Asianet News MalayalamAsianet News Malayalam

Viral Fever : കുട്ടികളില്‍ വൈറൽ പനി വ്യാപകമാകുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? അറിയാം ലക്ഷണങ്ങളും...

വൈറസ് അണുബാധ കാരണം ആണ് വൈറൽ പനി ഉണ്ടാവുന്നത്. യഥാർത്ഥത്തിൽ പനി എന്ന് പറയുന്നത് ഒരു രോഗമല്ല, രോഗലക്ഷണമാണ്, നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന അണുബാധക്കെതിരെ ശരീരം പ്രതികരിക്കുന്നതിനെ തുടർന്ന് ശരീരത്തിന്‍റെ സ്വാഭാവിക താപനില ഉയരുമ്പോൾ ആണ് പനി ഉണ്ടാവുന്നത്.

viral fever spreading among school students know the symptoms
Author
First Published Sep 21, 2022, 4:44 PM IST

മുതിർന്നവരെ പോലെ ഇപ്പോൾ കുട്ടികളിലും സാധാരണമായി കണ്ടുവരുന്ന ഒരു അസുഖം ആണ് വൈറൽ പനി. രണ്ടുവർഷത്തോളം സ്കൂളിൽ പോവാതെ വീട്ടിൽ ഇരുന്ന കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ പലതരം അസുഖങ്ങൾ വന്നു തുടങ്ങി. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറൽ പനി. വീണ്ടും വീണ്ടും വരുന്ന ഈ പനിയും ചുമയും രക്ഷിതാക്കളുടെ ഉറക്കം കളയുന്നു. രാവിലെ ഉഷാറായി സ്കൂളിൽ പോവുന്ന കുട്ടികൾ വൈകുന്നേരം ആവുമ്പോയേക്ക് പനി പിടിച്ചു കിടപ്പിൽ ആവുന്നു, ഹോസ്പിറ്റലുകൾ പനി പിടിച്ച രോഗികളെ കൊണ്ട് നിറഞ്ഞിരിക്കിന്നു. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമുണ്ടോ?

വൈറസ് അണുബാധ കാരണം ആണ് വൈറൽ പനി ഉണ്ടാവുന്നത്. യഥാർത്ഥത്തിൽ പനി എന്ന് പറയുന്നത് ഒരു രോഗമല്ല, രോഗലക്ഷണമാണ്, നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന അണുബാധക്കെതിരെ ശരീരം പ്രതികരിക്കുന്നതിനെ തുടർന്ന് ശരീരത്തിന്‍റെ സ്വാഭാവിക താപനില ഉയരുമ്പോൾ ആണ് പനി ഉണ്ടാവുന്നത്.

വൈറൽ പനി ബാധിച്ച ഒരാൾ തുമ്മുന്നതിലൂടെയും ചുമക്കുന്നതിലൂടെയും അന്തരീക്ഷത്തിൽ എത്തുന്ന അണുക്കളിലൂടെ ആണ് പ്രധാനമായും പകരുന്നത്. ഇങ്ങനെ ഒരാളിൽ നിന്നും അണുബാധ ഉണ്ടായാൽ അതിന്റെ ലക്ഷണങ്ങൾ കാണാൻ 16-48 മണിക്കൂർ വരെ സമയം എടുക്കും.

ലക്ഷണങ്ങൾ...

വൈറൽ പനിയുടെ ലക്ഷണങ്ങളും മറ്റ് പല അസുഖങ്ങളുടെ ലക്ഷണങ്ങളും ഏകദേശം ഒരുപോലെ ആണ്, അതിനാൽ നമുക്ക് ഇതിന്‍റെ ലക്ഷണങ്ങൾ അറിയേണ്ടത് അത്യാവശ്യം ആണ്.

 • ഉയർന്ന ശരീര താപനില, പനി ഉള്ള സമയത്ത് ക്ഷീണം, ശരീരവേദന എല്ലാം ഉണ്ടാവും. പനി ഇല്ലാത്ത സമയത്ത് കുട്ടികൾ നല്ല ആക്റ്റീവ് ആയിരിക്കും.
 • മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടയിൽ കിരുകിരുപ്പ്, മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമ.
 • കണ്ണുകൾ ഇടുങ്ങിയത് ആവുകയും, കണ്ണിൽ നിന്ന് വെള്ളം വരികയും ചെയ്യുക.
 ചിലർക്ക് ഛർദിയും, വയറിളക്കവും ഉണ്ടാവും.

ഇതിൽ എല്ലാ ലക്ഷണങ്ങളും എല്ലാവർക്കും ഉണ്ടാവാറില്ല എന്നതും ശ്രദ്ധിക്കണം.

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?

ശക്തമായ പനി 2 ദിവസത്തിൽ കൂടുകയാണെങ്കിൽ നിർബന്ധമായും ഡോക്ടറിന്‍റെ സഹായം തേടണം. ആവശ്യമെങ്കിൽ ബ്ലഡ്‌ ടെസ്റ്റ് ചെയ്യണം. ഇത് ഏത് തരം പനി ആണെന്ന് കണ്ടെത്താനും അതിനുള്ള ചികിത്സ ലഭ്യമാക്കാനും പരിശോധന സഹായിക്കും

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

1. കുട്ടിയുടെ പനി മരുന്ന് കൊടുത്ത് കുറക്കാൻ നോക്കുക, തിളപ്പിച്ചാറിയ വെള്ളത്തിൽ മുക്കിയ തുണികൊണ്ട് കുട്ടിയെ തുടക്കുക.
2. പനി കാരണം ജലാംശം നഷ്ടപ്പെടുന്നതിനാൽ നന്നായി വെള്ളം കുടിപ്പിക്കുക.
3. കുട്ടിക്ക് ലഘുവായിട്ടുള്ള ഭക്ഷണം മാത്രം കൊടുക്കുക.
4. തണുത്തതും പഴകിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
5. പൊരിച്ചതും, വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
6. കുട്ടികൾക്ക് ആവശ്യമായ വിശ്രമം കൊടുക്കുക, സ്കൂളിൽ പോവുന്ന കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.
7. വൈറ്റമിൻ-സി കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ( ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, പേരക്ക,സ്ട്രോബെറി ഇവയിലെല്ലാം വൈറ്റമിൻ-സി ധാരാളം ഉണ്ട് ) ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

പനി വരാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കാം?

വൈറൽ പനികൾ വളരെ പെട്ടെന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന ഒന്നാണ്, അസുഖം ഉള്ള ഒരാൾ തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും മറ്റും പുറത്തുവരുന്ന വൈറസ് മറ്റുള്ളവർക്ക് അസുഖം  പകരുന്നതിന്ന്  കാരണമാവുന്നു. അതിനാൽ അസുഖം ഉള്ള ആളുടെ അടുത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കുക. മുഖകവചം  പോലുള്ള സുരക്ഷാമാർഗ്ഗ ങ്ങൾ അവലംബിക്കുക.

പനി ഉള്ള ഒരാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പൊത്തി പിടിക്കുന്നത് അസുഖം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് തടയും.

ലേഖനം തയ്യാറാക്കിയത് : ഡോ. ഫാത്തിമ റമീസ
Dr. Basil's Homeo Hospital, പാണ്ടിക്കാട്

Also Read:- പനി കേസുകൾ കൂടുന്നു; ഇതിൽ ശ്രദ്ധിക്കേണ്ട പനി, ലക്ഷണങ്ങളും...

Follow Us:
Download App:
  • android
  • ios