അലർജി പ്രശ്നമുള്ളവർ ഫൈസർ - ബയോൺടെക് കൊവിഡ് വാക്സിൻ സ്വീകരിക്കരുതെന്ന് നിർദ്ദേശവുമായി ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച ആദ്യമായി വാക്സിൻ സ്വീകരിച്ച രണ്ട് പേരിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ മുന്നറിയിപ്പ്.

വാക്സിൻ സ്വീകരിച്ച രണ്ട് പേർക്കും അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രണ്ടുപേരും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പവിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ മുതിർന്നവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ വിതരണം ആരംഭിച്ചത്.

അലർജി പ്രശ്നമുള്ള ആളുകൾ വാക്സിൻ സ്വീകരിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നും സ്റ്റീഫൻ പറഞ്ഞു.  വാക്സിൻ എടുക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഏതെങ്കിലും മരുന്നുകളോ അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണങ്ങളോ അലർജി പ്രശ്നമുണ്ടോ എന്ന് അധികൃതരോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു.

അലർജിയുള്ളവരിൽ വാക്സിന്റെ ഉപയോഗമെങ്ങനെ ബാധിക്കുമെന്നതിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്നും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി അറിയിച്ചു. ഏജൻസിയുടെ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഫൈസറും വ്യക്തമാക്കി.

കൊവിഡ് വാക്സിനെടുത്താൽ രണ്ട് മാസം മദ്യപിക്കരുത് '; റഷ്യയുടെ മുന്നറിയിപ്പ്