മാർച്ച് 27. ഇന്നത്തെ ദിവസത്തിന് ഔഷധനിര്മാണ ചരിത്രത്തിൽ ഒരു സവിശേഷപ്രാധാന്യമുണ്ട്. ഇന്നേക്ക് കൃത്യം 22 വർഷം മുമ്പാണ് 'വയാഗ്ര' എന്ന ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്നിന് എഫ്ഡിഎ അംഗീകാരം കിട്ടുന്നത്.  എന്തായിരുന്നു വയാഗ്ര..? ഫൈസർ ലാബ്‌സ് പേറ്റന്റ് ചെയ്ത ഹൈപ്പർടെൻഷൻ മാറാനുള്ള നീല നിറത്തിലുള്ള ഒരു ചെറിയ ഗുളിക. ലാബിലിട്ട പേര് സിൽഡനാഫിൽ. നാട്ടിലെങ്ങും പ്രസിദ്ധമായത് വയാഗ്ര എന്ന പേരിൽ. വയാഗ്ര ഒരു പക്ഷേ , ആളുകളുടെ ഹൈപ്പർ ടെൻഷൻ മാറ്റുക എന്ന ഉദ്ദിഷ്ടധർമത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നേനെ. തന്റെ ഡ്യൂട്ടിയിൽ അത്രമേൽ സൂക്ഷ്മതയുള്ള ഒരു നഴ്സ് നടത്തിയ ചരിത്രപരമായ ഒരു നിരീക്ഷണം ഇല്ലായിരുന്നു എങ്കിൽ. 

1998 ലാണ് ഈ മരുന്ന് മാർക്കറ്റിൽ ഇറങ്ങുന്നത്. 22 വർഷത്തിനുള്ളിൽ ഇന്നുവരെ ലോകമെമ്പാടുമായി ഏഴുകോടിയോളം പേർ ഈ മരുന്ന് വാങ്ങി ഉപയോഗിച്ച് തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തിയേറ്റിയിട്ടുണ്ട്. അമേരിക്കൻ മിലിട്ടറി മാത്രം ഈ മരുന്ന് വാങ്ങാൻ വേണ്ടി വർഷാവർഷം വകയിരുത്തുന്നത് അഞ്ചു കോടി ഡോളറോളമാണ്. 2012 മുതൽ അമേരിക്കയും, മെക്സിക്കോയും, കാനഡയും ചേർന്ന് ഇതിന്റെ പേരിൽ ചെലവിട്ടിട്ടുള്ളത് ഇരുനൂറു കോടി ഡോളറോളമാണ്. 2020 -ൽ ഫൈസറിന് വയാഗ്രക്കുമേലുള്ള പേറ്റന്റ് കാലഹരണപ്പെട്ടു പോകുന്നതോടെ ഈ വരുമാനം ഒന്നിടിഞ്ഞേക്കും എങ്കിലും, അത് ഈ ഔഷധ നിർമാണ കമ്പനിയുടെ ചരിത്രത്തിലെ മെഗാ ഹിറ്റുകളിൽ ഒന്നായി എന്നും തുടരും. 

 

ഇന്ന് ഫൈസർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നാണ് വയാഗ്ര എങ്കിലും അവരുടെ ഗവേഷണശാല ഇങ്ങനെ ഒരു മരുന്ന് കണ്ടുപിടിക്കാൻ 20 വർഷം മുമ്പ് ഉദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. വയാഗ്ര എന്ന ഗുളികയിൽ പ്രധാനഘടകമായ 'സിൽഡനാഫിൽ' ഫൈസർ വികസിപ്പിച്ചെടുത്തത് രോഗികളിലെ കാർഡിയോ വാസ്കുലാർ പ്രശ്നങ്ങൾക്ക്, അതുമൂലമുണ്ടാകുന്ന ഹൈപ്പർ ടെൻഷന്‌ ശമനമുണ്ടാക്കാൻ വേണ്ടിയായിരുന്നു.  PDE-5 എന്ന ഒരു വിശേഷയിനം പ്രോട്ടീൻ ബ്ലോക്ക് ചെയ്തുകൊണ്ട് രക്തക്കുഴലുകൾ വലുതാക്കുക എന്നതായിരുന്നു അവ സാധിച്ചിരുന്നു ധർമ്മം.  മൃഗങ്ങളിലാണ് ഫൈസർ ലാബ്സ് ആദ്യമായി ഇത് പരീക്ഷിക്കുന്നത്. തങ്ങൾ ഉദ്ദേശിച്ച പോലെ തന്നെ PDE-5 ബ്ലോക്ക് ആവുന്നു, മറ്റു പാർശ്വഫലങ്ങൾ ഒന്നുമില്ല എന്നൊക്കെ കണ്ടതോടെ അവർ മരുന്നിനെ ക്ലിനിക്കൽ ട്രയലിലേക്ക് കൊണ്ടുവന്നു. ഫേസ് വൺ ക്ലിനിക്കൽ ട്രയൽസ് നടക്കുന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്. 'സിൽഡനാഫിൽ'എന്ന രാസവസ്തുവിനെ താങ്ങാൻ മനുഷ്യ ശരീരത്തിന് ആവുമോ എന്നതായിരുന്നു പരീക്ഷിച്ചറിയേണ്ടിയിരുന്നത്. അതിന് സാരമായ വല്ല പാർശ്വഫലങ്ങൾ മനുഷ്യരിൽ ഉണ്ടോ എന്നതും. 

എല്ലാം നന്നായിത്തന്നെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പരീക്ഷണത്തിന് തയാറായി എൻറോൾ ചെയ്ത പല പുരുഷന്മാരിലും ഈ മരുന്ന് ആദ്യഘട്ടത്തിൽ പരീക്ഷിച്ചു. അവരിൽ വരുന്ന ലക്ഷണങ്ങളും ദിവസേന നാലഞ്ചുവട്ടം നഴ്‌സുമാർ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോഴാണ് ഒരു നഴ്സ് രസകരമായ ഒരു നിരീക്ഷണം ഗവേഷകരുടെ മുന്നിൽ കൊണ്ടുവരുന്നത്. പ്രെഷറും ഷുഗറും പൾസും ഒക്കെ എടുക്കാൻ വേണ്ടി താൻ ട്രയലിലുള്ള ആളുകളുടെ അടുത്തേക്ക് ചെല്ലുമ്പോളൊക്കെ അവർ കമിഴ്ന്നാണ് കിടക്കുന്നത് എന്ന് അവർ ശ്രദ്ധിച്ചു. അതിന്റെ കാരണവും ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അവർക്ക് മനസ്സിലായി. ഈ മരുന്നു കഴിക്കുമ്പോൾ അവർക്ക് വല്ലാത്ത ഉദ്ധാരണം സംഭവിക്കുന്നുണ്ട്. നഴ്‌സുമാർ പരിശോധനയ്ക്ക് വരുമ്പോൾ തങ്ങൾ ഉധൃതാവസ്ഥയിൽ ഇരിക്കുന്നതിൽ ആകെ നാണക്കേടുതോന്നുന്ന ആ പുരുഷന്മാർ അത് നഴ്‌സിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ കമിഴ്ന്നു കിടക്കുന്നതാണ്. ഫെയ്‌സറിന്റെ 'സിൽഡനാഫിൽ' റിസർച്ച് ഹെഡ് ആയിരുന്ന ജോൺ ലാ മാറ്റിന പറഞ്ഞത് ഇങ്ങനെ," എന്റെ മരുന്ന് ഏൽക്കുന്നുണ്ടായിരുന്നു. ഉറപ്പ്. പക്ഷേ, രക്തക്കുഴലുകൾ വികസിക്കുന്നത് ഹൃദയത്തിലല്ല, കുറേക്കൂടി താഴെ ആയിരുന്നു എന്ന് മാത്രം." 

 

 

അതേ, ആ രാസവസ്തു മനുഷ്യരിൽ ഉണ്ടാക്കിയ ഫലം വളരെ വിചിത്രമായിരുന്നു. മൃഗങ്ങളുടെ ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് വികാസമുണ്ടാക്കിയ 'സിൽഡനാഫിൽ', വികസിപ്പിച്ചത് പുരുഷന്മാരുടെ ലിംഗങ്ങളിലെ രക്തക്കുഴലുകളായിരുന്നു. അതോടെ കൂടുതൽ രക്തപ്രവാഹം അങ്ങോട്ടുണ്ടാവുകയും, നമ്മൾ ഉദ്ധാരണം എന്ന് വിളിക്കുന്ന പ്രക്രിയ നടക്കുകയും ചെയ്തു. അതാണുണ്ടായത്. അതോടെ ലാ മാറ്റിനയുടെ ഉള്ളിൽ ഒരു ലഡ്ഡുപൊട്ടി. ഹൈപ്പർ ടെൻഷൻ കുറയ്ക്കാൻ വേണ്ടി നിക്ഷേപിച്ച പൈസയൊക്കെ വെള്ളത്തിലായി എങ്കിലും, അഞ്ചു പൈസ ചെലവില്ലാതെ അദ്ദേഹത്തിന് ചുളുവിലൊരു പൊട്ടൻസി ഡ്രഗ് അഥവാ ലിംഗോദ്ധാരണമരുന്ന് കിട്ടിയിരിക്കുന്നു. ആ സമയത്ത് വിപണിയിൽ ആ പണി ചെയ്യാൻ ഫലപ്രദവും കാര്യമായ സൈഡ് ഇഫക്ടുകൾ ഇല്ലാത്തതുമായ ഒരു മരുന്നും ഇല്ലായിരുന്നു. വലിയൊരു വിപണിയാണ് ഫൈസറിനെ കാത്തിരുന്നത്. അവർ അത് കൃത്യമായി ഉപയോഗപ്പെടുത്തി. ആ ദിശയിലേക്ക് തങ്ങളുടെ ഗവേഷണത്തെ നീക്കി അവർ നിർമിച്ചെടുത്തതാണ് ഇന്ന് വയാഗ്ര എന്നപേരിൽ ജനം അറിയുന്ന നീല ഗുളിക. ഉദ്ധാരണക്കുറവിനുള്ള മാർക്കറ്റിലെ ഒരേയൊരു ഗുളികയായി വയാഗ്ര ഏറെക്കാലം തകർത്തു വില്പന നടത്തി.ആദ്യത്തെ ഒരൊറ്റ കൊല്ലം കൊണ്ട് മാത്രം ഫൈസർ വിറ്റത് 140 കോടി രൂപയ്ക്കുള്ള വയാഗ്രയാണ്. ചെറുപ്പക്കാർക്കും മധ്യവയസ്കർക്കും വൃദ്ധർക്കും ഒക്കെ ഒരുപോലെ വയാഗ്ര ഒരനുഗ്രഹമായി മാറി. അവരുടെ ആദ്യത്തെ പരസ്യങ്ങളിൽ ഒന്നു തന്നെ മധ്യവയസ്സു പിന്നിട്ട, വാർദ്ധക്യത്തിലേക്ക് കാലെടുത്തുവെക്കുന്ന ദമ്പതികളുടെ ചിത്രത്തോട് ചേർന്ന്, " ലെറ്റ്  ദ ഡാൻസ് ബിഗിൻ " എന്ന ഒരു ടാഗ് ലൈൻ ആയിരുന്നു. 

 

വയാഗ്ര പുറത്തിറങ്ങി, ഹിറ്റായി പത്തു വർഷത്തിന് ശേഷം ഗവേഷകർ വീണ്ടും 'സിൽഡനാഫിലി'ന്മേൽ ഗവേഷണങ്ങൾ പുനരാരംഭിച്ചു. വഴിതെറ്റിപ്പോയ ഗവേഷണം വീണ്ടും ശരിയായ ദിശയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ആ രാസവസ്തു ചെറിയ മാറ്റങ്ങളോടെ ഹൈപ്പർ ടെൻഷനുള്ള മരുന്നായി പ്രവർത്തിക്കുമോ എന്നറിയാൻ വേണ്ടി അവർ പിന്നെയും ശ്രമങ്ങൾ നടത്തി. 2005 -ൽ അവർ അതിലും വിജയം കണ്ടു. അത് പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ എന്ന ഹൃദ്രോഗത്തിന് പറ്റിയ ഒരു മരുന്ന് അവർ 'സിൽഡനാഫിൽ'അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തു. അതിനു പേറ്റന്റും കിട്ടി. വയാഗ്രയ്ക്ക് പിന്നിൽ പ്രവർത്തിച്ച അതേ രാസവസ്തു ഇന്ന് 'റിവേഷ്യോ' എന്ന പേരിൽ ഹൃദ്രോഗത്തിനും സുഖം പകരുന്നു. 

ഉദ്ധാരണശേഷിക്കുറവ് കാരണം പലരും അസാധ്യം എന്ന് കരുതി ഉപേക്ഷിച്ചിരുന്ന 'ഓർഗാസന്വേഷണ' പരീക്ഷണങ്ങളാണ്, വയാഗ്ര കൂടെ നിന്ന് വിജയിപ്പിച്ചു കൊടുത്തത്. അങ്ങനെ നോക്കുമ്പോൾ പലരുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായ ആനന്ദങ്ങൾക്ക് ഇടനൽകിയ ഒരു അത്ഭുതമരുന്നു തന്നെയാണ് ഈ നീലഗുളിക. അതിനു പിന്നിൽ ഇങ്ങനെയൊരു യാദൃച്ഛികതയുടെ കഥയുണ്ട് എന്നകാര്യം പലർക്കും അറിയില്ല എങ്കിലും.