ശരീരത്തിലെ ഏറ്റവും ചെറിയ ഭാഗങ്ങളാണ് നഖങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളായിത്തന്നെയാണ് നമ്മള്‍ നഖങ്ങളെ കാണുന്നത്. അതുകൊണ്ടാണല്ലോ ഭംഗിയുള്ള നഖങ്ങള്‍ക്കായി മാനിക്യൂര്‍ ചെയ്യാന്‍ പലരും സമയവും പണവും ചിലവഴിക്കുന്നത്. നഖത്തിന്റെ അഴക് മിക്കവര്‍ക്കും ഒരു ദൗര്‍ബല്യം കൂടിയാണ്.

എന്നാല്‍ എത്ര ശ്രദ്ധിച്ചാലും ചിലപ്പോഴെങ്കിലും നഖത്തിന്റെ ഭംഗി കാത്തുസൂക്ഷിക്കാന്‍ പറ്റാതെ പോകാറുണ്ട്, അല്ലേ? നഖത്തിനെ ബാധിക്കുന്ന ഒരുകൂട്ടം പ്രശ്‌നങ്ങളുണ്ട്. അതിലേതെങ്കിലും ഒന്നൊക്കെ ആകസ്മികമായി വന്നുവീഴും. അങ്ങനെയൊരു പ്രശ്‌നമാണ്, നഖത്തില്‍ വീഴുന്ന വരകള്‍.

ചെറിയ തോതിലാണെങ്കില്‍ ഇത് അത്ര കാര്യമല്ല. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ ഇത് കയ്യിന്റെ ആകെ ഭംഗിയെത്തന്നെ ബാധിക്കാന്‍ തുടങ്ങും. ഭംഗിയെ കുറിച്ച് പറയുന്നത് കൊണ്ട്, അത് മാത്രമാണ് ഇതിലെ പ്രശ്‌നമെന്ന് കരുതരുത്. മിക്കപ്പോഴും ഭംഗി നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് ആളുകള്‍ ഇത്തരം പ്രശ്‌നങ്ങളെ കണക്കിലെടുക്കുന്നത്.

ഇനി ഭംഗിക്കപ്പുറം ഇതിലുള്ള പ്രശ്‌നങ്ങള്‍ പറയാം. നഖത്തിന്റെ താഴ്ഭാഗം മുതല്‍ മുകളിലേക്ക് നീളുന്ന കുത്തനെയുള്ള വരകള്‍ ഏതാണ്ട് 20 ശതമാനത്തോളം മുതിര്‍ന്നവരില്‍ സാധാരണമായി കണ്ടുവരാറുള്ളതാണ്. ഇതില്‍ തന്നെ മിക്കവാറും കേസുകളിലും പ്രായം കൂടുന്നു എന്നത് ശരീരം കാണിക്കുന്നതാണ് ഈ വരകളിലൂടെ.

പ്രായം കൂടും തോറും, നഖത്തിലും മുടിയിലുമെല്ലാം കാണപ്പെടുന്ന  'കെരാറ്റിന്‍' എന്ന പ്രോട്ടീന്‍ കുറഞ്ഞുവന്നേക്കാം. ഇത് മൂലം നഖത്തില്‍ വര വീഴാം, മുടി ഡ്രൈ ആകാം. അതുപോലെ ചര്‍മ്മവും ഡ്രൈ ആയിവരും. എന്നാല്‍ ഈ വരകളോടൊപ്പം തന്നെ നഖത്തില്‍ നിറം മാറ്റവും പൊട്ടലുമെല്ലാം കാണുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് തന്നെയാണ് നല്ലത്. കാരണം, വിളര്‍ച്ച, വാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ലക്ഷണമാകാം ഇത്.

ഇനി, നഖത്തിന് നടുവിലായ ഒരൊറ്റ വരയാണ് കാണുന്നതെങ്കില്‍ ഇത് പ്രോട്ടീന്‍ അല്ലെങ്കില്‍ ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലമാകാം. ശരീരം നിര്‍ജലീകരണം നേരിടുന്ന സാഹചര്യങ്ങളിലും നഖത്തില്‍ വരകള്‍ കണ്ടേക്കാം. ഇതോടൊപ്പം ചര്‍മ്മം വരളുക കൂടി ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. നിര്‍ജലീകരണം കേവലം ഇത്തരം പ്രശ്‌നങ്ങള്‍ കടന്ന് ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് ശരീരത്തെയെത്തിക്കുന്ന ഒന്നാണ്.

നഖത്തില്‍ കുറുകെ കാണുന്ന വരകള്‍ പലപ്പോഴും താല്‍ക്കാലികമായി നഖത്തിന്റ വളര്‍ച്ച നിന്നുപോകുന്നത് കൊണ്ടാകാം. എന്തെങ്കിലും പരിക്കുകള്‍ മൂലമാണ് പ്രധാനമായും നഖത്തിന്റെ വളര്‍ച്ച നിന്നുപോകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തെ ബാധിക്കുന്ന അസുഖങ്ങളുടെ ലക്ഷണമായും നഖത്തില്‍ വരകള്‍ കാണാം. മറ്റ് ചില കേസുകളില്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ഭാഗമായും നഖത്തില്‍ വരകള്‍ വന്നുകാണാറുണ്ട്. ഇത്തരക്കാരില്‍ മുടി, ചര്‍മ്മം എന്നിവയിലും മാറ്റങ്ങള്‍ ഉണ്ടാകും.