Asianet News MalayalamAsianet News Malayalam

ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങള്‍...

അമിത രക്തസമ്മര്‍ദ്ദം ഉള്ള ആളുകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയും  പക്ഷാഘാതം അല്ലെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. അമിതമായ മദ്യപാനം, പുകവലി, അമിതമായ ഉപ്പിന്റെ ഉപയോഗം, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസികപിരിമുറുക്കം എന്നിവയെല്ലാം നമ്മുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

Tips To Manage Hypertension on this World Hypertension Day
Author
Thiruvananthapuram, First Published May 17, 2021, 9:04 AM IST

ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം. ഇന്ത്യയിലെ യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷണങ്ങളും ഇല്ലാതെ ഒരാളോടൊപ്പം ഉണ്ടാവുകയും  അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതുമായ രോഗമാണ് അമിത രക്തസമ്മര്‍ദ്ദം. അതുകൊണ്ടാണ് അമിത രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ നിശബ്ദനായ കൊലയാളി എന്നു അറിയപ്പെടുന്നത്. 

അമിത രക്തസമ്മര്‍ദ്ദം ഉള്ള ആളുകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയും  പക്ഷാഘാതം അല്ലെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. അമിതമായ മദ്യപാനം, പുകവലി, അമിതമായ ഉപ്പിന്റെ ഉപയോഗം, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസികപിരിമുറുക്കം എന്നിവയെല്ലാം നമ്മുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/80 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നു. രോഗം കണ്ടെത്താന്‍ ഇടയ്ക്കിടെ തങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കാന്‍ ശ്രദ്ധിക്കുക.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നന്നായി കുറയ്ക്കണം. ഉപ്പ് അമിതമായാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

രണ്ട്...

മദ്യപാനം മിതപ്പെടുത്തണം. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക. 

മൂന്ന്...

പുകവലി പാടേ ഉപേക്ഷിക്കണം. പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. 

നാല്...

കൃത്യമായി വ്യായാമം ചെയ്യണം. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

അഞ്ച്...

അമിതഭാരം ഉള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ആറ്...

'സ്‌ട്രെസ്' ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു കാരണം. അതിനാല്‍ യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ കുറയ്ക്കാന്‍ ശ്രമിക്കുക

ഏഴ്...

ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കുക. 

Also Read: ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios