സെപ്റ്റംബർ 22 ലോക റോസാപ്പൂക്കളുടെ  ദിനമായാണ് (World Rose Day ) ആചരിക്കുന്നു. എന്താണ്  'റോസ് ഡേ' എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസാപ്പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ചായിരിക്കും പലരും ചിന്തിക്കുക.  എന്നാല്‍ ക്യാൻസറിനോട് പടവെട്ടുന്ന ലക്ഷക്കണക്കിന് പേർക്ക് ആശയും പ്രതീക്ഷയും പകർന്നു നൽകുന്ന ദിനമാണ് സെപ്റ്റംബർ 22.

ക്യാൻസർ രോഗികളിൽ പ്രത്യാശ പകർന്നു നൽകാൻ വേണ്ടി ലോകം മാറ്റിവച്ചിരിക്കുകയാണ് ഈ ദിവസം. ക്യാന്‍സര്‍ പോരാട്ടാത്തില്‍ തളർന്നുപോയ  രോഗിക്ക് റോസാപ്പൂവ് നൽകി, നിനക്കൊപ്പം ഞാനുമുണ്ട് എന്ന് ഉറപ്പുനൽകാനുള്ള ദിവസമാണിത്. 

ഈ ദിവസം എല്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതീക്ഷയുടെയും സൂചകമായി റോസാപ്പൂവ് നല്‍കും. ക്യാന്‍സര്‍ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത് എന്നും ആളുകളില്‍ എത്തിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

 

കാനഡയില്‍ രക്താര്‍ബുദബാധിതയായ 12 വയസ്സുകാരി മെലിന്‍ഡ റോസിന്‍റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.  പന്ത്രണ്ടാം വയസില്‍ റോസിന് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രക്താര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ആറുമാസത്തിനപ്പുറം റോസ് ഇനി ജീവിച്ചിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജീവിതത്തോടുള്ള പ്രണയം റോസിനെ പിന്നെയും മാസങ്ങളോളും ജീവിപ്പിച്ചു. ഇതിനിടെ അവള്‍ തന്നെപ്പോലെ രോഗബാധിതയായവർക്കായി കത്തുകളെഴുതി. കവിതകളെഴുതി അയച്ചു.

പലര്‍ക്കും  ജീവിക്കാനുള്ള പ്രത്യാശ അവള്‍ പകർന്നുനൽകി. മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരെയും ചിരിച്ച മുഖവുമായി ഇരുന്ന റോസ് ഡോക്ടര്‍മാര്‍ക്കെല്ലാം അത്ഭുതമായിരുന്നു. മരണശേഷം അവളെ ജീവിതത്തിന്റെ അടയാളമായി രേഖപ്പെടുത്താന്‍ അവളുടെ പ്രിയപ്പെട്ടവര്‍ ആഗ്രഹിച്ചു. അങ്ങനെ റോസിന്റെ ഓര്‍മ്മയ്ക്കായാണ്, സെപ്റ്റംബർ 22, റോസാപ്പൂക്കളുടെ ദിനമായി ആചരിക്കുന്നത്.

 

Also Read: 'ഞാന്‍ ജയിച്ചേ...'; ക്യാന്‍സറിനെ കീഴടക്കിയ നാലുവയസുകാരി പറയുന്നു...