വേനൽക്കാലമായാൽ ചൂട് സഹിക്കാൻ പറ്റില്ല. ഫാൻ ഇട്ടാൽ പോലും മുറിയിലിരിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. അസഹനീയമായ ചൂട് സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് എയർ കൂളറും എസിയും ഒക്കെ വാങ്ങുന്നത്. എയർ കൂളറും എസിയുമൊക്കെ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

എയർ കൂളർ അന്തരീക്ഷത്തിലെ വായുവിനെ തണുപ്പിക്കുന്നു. എസി വായുവിനെ തണുപ്പിക്കുക മാത്രമല്ല വായുവിൽ നിന്നുള്ള ഈർപ്പത്തെ പുറത്തെടുക്കുകയും ചെയ്യും. വായുവിന്റെ താപനിലയും ഈർപ്പവും നമുക്ക് വേണ്ടുന്ന നിലയിലേക്ക് മാറ്റുന്ന പ്രക്രിയയാണ് എയർ കണ്ടീഷനിങ്.

കൂളർ പ്രവർത്തിക്കാനാണെങ്കിൽ ആവശ്യമായ വൈദ്യുതിയുടെ നാലഞ്ചു മടങ്ങ് അധികം വേണം എസിയ്ക്ക്.  കൂളർ നമുക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ, മുറിക്ക് അകത്തോ പുറത്തോ വയ്ക്കാം എന്ന ഗുണമുണ്ട്.

 

 

കൂളർ എപ്പോഴും പരിസ്ഥിതിയോട് കുറച്ചു കൂടി ഇണങ്ങുന്ന രീതിയിലുളളതാണ്. കൂളർ ഇടയ്ക്കിടെ തുറന്നു വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അതിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

എയർ കണ്ടീഷണറിനെ അപേക്ഷിച്ച് എയർ കൂളർ സാമ്പത്തികമായി മെച്ചപ്പെട്ടതാണെങ്കിലും, ചില പോരായ്മകളുണ്ട്. എയർ കൂളർ മുറിയുടെ ജലാംശം (Humidity) വർദ്ധിപ്പിക്കുന്നു. ചിലർക്കത് കണ്ണിനും തൊലിയ്ക്കും ശ്വാസകോശത്തിനും ദോഷകരമാവുന്നു. എയർ കൂളർ പുറത്തുള്ള പൊടിപടലങ്ങൾ അകത്തെത്തിക്കുന്നു.

ഉപയോഗിക്കുന്ന വെള്ളം ഇടയ്ക്കിടയ്ക്ക് മാറ്റിയില്ലെങ്കിൽ അതിൽ ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ വളർന്ന് ദോഷമുണ്ടാവാം. എയർ കൂളർ, എസിയെ പോലെ അണുക്കളെ - ബാക്ടീരിയ, വൈറസ് - അരിച്ച് മാറ്റുന്നില്ല. എയർ കൂളറിൻ്റെ ബാഷ്പീകരണ തണുപ്പ് ചില കുട്ടികളിൽ ജലദോഷമുണ്ടാക്കാമെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. ലിയോ ലൂക്ക പറഞ്ഞു.

ഡോ. ലിയോ ലൂക്ക,
ഹോമിയോപ്പതി ഫിസിഷ്യൻ,
സാന്ദ്ര ഹോമിയോ ക്ലിനിക്ക്,  
പൂജപ്പുര.