സ്കിൻ ഭംഗിയാക്കാൻ സ്ക്രബ് ചെയ്യേണ്ടതുണ്ടോ? ; അതോ സ്ക്രബ് മുഖത്തിന് ദോഷമോ?
സ്ക്രബ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിന് നല്ലതാണോ അതോ ദോഷമാണോ എന്നെല്ലാമുള്ള സംശയങ്ങള്‍ പലരിലുമുണ്ടാകാറുണ്ട്. എന്താണ് ഇതിനുള്ള മറുപടി?

സ്കിൻ കെയര്‍ റുട്ടീനിലേക്ക് ധാരാളം പേര്‍ കടന്നുവരുന്നൊരു കാലമാണിത്. യുവാക്കള്‍ മാത്രമല്ല പ്രായമയവരും ഇന്ന് കാര്യമായിത്തന്നെ സ്കിൻ കെയറിന് പ്രാധാന്യം നല്‍കുന്നുണ്ട്. രാവിലെ നമ്മള്‍ ഉണരുന്നത് മുതല്‍ രാത്രി കിടക്കും വരെ എന്തെല്ലാം കാര്യങ്ങള്‍ ചര്‍മ്മ പരിപാലനത്തിനായി ചെയ്യാം എന്നതാണ് സ്കിൻ കെയര്‍ റുട്ടീൻ എന്ന് പറയാം.
സ്കിൻ കെയര്‍ റുട്ടീൻ ഓരോരുത്തരും ചെയ്യുന്നതും വ്യത്യസ്തമായിരിക്കും. ചര്‍മ്മത്തിന്‍റെ സ്വാഭാവം, വ്യക്തികളുടെ അഭിരുചി, മറ്റ് ആരോഗ്യാവസ്ഥകള്‍, സമയം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്കിൻ കെയര്‍ റുട്ടീൻ തെരഞ്ഞെടുക്കപ്പെടുന്നത്.
സ്കിൻ കെയറില്‍ നിങ്ങള്‍ മിക്കവരും കേട്ടിരിക്കുന്നൊരു സംഗതിയായിരിക്കും സ്ക്രബ്. എന്താണ് സ്ക്രബ് എന്നത് ചിലര്‍ക്കെങ്കിലും ഇന്നും അറിയില്ല. മുഖത്തും മറ്റും നശിച്ചുപോയ കോശങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയും ചര്‍മ്മത്തിന് അഭംഗിയും അനാരോഗ്യകരവുമാകുന്നത് ഒഴിവാക്കാൻ ഇവയെ ഉരച്ച് കളയുന്നതാണ് സ്ക്രബ് എന്ന് ലളിതമായി പറയാം.
ചിലര്‍ സ്കിൻ കെയര്‍ പ്രോഡക്ടുകള്‍ തന്നെയാണ് ഇതിനായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വ്യത്യസ്തമായ സ്ക്രബ്ബുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ്. മറ്റ് ചിലരാകട്ടെ 'നാച്വറല്‍' ആയി ചെറുനാരങ്ങാനീര്- പഞ്ചസാര, തൈര് എന്നിങ്ങനെയൊക്കെയുള്ള വിഭവങ്ങള്‍ കൊണ്ടും സ്ക്രബ് ചെയ്യാറുണ്ട്.
പക്ഷേ സ്ക്രബ് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിന് നല്ലതാണോ അതോ ദോഷമാണോ എന്നെല്ലാമുള്ള സംശയങ്ങള്‍ പലരിലുമുണ്ടാകാറുണ്ട്. എന്താണ് ഇതിനുള്ള മറുപടി?
സ്ക്രബ് ചെയ്യുന്നത് നല്ലതുതന്നെയാണ്. അത് സ്കിൻ കെയര്‍ റുട്ടീനിലെ ഒഴിച്ചുകൂടാൻ പറ്റാത്തൊരു ഘട്ടം തന്നെയാണ്. എന്നാല്‍ സ്ക്രബ് ചെയ്യുന്നത് അമിതമാകുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയേ ഇത് ചെയ്യേണ്ടൂ. അതിലധികമാകുമ്പോള്‍ അത് ചര്‍മ്മത്തിന്‍റെ സ്വാഭാവികാവസ്ഥയെ നശിപ്പിക്കുന്നു. സെൻസിറ്റീവ് സ്കിൻ ഉള്ളവരെ സംബന്ധിച്ചിടത്തോളം ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാനും ഇത് കാരണമാകുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സ്ക്രബ് ചെയ്യുന്നത് മുഖം തിളക്കമുള്ളതാക്കാനും മുഖക്കുരു കുറയ്ക്കാനോ ഒഴിവാക്കാനോ എല്ലാം പ്രയോജനപ്പെടും.
സ്ക്രബ് ചെയ്യുന്നതിന് മുമ്പ് ആദ്യം മുഖം വെറുതെ വെള്ളമുപയോഗിച്ചൊന്ന് കഴുകണം. ഇത് ഉണങ്ങുന്നതിന് മുമ്പ് തന്നെ സ്ക്രബ് കയ്യിലെടുത്ത് മുഖത്ത് തേക്കണം. ശേഷം മുഖത്താകെ തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. ചെറുതായി പ്രഷര്‍ കൊടുത്ത് വേണം സ്ക്രബ് തേച്ച് പിടിപ്പിക്കാൻ. എന്നാല്‍ അമിതമായ ബലം പിടിക്കാനും പാടില്ല. വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതാണ് നല്ലത്.
മുഖം മസാജ് ചെയ്യുമ്പോള്‍ എപ്പോഴും താഴെ നിന്ന് മുഖളിലേക്ക് എന്ന രീതിയിലേ വിരലുകള്‍ ചലിപ്പിക്കാവൂ. മൂക്കിന് മുകളിലും മൂക്കിന്‍റെ അരികുകളിലുമെല്ലാം നല്ലതുപോലെ സ്ക്രബ് ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ കവിളുകളിലും മേല്‍ച്ചുണ്ടിന് മുകളിലും. 10-15 സെക്കൻഡ് നേരമെങ്കലും സ്ക്രബ്ബിംഗ് തുടര്‍ന്ന ശേഷം താടിയിലും കഴുത്തിലുമെല്ലാം ഒരു പത്ത് സെക്കൻഡ് നേരം സ്ക്രബ് വച്ച് മസാജ് ചെയ്യുക. ശേഷം വെറുതെ വെള്ളം കൊണ്ട് മുഖവും കഴുത്തുമെല്ലാം കഴുകിയെടുക്കാവുന്നതാണ്.
Also Read:- പതിവായി സ്ട്രെസ് അനുഭവിക്കുന്നവരെ കാത്തിരിക്കുന്ന മറ്റൊരു പ്രശ്നം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-