ഒരു നിമിഷത്തിന്റെ അശ്രദ്ധ, അല്ലെങ്കില്‍ അബദ്ധം- അത്രയുമാണ് ദില്ലി സ്വദേശിയായ ധനിഷ്ത എന്ന ഒന്നര വയസുകാരിയുടെ ജീവന്‍ കവര്‍ന്നെടുത്തത്. വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ ധനിഷ്തയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ജനുവരി എട്ടിന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ധനിഷ്തയ്ക്ക് മസ്തിഷ്‌കമരണം സംഭവിച്ചതായി പതിനൊന്നോടെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ദില്ലി ശ്രീ ഗംഗാരാം ആശുപത്രിയിലായിരുന്നു ധനിഷ്ത ചികിത്സയിലിരുന്നത്. 

മകളെ ഇനി തിരിച്ചുകിട്ടില്ലെന്ന സത്യത്തിനോട് പൊരുത്തപ്പെടാന്‍ ധനിഷ്തയുടെ അച്ഛന്‍ ആഷിഷ് കുമാറിനും അദ്ദേഹത്തിന്റെ ഭാര്യക്കും അല്‍പസമയം വേണ്ടിവന്നു. എന്താണ് ധനിഷ്തയ്ക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വിശദമായിത്തന്നെ അവരോട് പറഞ്ഞു. 

തുടര്‍ന്ന് നിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് അവരിരുവരും എത്തുകയായിരുന്നു. മകളുടെ അവയവങ്ങള്‍ കഴിയുമെങ്കില്‍ ദാനം ചെയ്യാം. ഇക്കാര്യം ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ധനിഷ്തയുടെ ആന്തരീകാവയവങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. 

അങ്ങനെ അഞ്ച് പേര്‍ക്കാണ് ധനിഷ്തയുടെ ജീവന്‍ അവളുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം പകുത്തുനല്‍കിയത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കോര്‍ണിയകള്‍ എന്നിവയാണ് ധനിഷ്തയുടെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയകളിലൂടെ ഡോക്ടര്‍മാര്‍ എടുത്തുമാറ്റിയത്. ഇതില്‍ കോര്‍ണിയ ഒഴികെ ബാക്കിയെല്ലാ അവയവങ്ങളും ഇതിനോടകം തന്നെ സ്വീകര്‍ത്താക്കളിലെത്തിക്കഴിഞ്ഞു. 

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ധനിഷ്തയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മകള്‍ നഷ്ടപ്പെട്ടുവെന്ന് ഉറപ്പായപ്പോള്‍ ഇങ്ങനെയെങ്കിലും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചതാണ് തങ്ങളെന്നും ആര്‍ക്കെങ്കിലും ഇത് മാതൃകയാവുന്നുവെങ്കില്‍ അതില്‍ സംതൃപ്തി തോന്നുമെന്നും ധനിഷ്തയുടെ അച്ഛന്‍ ആഷിഷ് പറയുന്നു.

Also Read:- ഒരു ജീവൻ എട്ടായി പകുത്ത് നൽകിയ അനുജിത്തിന് വേദനയോടെ, സ്നേഹത്തോടെ വിട നൽകി നാട്...