വൈറല്‍- ബാക്ടീരിയല്‍ അണുബാധകള്‍ വ്യാപകമാകുന്ന സമയങ്ങളില്‍ പുകവലി- മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ കനത്ത തിരിച്ചടി നല്‍കാം. ഇവ ശ്വാസകോശത്തെയോ ഹൃദയത്തെയോ കരളിനെയോ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് രോഗപ്രതിരോധശേഷിയെയും ബാധിക്കുന്നുണ്ട്

കൊവിഡ് 19 രോഗത്തിന്റെ വരവോടുകൂടി ( Covid 19 Resistance ) അസുഖങ്ങളെ പ്രതിരോധിക്കാന്‍ ശുചിയായി ജീവിക്കേണ്ടത് എത്തരത്തിലെല്ലാമാണെന്ന് മിക്കവരും പഠിച്ചുകഴിഞ്ഞു. ഏറ്റവും കുറഞ്ഞത് ഇക്കാര്യങ്ങളെ കുറിച്ചുള്ള അവബോധമെങ്കിലും കൂടുതല്‍ പേരിലേക്ക് എത്തിയെന്നതാണ് സത്യം. കൈകള്‍ ശുചിയായി സൂക്ഷിക്കാനും ( Hand Hygiene ), സാനിറ്റൈസ് ചെയ്യാനും, മാസ്‌ക് ധരിക്കാനുമെല്ലാം നാം കാര്യകാരണസഹിതം പരിശീലിച്ചുകഴിഞ്ഞു. 

കൊവിഡ് മാത്രമല്ല വൈറസ് സൃഷ്ടിക്കുന്ന മറ്റ് അണുബാധകള്‍, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെല്ലാം തടയുന്നതിന് ആ വ്യക്തിശുചിത്വവും ജാഗ്രതയും ആവശ്യമാണ്. ഇത്തരത്തില്‍ എപ്പോഴും കരുതലെടുക്കേണ്ട ഒരു കാര്യമാണ് മുഖത്ത് കൈകള്‍ കൊണ്ട് സ്പര്‍ശിക്കുന്നത്. 

പ്രത്യേകിച്ച് വീടിന് പുറത്തായിരിക്കുമ്പോഴോ, ആളുകള്‍ കൂടുതലുള്ള ഇടങ്ങളിലായിരിക്കുമ്പോഴോ എല്ലാമാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. വൈറസ്- ബാക്ടീരിയ മൂലമുണ്ടാകുന്ന വിവിധ അണുബാധകള്‍ സവിശേഷിച്ച് സീസണല്‍ ജലദോഷം എല്ലാം ചെറുക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ കൂടി ഇക്കൂട്ടത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഒന്ന്...

സീസണല്‍ ആയി വരുന്ന അണുബാധകളെ ചെറുക്കാന്‍ രോഗപ്രതിരോധശക്തി ബലപ്പെടുത്താം. ഇതിനായി 'ഇമ്മ്യൂണിറ്റി ബൂസ്റ്റേഴ്‌സ്' കഴിക്കാം. ഇത് ഒന്നുകില്‍ മരുന്ന് തന്നെയാകാം. അല്ലെങ്കില്‍ ഭക്ഷണങ്ങളില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുത്തതാകാം. 

രണ്ട്...

നേരത്തെ സൂചിപ്പിച്ചത് പോലെ മുഖത്ത് കൈവിരലുകള്‍ കൊണ്ട് സ്പര്‍ശിക്കുന്നത് നല്ലതുപോലെ കുറയ്ക്കുകയ മിക്ക വൈറല്‍- ബാക്ടീരിയല്‍ അണുബാധകളുമുണ്ടാകുന്നത് വായിലോ മൂക്കിലോ കണ്ണിലോ മറ്റ് മുറിവുകളുണ്ടെങ്കില്‍ അതിലോ എല്ലാം രോഗാണുക്കള്‍ എത്തുന്നതിലൂടെയാണ്. നമ്മള്‍ പലയിടത്തും സ്പര്‍ശിച്ച വിരലുകളില്‍ തീര്‍ച്ചയായും രോഗാണുക്കളുണ്ടായിരിക്കും. ഇത് മുഖത്ത് സ്പര്‍ശിക്കുന്നതിലൂടെ രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുന്നു. 

മൂന്ന്...

വൈറല്‍- ബാക്ടീരിയല്‍ അണുബാധകള്‍ വ്യാപകമാകുന്ന സമയങ്ങളില്‍ പുകവലി- മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ കനത്ത തിരിച്ചടി നല്‍കാം. ഇവ ശ്വാസകോശത്തെയോ ഹൃദയത്തെയോ കരളിനെയോ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് രോഗപ്രതിരോധശേഷിയെയും ബാധിക്കുന്നുണ്ട്. ഇതുമൂലം രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകളേറുന്നു. 

നാല്...

നമ്മള്‍ സ്വയം വൃത്തിയാകുന്നതിനൊപ്പം തന്നെ നമ്മുടെ ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായി ചുറ്റുപാടുകള്‍ സാനിറ്റൈസ്' ശുദ്ധീകരിക്കുക. പ്രത്യേകിച്ച് ഫോണ്‍, ലാപ്‌ടോപ് പോലെ എപ്പോളും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. 

അഞ്ച്...

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലും പെട്ടെന്ന് രോഗങ്ങള്‍ നമ്മെ കടന്നുപിടിക്കാം. പ്രത്യേകിച്ച് ഏതെങ്കിലും വിധത്തിലുള്ള രോഗം വ്യാപകമായിരിക്കുന്ന സമയത്ത്. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുവാനും പ്രതിരോധശക്തി വര്‍ധിക്കുവാനുമെല്ലാം നല്ല ഉറക്കം നിര്‍ബന്ധമാണ്. 

ആറ്...

വെള്ളം കുടിക്കുന്ന കാര്യത്തിലും നല്ലരീതിയിലുള്ള ശ്രദ്ധ ചെലുത്തുക. ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനില്‍ക്കും വിധത്തില്‍ വെള്ളം കുടിക്കുക. 

ഏഴ്...

ബാക്ടീരിയല്‍- വൈറല്‍ അണുബാധകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ എയര്‍കണ്ടീഷണര്‍ കഴിയുന്നതും ഒഴിവാക്കുക. എസി അന്തരീക്ഷം ഇത്തരത്തിലുള്ള അണുബാധകള്‍ പെട്ടെന്ന് പിടിപെടുന്നതിനും പകരുന്നതിനും കാരണമാകും. 

Also Read:- കൊവിഡ് കാര്യമായി ബാധിക്കപ്പെട്ടവര്‍ ശ്രദ്ധിക്കൂ; തുടര്‍ന്നുള്ള മാസങ്ങളില്‍ നിരീക്ഷണം വേണം