ബീജത്തിന്‍റെ കൗണ്ട്, ബീജത്തിന്‍റെ ചലനശേഷി, ബീജത്തിലെ ഡിഎൻഎയുടെ അവസ്ഥ, ശുക്ലത്തിന്‍റെ ആരോഗ്യപരമായ അവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും വന്ധ്യതയില്‍ കണക്കാക്കേണ്ടിവരുന്നുണ്ട്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനായി ഒരളവ് വരെ സഹായിക്കാൻ ജീവിതരീതികളില്‍ രണ്ടേ രണ്ട് കാര്യങ്ങള്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചാല്‍ മതി. അവയാണിനി വിശദീകരിക്കുന്നത്.

വന്ധ്യത സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ വന്ധ്യത പിടിപെടുമ്പോള്‍ അത് പരിഹരിക്കുന്നതിനും യോജിക്കുന്ന ചികിത്സ തന്നെ വേണ്ടിവരാം. 

എന്നാല്‍ ജീവിതരീതികള്‍ (ലൈഫ്സ്റ്റൈല്‍) മൂലം വന്ധ്യതയിലേക്ക് നയിക്കപ്പെടുന്നവര്‍ ഇന്ന് ഏറെയാണ്. മോശം ഭക്ഷണം അടക്കം മോശം ജീവിതരീതികളെല്ലാം ഇതിലുള്‍പ്പെടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനായാല്‍ വന്ധ്യതയെ ഒരു പരിധി വരെ അകറ്റിനിര്‍ത്താനോ അതിനെ പ്രതിരോധിക്കാനോ സാധിക്കും. 

ബീജത്തിന്‍റെ കൗണ്ട്, ബീജത്തിന്‍റെ ചലനശേഷി, ബീജത്തിലെ ഡിഎൻഎയുടെ അവസ്ഥ, ശുക്ലത്തിന്‍റെ ആരോഗ്യപരമായ അവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും വന്ധ്യതയില്‍ കണക്കാക്കേണ്ടിവരുന്നുണ്ട്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനായി ഒരളവ് വരെ സഹായിക്കാൻ ജീവിതരീതികളില്‍ രണ്ടേ രണ്ട് കാര്യങ്ങള്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചാല്‍ മതി. അവയാണിനി വിശദീകരിക്കുന്നത്.

ഒന്ന്...

വ്യായാമമാണ് മുകളില്‍പ്പറഞ്ഞ രണ്ട് കാര്യങ്ങളിലെ ആദ്യത്തേത്. വ്യായാമം ഒരു പരിധി വരെ വന്ധ്യതാപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുള്ളവരോ അല്ലെങ്കില്‍ വന്ധ്യതാപ്രശ്നങ്ങളുള്ളവരോ തന്നെ ഇക്കാരണത്താല്‍ വ്യായാമത്തിലേക്ക് കടക്കും മുമ്പ് നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടതുണ്ട്.

വ്യായാമമെന്ന് പറയുമ്പോള്‍ കഠിനമായ വര്‍ക്കൗട്ടുകളല്ല ഉദ്ദേശിക്കുന്നത്. ചെറിയ രീതി മുതല്‍ ഇടത്തരം രീതി വരെ വരാവുന്ന വ്യായാമം മതി. വ്യായാമം അമിതമായാലും അത് വന്ധ്യതാപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മനസിലാക്കുക. 

വ്യായാമം മനസുഖം നല്‍കുന്ന കെമിക്കലുകള്‍ തലച്ചോറിനകത്ത് ഉത്പാദിപ്പിക്കപ്പെടാനും, ഇത് മാനസികസമ്മര്‍ദ്ദങ്ങളകറ്റാനും, ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കാനും, ശരീരഭാരം നിയന്ത്രിക്കാനും, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കാനും, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുമെല്ലാം സഹായിക്കുന്നു. ഇവയെല്ലാം തന്നെ വന്ധ്യതാപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്.

രണ്ട്...

രണ്ടാമതായി പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. കൃത്യമായ ഡയറ്റ് പാലിച്ച് മുന്നോട്ട് പോകണമെന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, പ്രോട്ടീൻ എന്നിവയെല്ലാം ബാലൻസ് ചെയ്ത് പോകണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. 

നട്ട്സ്, ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍ എന്നിവയെല്ലാം കഴിക്കുക. എത്ര കലോറി എടുക്കുന്നോ അതിന് അനുസരിച്ചുള്ള കായികാധ്വാനമുണ്ടെന്ന് ഉറപ്പുവരുത്തണം. ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

പ്രോസസ്ഡ് ഫുഡ്സ് (സോഡിയം അധികം അടങ്ങിയത്), ഫൈബര്‍ കുറഞ്ഞ ഭക്ഷണം, അമിതമായ കാര്‍ബ്, മധുരം, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ (ഫ്രൈഡ് ഫുഡ്സ് ഒക്കെ പോലുള്ളത്) ഇവയെല്ലാം കഴിയുന്നതും ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യുക. എപ്പോഴും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം തന്നെയാണ് നല്ലത്. വല്ലപ്പോഴും പുറത്തുനിന്നുള്ളവ കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാല്‍ ഭക്ഷണം എപ്പോഴും പുറത്തുനിന്നാകുന്നത് മോശം ഭക്ഷണരീതിയിലേക്ക് നയിക്കാം. 

Also Read:- സ്ത്രീകളിലെ വന്ധ്യതയെ പ്രതിരോധിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...