രണ്ട് നേരവും പല്ല് തേക്കുന്നതോടൊപ്പം പല്ല് വെളുത്തിരിക്കാന്‍ വേണ്ടി എന്തെങ്കിലും ഫ്‌ളൂയിഡുകളോ മറ്റോ ഉപയോഗിക്കുന്നവർ ധാരാളമാണ്. അധികം പേസ്റ്റ് ഉപയോഗിക്കാതെയാണെങ്കില്‍ രണ്ട് നേരവും പല്ല് തേക്കുന്നത് നല്ലത് തന്നെയാണ്. ഇത് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാണ്. എന്നാൽ രണ്ടാമത് പറഞ്ഞ കാര്യം അങ്ങനെയല്ല 

പല്ല്, ഏതൊരു മനുഷ്യന്റേയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അതിനാല്‍ തന്നെ പല്ലിനെ ഭംഗിയായി സൂക്ഷിക്കാന്‍ മിക്കവരും എല്ലായ്‌പോഴും കരുതലെടുക്കാറുണ്ട്. ഇതിന് വേണ്ടി രണ്ട് നേരവും പല്ല് തേക്കുന്നതോടൊപ്പം പല്ല് വെളുത്തിരിക്കാന്‍ വേണ്ടി എന്തെങ്കിലും ഫ്‌ളൂയിഡുകളോ മറ്റോ ഉപയോഗിക്കുന്നവരും ധാരാളമാണ്. 

അധികം പേസ്റ്റ് ഉപയോഗിക്കാതെയാണെങ്കില്‍ രണ്ട് നേരവും പല്ല് തേക്കുന്നത് നല്ലത് തന്നെയാണ്. ഇത് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാണ്. എന്നാല്‍ രണ്ടാമതായി പറഞ്ഞ കാര്യം, അതായത് പല്ല് വെളുത്തിരിക്കാന്‍ ചെയ്യുന്ന പൊടിക്കൈകള്‍ അത്ര നല്ലതല്ലെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

അമേരിക്കയിലെ സ്റ്റോക്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരം ഉത്പന്നങ്ങള്‍ക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്. ഇവ പല്ലിന്റെ ഇനാമലിന് താഴെയുള്ള പാളിയെ നശിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയതായാണ് ഇവര്‍ അവകാശപ്പെടുന്നത്. 

എല്ലാവരും പല്ലിന്റെ ഇനാമലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കാറ്. പല്ലിന്റെ നിറവുമായി ബന്ധപ്പെട്ട് കണക്കിലെടുക്കേണ്ടത് ഇനാമലിനെ തന്നെയാണ്. ഭംഗി മാത്രമല്ല, പല്ലിന്റെ സുരക്ഷാപാളി കൂടിയാണ് ഇനാമല്‍. എന്നാല്‍ അതിന് താഴെയും രണ്ട് പാളികള്‍ കൂടി പല്ലിനുണ്ട്. 

ഇനാമലിന് നേരെ താഴെ വരുന്ന 'ഡെന്റൈന്‍' എന്ന പാളിയെ ആണ് പല്ലിനെ വെളുപ്പിക്കാനുപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തകര്‍ക്കുകയത്രേ. പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്ന ഭാഗമാണിത്. ഇത് നശിക്കുകയെന്നാല്‍ പല്ല് തന്നെ നശിക്കുന്നുവെന്ന് തന്നെയാണ് അര്‍ത്ഥം. വെളുപ്പിക്കാനുപയോഗിക്കുന്ന ഉത്പന്നങ്ങളിലടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡാണ് ഇതിന് കാരണമാകുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.