്നീട് സിറോസിസ് എന്ന മാരകമായ കരള്‍രോഗമായി വരെ മാറാം.

കുടവയര്‍ വയ്ക്കാന്‍ ചുരുങ്ങിയ സമയം മതിയെങ്കിലും കുറയ്ക്കൽ അത്ര എളുപ്പമല്ല. അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ഉയർന്ന അളവിൽ പഞ്ചസാര, കൊഴുപ്പ് നിറഞ്ഞ ഭക്ഷണപാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് വയറിലെ കൊഴുപ്പ് കൂടാൻ സാധ്യതയുണ്ട്.

വ്യായാമത്തിന്റെ അഭാവം, ഉയർന്ന സമ്മർദ്ദ നില, മോശം ഉറക്കം എന്നിവയാണ് വയറിൽ കൊഴുപ്പ് കൂടുന്നതിന് മറ്റൊരു കാരണം. ഈസ്ട്രജൻ കുറയുന്നത് മൂലം സ്ത്രീകൾ പ്രായമാകുമ്പോൾ വയറിലെ കൊഴുപ്പ് വർദ്ധിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ ചെയ്യേണ്ടത്...

ഒന്ന്...

ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃത ഭക്ഷണം കഴിക്കുക. പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കാവുന്നതാണ്. മത്സ്യം, പരിപ്പ് എന്നിവയിൽ കാണപ്പെടുന്ന മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ) ഉൾപ്പെടുത്തുക. 

രണ്ട്...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം  ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു. ദിവസവും 625 മി.ഗ്രാം ഗ്രീന്‍ ടീ ശരീരത്തിലെത്തുന്നത് വയറിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ 'ക്യാറ്റക്കിന്‍സ്' ആണ് കൊഴുപ്പടിയുന്നത് തടയുന്നത്.

മൂന്ന്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കത്തിലൂടെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്ന‌ത്. ഉറക്കം കുറഞ്ഞാല്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. ദിവസവും ആറ് മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ വിസറല്‍ ഫാറ്റ് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

നാല്...

 ഭക്ഷണത്തിന് ചിട്ടയും ക്രമവുമില്ലെങ്കില്‍ വിശപ്പ് തോന്നിക്കുന്ന ഹോര്‍മോണുകള്‍ എപ്പോഴും ശരീരത്തി‌ൽ ഉത്പാദിപ്പിക്കപ്പെടും. ഇതിന്റെ ഫലമായി ഭക്ഷണത്തോടുള്ള താല്‍പര്യം നിയന്ത്രിക്കാന്‍ കഴിയാതെ വരും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഭക്ഷണം ക്രമപ്പെടുത്തണം.

അഞ്ച്...

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യത്യമായി വ്യായാമം ചെയ്യുന്നത് മാത്രമല്ല സമ്മർദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അഡ്രീനൽ ഗ്രന്ഥികൾ പുറത്തുവിടുന്ന 'കോർട്ടിസോൾ' എന്ന സ്ട്രെസ് ഹോർമോൺ വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. 

ആറ്...

 വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ചോറിന്റെ അളവ് കുറയ്ക്കണം. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ, കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കുക.

ഏഴ്...

വയറ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ശീതളപാനീയങ്ങള്‍ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറല്‍ ഫാറ്റ് അടിഞ്ഞുകൂടാനും കാരണമാവുന്നു. ശീതളപാനീയങ്ങളിലെ 'ഫ്രക്ടോസ്' കോണ്‍സിറപ്പാണ് ‌ഫാറ്റ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നത്. 

ഈ ഒൻപത് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം...

Follow Us:
Download App:
  • android
  • ios