തണുപ്പ് കാലത്ത് കുട്ടികളെ പ്രധാനമായി അലട്ടുന്ന പ്രശ്നമാണ് ടോണ്‍സിലൈറ്റിസ്. വായുടെ പിന്നിലായി തൊണ്ടയുടെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന മള്‍ബറിയുടെ ആകൃതിയിലുള്ള ദശകളെയാണ് ടോന്‍സില്‍സ് എന്നു വിളിക്കുന്നത്. ഇവ, ശരീരത്തിന്റെ പ്രതിരോധശൃംഖലയുടെ ഭാഗമായ ലിംഫോയിഡ് കോശമാണ്. 

വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം ശ്വാസനാളം, അന്നനാളം, എന്നിവിടങ്ങളിലേക്ക് എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുക ടോണ്‍സിലുകളാണ്. ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും രോ​ഗം ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്.

ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളെയാണ് പ്രധാനമായി ബാധിക്കുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകുന്നു. ഏറെക്കാലമായി നില്‍ക്കുന്ന അണുബാധ കാരണമോ പെട്ടെന്നോ ടോണ്‍സിലൈറ്റിസ് ഉണ്ടാകാം. 

വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും. തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്‍ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം. 

തൊണ്ട വേദന, പനി, തൊണ്ട ചൊറിച്ചില്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്.