Asianet News MalayalamAsianet News Malayalam

Nail Discoloration : കാല്‍നഖങ്ങള്‍ പൊട്ടുന്നതും നിറം മാറുന്നതും എന്തുകൊണ്ട്?

പലരും നഖങ്ങള്‍ പൊട്ടിപ്പോകുന്നതിനെ കുറിച്ചും നഖങ്ങളില്‍ നിറവ്യത്യാസം വരുന്നതിനെ കുറിച്ചുമെല്ലാം പരാതിപ്പെടാറുണ്ട്. ഇതിന് പിന്നില്‍ ഭക്ഷണം അടക്കം പല കാരണങ്ങളും വരാറുണ്ട്. 

toenail discoloration can be a fungal infection
Author
Trivandrum, First Published Jun 25, 2022, 2:29 PM IST

മനോഹരമായതും വൃത്തിയുള്ളതുമായ നഖങ്ങള്‍  ആഗ്രഹിക്കാത്തവര്‍ കാണില്ല. നഖങ്ങളുടെ വൃത്തിയും അഴകും നോക്കി വ്യക്തികളുടെ ശുചിത്വവും വ്യക്തിത്വവും വരെ അളക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ നഖങ്ങള്‍ ഭംഗിയായി ഇരുന്നില്ലെങ്കില്‍ അത് ആത്മവിശ്വാസം കുറയ്ക്കാനും ഇടയാക്കും. 

പലരും നഖങ്ങള്‍ പൊട്ടിപ്പോകുന്നതിനെ ( Brittle Nail ) കുറിച്ചും നഖങ്ങളില്‍ നിറവ്യത്യാസം  വരുന്നതിനെ കുറിച്ചുമെല്ലാം പരാതിപ്പെടാറുണ്ട്. ഇതിന് പിന്നില്‍ ഭക്ഷണം അടക്കം പല കാരണങ്ങളും വരാറുണ്ട്. എന്നാല്‍ ഫംഗല്‍ അണുബാധയാണ് പ്രധാനമായും ഇത്തരത്തില്‍ നഖങ്ങള്‍ പൊട്ടിപ്പോകുന്നതിനും ( Brittle Nail )  നിറം മാറുന്നതിനും ( Nail Discoloration ) കാരണമാകുന്നത്. 

കൈവിരല്‍ നഖങ്ങളെക്കാള്‍ കാല്‍വിരല്‍ നഖങ്ങളെ ബാധിക്കുന്ന ഫംഗല്‍ അണുബാധകളുണ്ട്. 'ഒണിക്കോമൈക്കോസിസ്' അത്തരത്തിലൊരു ഫംഗല്‍ അണുബാധയാണ്. 'ഡെര്‍മറ്റോഫൈറ്റ്സ്' എന്ന ഫംഗസാണ് ഇതിന് കാരണമാകുന്നത്. 

നമ്മുടെ ശരീരത്തിലെ 'കെരാറ്റിന്‍' ഭക്ഷിച്ചുകൊണ്ടാണ് ഇവ അതിജീവനം നടത്തുന്നത്. വെളുത്ത നിറത്തിലിരിക്കേണ്ട നഖം മഞ്ഞ്,ഇളം ബ്രൗണ്‍ നിറം തുടങ്ങി കറുപ്പ് നഖം വരെയെത്തിക്കുന്നതും ( Nail Discoloration ), നഖത്തിന് കനം കൂട്ടുന്നതും, നഖം പൊട്ടിപ്പോകുന്നതുമെല്ലാം ഇത് മൂലമാകാം. 

അധികവും പ്രായമായവര്‍, പ്രമേഹമുള്ളവര്‍, പ്രതിരോധ ശേഷി കുറവുള്ളവര്‍, ഹൃദ്രോഗികള്‍ എന്നിവരിലാണ് ഈ ഫംഗല്‍ അണുബാധ കാണുന്നത്. അതുപോലെ തന്നെ വിയര്‍പ്പിറങ്ങിയും, കാലില്‍ പതിവായി അഴുക്കും ചെളിയും ഇറങ്ങിയും, വിരലുകളില്‍ പരുക്ക് പറ്റിയും എല്ലാം ഈ ഫംഗല്‍ ബാധ ഉണ്ടാകാം. ഇതൊഴിവാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങള്‍ കൂടി പങ്കുവയ്ക്കാം. 

ഒന്ന്...

കാല്‍നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നഖം വെട്ടി വൃത്തിയാക്കി വയ്ക്കുകയും വേണം. 

രണ്ട്...

കാല്‍നഖങ്ങളുടെ അടുത്ത് പരുക്കുകളോ മുറിവുകളോ സംഭവിച്ചാല്‍ അത് നിസാരമാക്കി കളയാതെ സൂക്ഷിക്കുക. മരുന്നുകള്‍ പുരട്ടുകയോ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുകയോ ചെയ്യാം. 

മൂന്ന്...

കൈകാലുകള്‍ പുറത്തുപോയി വന്നാല്‍ കഴുകി വൃത്തിയാക്കുക. ശേഷം ഉണങ്ങിയ തുണി കൊണ്ട് വൃത്തിയായി തുടക്കുകയും വേണം. 

നാല്...

സ്ത്രീകളാണെങ്കില്‍ ഗുണമേന്മ കുറഞ്ഞ നെയില്‍ പോളിഷുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തിലുള്ള നെയില്‍ പോളിഷുകള്‍ നഖത്തെ ദോഷകരമായി ബാധിക്കുന്ന കെമിക്കലുകള്‍ അടങ്ങിയതാണ്. 

അഞ്ച്...

കാലിന് യോജിക്കുന്ന, കാറ്റ് കയറുന്ന രീതിയിലുള്ള ചെരുപ്പുകളോ ഷൂകളോ ധരിക്കുക. അല്ലാത്തപക്ഷം അത് നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. 

ആറ്...

ഫംഗല്‍ അണുബാധകള്‍ക്കുള്ള ക്രീമുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇത്തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കാം. 

Also Read:- നഖങ്ങള്‍ ഇങ്ങനെയാകുന്നോ? കാരണം അറിയാം...

Follow Us:
Download App:
  • android
  • ios