കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗമായിരുന്നു രാജ്യമാകെയും. ഇപ്പോള്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണവും, രോഗവ്യാപനത്തിന്റെ തോതുമെല്ലാം കുറഞ്ഞുവരികയാണ്. ഏറെ ആശ്വാസകരമായ വാര്‍ത്തകള്‍ തന്നെയാണിത്. എങ്കിലും പരിപൂര്‍ണ്ണമായി കൊവിഡ് വെല്ലുവിളികളില്‍ നിന്ന് നാം മുക്തരായിട്ടില്ലെന്ന് എപ്പോഴും മനസിലാക്കേണ്ടതുണ്ട്. 

വൈറസ് പകര്‍ന്നുകിട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാലും മുഴുവന്‍ പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല എന്നതിനാലും രോഗവ്യാപന സാധ്യതകള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പലപ്പോഴും സംശയത്തിന്റെ പുറത്തും, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാമായി നമ്മളില്‍ മിക്കവരും കൊവിഡ് പരിശോധന നടത്താറുണ്ട്, അല്ലേ? 

എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരത്തില്‍ കൊവിഡ് പരിശോധന നടത്തേണ്ടതുണ്ടോ? രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് പതിനാല് ദിവസം കടന്നുകഴിഞ്ഞാല്‍ വലിയ പരിധി വരെ വൈറസില്‍ നിന്ന് സുരക്ഷിതരായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിന് ശേഷവും എപ്പോഴെങ്കിലും കൊവിഡ് പരിശോധന നടത്തേണ്ടതുണ്ടോ എന്ന സംശയമാണ് പൊതുവിലുള്ളത്. 

രണ്ട് സാഹചര്യങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവരും കൊവിഡ് പരിശോധന നടത്തേണ്ടതായി വരും. ഈ രണ്ട് സാഹചര്യങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാം. ഒന്ന്, രോഗവ്യാപനം കൂടുതലായി കണ്ടെത്തുന്ന ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ 'സ്‌പോട്ട്'ല്‍ നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കില്‍ വാക്‌സിനേറ്റഡ് ആണെങ്കിലും മറ്റുള്ളവര്‍ക്കൊപ്പം തന്നെ നിങ്ങളും കൊവിഡ് പരിശോധന നടത്തേണ്ടതാണ്. 

കാരണം വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് പിടിപെടില്ല എന്ന് ഉറപ്പിക്കാനാകില്ല. കൊവിഡ് സാധ്യത കുറയ്ക്കാനും, അഥവാ രോഗബാധയുണ്ടായാല്‍ അതിന്റെ തീവ്രത കുറയ്ക്കാനും, ആശുപത്രി പ്രവേശനം ഒഴിവാക്കാനും, മരണനിരക്ക് കുറയ്ക്കാനുമെല്ലാമാണ് വാക്‌സിന്‍ സഹായകമാകുന്നത്. അതായത്, രോഗം പിടിപെടാതിരിക്കാനല്ല വാക്‌സിന്‍ എന്ന് ചുരുക്കം. നമ്മള്‍ സ്വീകരിക്കുന്ന വാക്‌സിനും നമ്മള്‍ ജീവിക്കുന്ന പ്രദേശത്തിനും അനുസരിച്ചാണ് കൊവിഡ് വീണ്ടും പിടിപെടുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്താനാകൂ. 

ഇനി, വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പരിശോധന ആവശ്യമായി വരുന്ന രണ്ടാമത്തെ സാഹചര്യം വ്യക്തമാക്കാം. കൊവിഡ് ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടുകഴിഞ്ഞാല്‍ വാക്‌സിനേറ്റഡ് ആണെങ്കിലും പരിശോധന നടത്താം. കാരണം, ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങളില്‍ പലതിനെയും പ്രതിരോധിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ വാക്‌സിന് സാധ്യമായെന്ന് വരില്ല. ഇത് പല പഠനങ്ങള്‍ തന്നെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'സീറോ സാധ്യത' എന്ന സങ്കല്‍പമില്ലാത്തതിനാല്‍ തന്നെ ഇത്തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമായും നടത്തുക.

Also Read:- ഒരിക്കൽ കൊവിഡ് വന്നവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.