Asianet News MalayalamAsianet News Malayalam

അവയവമാറ്റ ശസ്ത്രക്രിയയില്‍ വഴിത്തിരിവ്; പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ച പരീക്ഷണം വിജയം

പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ മനുഷ്യനിലേക്ക് മാറ്റിയത്. രോഗിയുടെ ശരീരം വൃക്കയെ പുറന്തള്ളാന്‍ കാരണമാകുന്ന മോളിക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റി. ഇതാണ് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം.
 

U.S. surgeons successfully test pig kidney transplant in human patient
Author
New York, First Published Oct 20, 2021, 6:06 PM IST

ന്യൂയോര്‍ക്ക്: അവയവ മാറ്റ ശസ്ത്രക്രിയ ( Organ Transplantation) രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ (Pig) വൃക്ക (Kidney) മാറ്റിവെക്കല്‍ പരീക്ഷണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ന്യൂയോര്‍ക്ക് നഗരത്തിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് എന്ന ആശുപത്രിയിലാണ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയിലാണ് വൃക്ക മാറ്റിവെക്കല്‍ നടന്നത്. ഇവരുടെ രണ്ട് വൃക്കയും പ്രവര്‍ത്തനരഹിതമായിരുന്നു. കുടുംബത്തിന്റെ അനുമതിയോടെ ഇവരില്‍ പന്നിയുടെ വൃക്ക മാറ്റിവെച്ചു. ശസ്ത്രക്രിയ വിജയകരമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സാധാരണയായി മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളും. അങ്ങനെയാണ് ശസ്ത്രക്രിയ പരാജയപ്പെടാറ്. എന്നാല്‍ പന്നിയുടെ വൃക്ക സ്ത്രീയുടെ ശരീരം പുറന്തള്ളിയില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ മനുഷ്യനിലേക്ക് മാറ്റിയത്. രോഗിയുടെ ശരീരം വൃക്കയെ പുറന്തള്ളാന്‍ കാരണമാകുന്ന മോളിക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റി. ഇതാണ് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം. പന്നിയുടെ വൃക്ക സ്ത്രീയുടെ രക്തക്കുഴലുമായി ചേര്‍ന്നെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മാറ്റിവെച്ച വൃക്കകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഡോ. റോബര്‍ട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വൃക്ക മാറ്റിവെച്ചതിന് ശേഷം ക്രിയാറ്റിന്‍ നില സാധാരണ ഗതിയിലായെന്ന് ഡോക്ടര്‍ പറഞ്ഞു. പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെക്കാന്‍ സാധിക്കുമോ എന്നത് ശാസ്ത്രലോകത്തിന്റെ ഏറെക്കാലമായുള്ള പരീക്ഷണമായിരുന്നു. വൃക്കകള്‍ക്ക് പുറമെ, പന്നികളില്‍ നിന്ന് ഹൃദയവാല്‍വുകള്‍ സ്വീകരിക്കാന്‍ സാധിക്കുമോ എന്നതും പരീക്ഷിക്കുന്നുണ്ട്.

വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചവരില്‍ മനുഷ്യ വൃക്കകള്‍ കിട്ടുന്നത് വരെ പന്നികളുടെ വൃക്ക മാറ്റിവെക്കാനുള്ള സാധ്യതയാണ് ഇതുവഴി തെളിഞ്ഞത്. പരീക്ഷണത്തിനായി ജനിതക മാറ്റം വരുത്തിയ പന്നികളെ യുണൈറ്റഡ് തെറാപ്യൂട്ടിക് കോര്‍പ്‌സ് റെവിവികോര്‍ യൂണിറ്റാണ് വികസിപ്പിച്ചത്. ഇതിന് 2020ല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അനുമതി നല്‍കിയിരുന്നു.  യുഎസില്‍ മാത്രം 1.07 ലക്ഷം പേരാണ് അവയവമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്. ഇതില്‍ ഏറെപ്പേരും കിഡ്‌നി പ്രശ്‌നമുള്ളവരാണ്.
 

Follow Us:
Download App:
  • android
  • ios