അലിഗഡ്: സ്‌കൂളില്‍ വച്ച് മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് 52 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. 

അലിഗഡിലെ സലഗവാന്‍ എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കുട്ടികള്‍, പതിവ് പോലെ ഹാന്‍ഡ് പമ്പിലൂടെ വരുന്ന വെള്ളമെടുത്ത് കുടിക്കുകയായിരുന്നു. എന്നാല്‍ വെള്ളം കുടിച്ച് വൈകാതെ ക്ഷീണവും തലകറക്കവും വരികയായിരുന്നു. 

അടുത്തുള്ള പ്രാഥമിക ചികിത്സാകേന്ദ്രത്തിലെങ്കിലും വൈകാതെ രണ്ട് കുട്ടികള്‍ മരണമടയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള 52 കുട്ടികളുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം അപകടകരമായ രീതിയില്‍ മലിനമാവുകയും, അത് കുടിച്ചതോടെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്യുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യമറിയിച്ചത്.

എന്നാല്‍ ജീവന്‍ അപകടപ്പെടുത്തും വിധത്തില്‍ കുടിവെള്ളം മലിനമാകണമെങ്കില്‍ അതിന് തക്കതായ കാരണങ്ങള്‍ കാണുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതെത്തുടര്‍ന്ന് വിദഗ്ധരായ ഡോക്ടര്‍മാരടങ്ങുന്ന, ആരോഗ്യ വകുപ്പ് സംഘം ഗ്രാമത്തിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

മലിനജലം ജീവനെടുക്കുമോ?

മലിനജലം കുടിക്കുന്നത് കൊണ്ടുമാത്രം കോടിക്കണക്കിന് മനുഷ്യര്‍ക്കാണ് പ്രതിവര്‍ഷം ജീവന്‍ നഷ്ടമാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അപകടകാരികളായ ബാക്ടീരിയകള്‍, വൈറസുകള്‍, പാരസൈറ്റുകള്‍- എന്നിവയടങ്ങിയ വെള്ളം കുടിക്കുന്നതോടെ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് ശരീരമെത്തുന്നു. വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് സാധാരണയായി കുടിവെള്ളത്തില്‍ നിന്നുള്ള അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍. 

മാരകമായ അണുബാധയാണെങ്കില്‍, പലപ്പോഴും ചികിത്സയ്ക്ക് ഫലം കാണാനാകില്ലെന്നും, ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ, പ്രായം എന്നിവ കൂടി ഇക്കാര്യങ്ങളില്‍ പ്രധാന ഘടകങ്ങളാകുമെന്നും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്ന പ്രദേശത്തുള്ള പൈപ്പുകളിലെ വെള്ളം പോലും അപകടമുണ്ടാക്കുമെന്ന് ഇവര്‍ പറയുന്നു. അലിഗഡില്‍ സംഭവിച്ച ദുരന്തവും ഇത്തരത്തിലായേക്കാനാണ് സാധ്യത. 

കോളറ, ടൈഫോയ്ഡ്, വയറിളക്കം, ഹെപ്പറ്റൈറ്റിസ്, പനി- തുടങ്ങി ഒരുപിടി ഗൗരവമുള്ള അസുഖങ്ങളാണ് വെള്ളത്തില്‍ നിന്നുള്ള അണുബാധയുണ്ടാക്കുക. ചികിത്സിക്കാന്‍ അല്‍പമെങ്കിലും വൈകുന്നതും കൂടുതല്‍ അപകടമുണ്ടാക്കാന്‍ ഇടയാകാറുണ്ട്.