സ്വകാര്യ ആശുപത്രിയിൽ പത്തര ലക്ഷം രൂപ ചെലവ് പറഞ്ഞുവെന്ന് മാത്രമല്ല, ശസ്ത്രക്രിയ നടത്തിയാലും അത് വിജയമാകുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞുവത്രേ. തലസ്ഥാനത്തെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെത്തിയത്.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവുകളെ കുറിച്ച് പലപ്പോഴും ചര്‍ച്ചകളുയരാറുണ്ട്. ഒരു പരിധിക്ക് മുകളില്‍ സാമ്പത്തികനിലയുള്ളവര്‍ക്ക് മാത്രമേ ഇവിടങ്ങളിലേക്ക് കാര്യമായ ചികിത്സയ്ക്ക് ഇറങ്ങിത്തിരിക്കാൻ സാധിക്കൂ. എന്നാല്‍ കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് അഭിമാനിക്കാവുന്നൊരു കാല്‍വയ്പിലേക്കാണ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കടന്നിരിക്കുന്നത്. 

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്‍റെ വെട്ടേറ്റ് കൈപ്പത്തി അറ്റ യുവതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങളിലൂടെ നിങ്ങള്‍ അറിഞ്ഞിരിക്കും. നിര്‍ണായകമായ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി ചെയ്ത് ഈ യുവതിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നിരിക്കുകയാണ് തിരുവനന്തപുരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ സംഘം.

സ്വകാര്യ ആശുപത്രിയില്‍ പത്തര ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുമെന്ന് അറിയിച്ചത്. ഇതോടെയാണ് ഇവരെ ബന്ധുക്കള്‍ തിരുവനന്തപുരം മെഡി.കോളേജിലെത്തിച്ചത്. ഇതിനിടെ ആരോഗ്യമന്ത്രി വീണാ ജോ‍ര്‍ജിന്‍റെ ഓഫീസില്‍ നിന്നും സമയോചിതമായ ഇടപെടലുമുണ്ടായി. ബിപിഎൽ കാര്‍ഡുള്ള കുടുംബമായതിനാല്‍ സൗജന്യചികിത്സയ്ക്ക് ഇവര്‍ അര്‍ഹരായിരുന്നു. 

ഇതോടെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയായിരുന്നു. അസ്ഥിരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. എട്ട് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. ശനിയാഴ്ച രാത്രി 12 ന് തുടങ്ങിയ ശസ്ത്രക്രിയ ഞായര്‍ രാവിലെ ഒമ്പതോടെയാണ് അവസാനിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരിപ്പോള്‍ തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. 

ശനിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിലെ കലഞ്ഞൂര്‍ സ്വദേശിയായ വിദ്യയെ ഭര്‍ത്താവ് സന്തോഷ് വീട്ടിലെത്തി ആക്രമിച്ചത്. ഏറെ നാളായി പരസ്പരം മാറിക്കഴിഞ്ഞിരുന്ന ദമ്പതികള്‍ വിവാഹമോചനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാൻ സന്തോഷ് വിദ്യയുടെ വീട്ടിലെത്തിയെങ്കിലും കുട്ടിയുടെ കാര്യം പറഞ്ഞ് വഴക്കിട്ട് തിരിച്ചുപോയി. ഇതിന് ശേഷം വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് വീടിന്‍റെ പിൻവാതിലിലൂടെ കയറി വടിവാളുമായി വെട്ടിയത്. കഴുത്തിനാണ് വെട്ടിയതെങ്കിലും തടയാൻ ശ്രമിക്കവെ ഇടത് കയ്യില്‍ കൊള്ളുകയായിരുന്നു. 

വിദ്യയുടെ വലത് കയ്യിലും സാരമായ പരുക്കുണ്ട്. മകളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ വിദ്യയുടെ അച്ഛൻ വിജയനും വെട്ടേറ്റു. ഇദ്ദേഹത്തിന് മുതുകിലാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ സന്തോഷ് അറസ്റ്റിലാണ്.

സ്വകാര്യ ആശുപത്രിയിൽ പത്തര ലക്ഷം രൂ ചെലവ് പറഞ്ഞുവെന്ന് മാത്രമല്ല, ശസ്ത്രക്രിയ നടത്തിയാലും അത് വിജയമാകുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞുവത്രേ. തലസ്ഥാനത്തെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെത്തിയത്. എന്തായാലും മെഡിക്കല്‍ കോളേജിൽ ഇത്തരത്തില്‍ നിര്‍ണായകമായൊരു ശസ്ത്രക്രിയ നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിന് അഭിമാനമാവുകയാണ് ഈ നേട്ടം. സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ചുവടുവയ്പ്. 

അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സർജറിയിലെയും അനസ്തേഷ്യയിലെയും ഡോക്ടർമാർ വിശ്രമമില്ലാതെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേർത്ത് വിദ്യയുടെ കൈപ്പത്തി പൂർവസ്ഥിതിയിലെത്തിക്കുകയായിരുന്നു. 


(ഡോ. ബിനോയ്)

ഡോ. ബിനോയ്ക്ക് പുറമെ അസ്ഥിരോഗ വിഭാഗത്തിലെ തന്നെ ഡോ. രോഹിത്, ഡോ. ജെയ്സൺ, പ്ലാസ്റ്റിക് സർജറി അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോദ്, ഡോ. ലിഷ, ഡോ. വൃന്ദ, ഡോ. ചാൾസ് , അനസ്തേഷ്യ വിഭാഗത്തിൽ നിന്ന് ഡോ. സുരയ്യ, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്. ഇവ‍ര്‍ക്കൊപ്പം എല്ലാ സഹായത്തിനും നഴ്സ് രമ്യയും കൂടി. ഏവരും തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായ സേവനം തന്നെയാണ് കാഴ്ചവച്ചത്. 

Also Read:- വളഞ്ഞു പോയ നട്ടെല്ല് നിവര്‍ത്തി; അപൂര്‍വ ശസ്ത്രക്രിയാ നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്