കുഞ്ഞുങ്ങൾ വാശിപിടിച്ച് കരയുമ്പോൾ രക്ഷിതാക്കൾ കളിപ്പാട്ടം വാങ്ങി കൊടുക്കാറുണ്ട്. കുട്ടികൾക്ക് കൂടുതലും ബാറ്ററി കളിപ്പാട്ടങ്ങളാണ് വാങ്ങി കൊടുക്കാറുള്ളത്. എന്നാൽ, കളിപ്പാട്ടം വാങ്ങുമ്പോൾ അത് എത്രത്തോളം സുരക്ഷിതമാണെന്ന് രക്ഷിതാക്കൾ നോക്കാറില്ല.

ബാറ്ററി കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങി കൊടുക്കരുതെന്നാണ് ഒരമ്മ പറയുന്നത്. ബാറ്ററി കളിപ്പാട്ടങ്ങൾ ഉപയോ​ഗിച്ച് കളിച്ചപ്പോൾ രണ്ട് വയസുകാരിയായ മകൾ എല്‍സി റോസിയ്ക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചാണ് അമ്മ ക്രിസ്റ്റി പറയുന്നത്.

ചെറിയൊരു വയറുവേദനയായിട്ടാണ് മകൾ എൽസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടവിട്ട് വയറ് വേദന വരാറുണ്ടെന്ന് കുഞ്ഞ് പറയാറുണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ വിദഗ്ധപരിശോധന നടത്തണമെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ഉള്ളില്‍ മാരകമായ ലിഥിയം ബാറ്ററി കുടുങ്ങി കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ ജീവൻ പോലും നഷ്ടമായേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. 

കുഞ്ഞിന്റെ തൊണ്ടയ്ക്കും അന്നനാളത്തിനും ഇടയിലായിട്ടായിരുന്നു ബാറ്ററി കുടുങ്ങി കിടന്നിരുന്നത്. കുഞ്ഞ് ബാറ്ററി വിഴുങ്ങിയിട്ട് 24 മണിക്കൂറോളം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബാറ്ററി എല്‍സിയുടെ തൊണ്ടയിലിരുന്നു പുകഞ്ഞ് ഒരു മുറിവുണ്ടാക്കിയിരുന്നു. 

എക്സ് റേയിൽ ബാറ്ററി നെഞ്ചിന് താഴേ എത്തിയിട്ടുള്ളതായി കണ്ടെത്താനായി. ശസ്ത്രക്രിയ നടത്തുക എന്നുള്ളതായിരുന്നു ആകെയുള്ള പോംവഴിയെന്ന് സൗത്ത് യോർക്ക്ഷോറിലെ ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു.

ഓരോ നിമിഷം വൈകുന്തോറും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായി കൊണ്ടിരിക്കുകയായിരുന്നു. ഒരു ചെറിയ നാണയത്തിന്റെ അത്രപോലും വലിപ്പമില്ലാത്ത ബാറ്ററി ഏതോ കളിപ്പാട്ടത്തില്‍ നിന്നാകും കുട്ടിയുടെ ഉള്ളിലെത്തിയതെന്ന് ഡോക്ടർ പറഞ്ഞു. എല്‍സി ഉള്‍പ്പെടെ നാല് മക്കളുടെ അമ്മയാണ് ക്രിസ്റ്റി. 

കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകും മുന്‍പ് മകൾക്ക് അവസാന ചുംബനം നൽകാൻ പോലും ഡോക്ടർമാർ പറഞ്ഞിരുന്നുവെന്ന് അമ്മ ക്രിസ്റ്റി പറയുന്നു. അഞ്ചു ദിവസം അത്യാസന്നവിഭാഗത്തില്‍ കിടന്ന ശേഷം എല്‍സിയ്ക്ക് പുതു ജീവൻ കിട്ടിയെന്ന് അമ്മ ക്രിസ്റ്റി പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് ബട്ടന്‍ ബാറ്ററി പുറത്തെടുക്കാന്‍ സാധിച്ചത്. 

തൊണ്ടയിലെ മുറിവ് ഉണങ്ങാന്‍ എല്‍സി ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്ന് ക്രിസ്റ്റി പറഞ്ഞു. കുട്ടികൾക്ക് ബാറ്ററി കളിപ്പാട്ടങ്ങൾ പരമാവധി വാങ്ങി കൊടുക്കാതിരിക്കുകയാണ് വേണ്ടതെന്നും വാങ്ങി കൊടുത്താൽ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അമ്മ ക്രിസ്റ്റി പറയുന്നു.