ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലര്‍ക്കും അറിയാം. ഡയറ്റ് ചെയ്തിട്ടും വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. ദിവസവും ഒരു ഗ്ലാസ് 'മഞ്ഞൾ ചായ' അഥവാ 'ടർമറിക് ടീ' കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ ഏറെ ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്‌. കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയും. അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. 

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' സംയുക്തം അമിതവണ്ണത്തെയും അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയും നേരിടാൻ സഹായിക്കുമെന്ന് 'ടഫ്‌ട്‌സ് യൂണിവേഴ്‌സിറ്റി' പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മഞ്ഞള്‍ ചായ കുടിക്കുന്നത് ദിവസത്തെ മുഴുവന്‍ ദഹനത്തെ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ മഞ്ഞള്‍ നീക്കം ചെയ്ത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. 

എങ്ങനെയാണ് 'മഞ്ഞള്‍ ചായ' തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

ഇഞ്ചി               1 ചെറിയ കഷ്ണം
മഞ്ഞൾ           1 ചെറിയ കഷ്ണം
കുരുമുളക്       കാല്‍ ടീസ്പൂണ്‍
തുളസിയില     2 ഇല 
വെള്ളം             1.5 കപ്പ്

തയ്യാറാക്കുന്ന വിധം...

ഒരു പാനിൽ 1.5 കപ്പ് വെള്ളം ഒഴിച്ച് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് ചേർത്ത് വെള്ളം തിളപ്പിക്കാം. അതിലേക്ക് മഞ്ഞൾ,കുരുമുളക്, തുളസി ഇവ ചതച്ചത് ഇട്ട് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്തു പാൻ കുറച്ച് നേരം മൂടി വയ്ക്കുക. ഇവ അരിച്ചെടുത്ത ശേഷം കുടിക്കുക. 

പഴങ്ങളും പച്ചക്കറികളും അങ്ങനെ കഴിക്കുന്നതോ ജ്യൂസാക്കുന്നതോ മികച്ച രീതി?