ബീജിയിങ്: ജലദോഷം മൂലമുണ്ടാകുന്ന മൂക്കൊലിപ്പും തൊണ്ടവേദനയുമൊക്കെ ആളുകളെ വളരെയധികം അസ്വസ്ഥരാക്കുന്ന രോ​ഗങ്ങളാണ്. മൂക്കിലും തൊണ്ടയിലുമുള്ള നിരന്തരമായ പ്രശ്നം നിമിഷങ്ങൾക്കുള്ളിൽ ആരെയും പ്രകോപിതരാക്കും. എന്നാൽ, 20 വർഷം അടഞ്ഞ മൂക്കുമായി കഴിയേണ്ട വന്നയാളെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കൂ.

അടഞ്ഞ മൂക്കുമായി ആശുപത്രിയിലെത്തിയതാണ് മൂപ്പതുകാരനായ ചൈനാക്കാരനായ ഷാങ് ബിൻഷെംഗ്. കഴിഞ്ഞ മൂന്ന് മാസമായി ശ്വസിക്കാൻ പോലും തടസ്സമുണ്ടാക്കുന്ന തരത്തിലാണ് മൂക്ക് അടഞ്ഞിരിക്കുന്നതെന്ന് ഷാങ് ഡോക്ടറോട് പറഞ്ഞു. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല, മൂക്കിനുള്ളിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നുണ്ടെന്നും ഷാങ് ഡോക്ടറോട് പറഞ്ഞു.

ചികിത്സയുടെ ഭാ​ഗമായി ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം ഷാങ് മൂക്കിന്റെ എക്സറേ എടുത്തു. എക്സറേ റിപ്പോർട്ടിൽ ഷാങ്ങിന്റെ മൂക്കിനുള്ളിലായി ഒരു നിഴൽ മറഞ്ഞിരിക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഷാങ്ങിന്റെ മൂക്കിനുള്ളിൽ ഒരു പല്ല് വളർന്ന് വരുന്നതായി ഡോക്ടർമാർ കണ്ടെത്തി.

എന്നാൽ, ഡോ‍ക്ടർമാരെയടക്കം ഞെട്ടിച്ചത് മറ്റൊരു സംഭവമായിരുന്നു. ഷാങ്ങിന് പത്ത് വയസ്സുള്ളപ്പോൾ കാണാതായ പല്ലാണ് ഇപ്പോൾ മൂക്കിൽ മുളച്ചതായി കണ്ടെത്തിയിരിക്കുന്നത്. അന്ന് വായക്കകത്ത് കുടുങ്ങിയ പല്ല് പിന്നീട് മൂക്കിനുള്ളിൽ കയറിയതായിരിക്കാമെന്ന് ഡോക്ടർമാർ പറ‍ഞ്ഞു. ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഫോർത്ത് അഫിലിയേറ്റഡ് ഹോസ്പിറ്റലാണ് അപൂർവമായ രോഗാവസ്ഥ റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഒരു സെന്റീമീറ്റർ നീളമുള്ള പല്ല് ശസ്ത്രക്രിയയിലൂടെ ഡോകർമാർ പുറത്തെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച 30 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മൂക്കിൽ നിന്ന് പല്ല് പുറത്തെടുത്തത്.