ചില വിദ്യാര്‍ത്ഥികളുടെ ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മരണം സംഭവിച്ചതായി ഔദ്യോഗികരേഖകളില്ല. തീവ്രതയേറിയ പനി, ചുമ എന്നിവയാണ് ഗുരുതരമായ സാഹചര്യങ്ങളിലുള്ള കുട്ടികളില്‍ കാണുന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചുമ, പനി, ജലദോഷം എന്നിവ വ്യാപകമാകുന്നതായി മഹാരാഷ്ട്രയിലെ പുണെയില്‍ നിന്ന് റിപ്പോര്‍ട്ട്. നിസാരമായി തള്ളിക്കളയാവുന്ന സാഹചര്യമല്ലെന്നും ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാസത്തില്‍ തന്നെ പല തവണ കുട്ടികളില്‍ ആവര്‍ത്തിച്ച് രോഗങ്ങള്‍ കണ്ടുവരികയാണ്.

ശ്വാസകോശത്തെ ബാധിക്കുന്ന വൈറല്‍ അണുബാധയാണ് ഇതിന് കാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. വ്യാപകമായി കുട്ടികള്‍ രോഗബാധിതരായതോടെ പല ആശുപത്രികളിലും ശക്തമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതോടെ ആവശ്യമായ രോഗികള്‍ക്ക് കിടക്ക ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവിടങ്ങളില്‍ വന്നിരിക്കുന്നത്.

ചില വിദ്യാര്‍ത്ഥികളുടെ ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മരണം സംഭവിച്ചതായി ഔദ്യോഗികരേഖകളില്ല. തീവ്രതയേറിയ പനി, ചുമ എന്നിവയാണ് ഗുരുതരമായ സാഹചര്യങ്ങളിലുള്ള കുട്ടികളില്‍ കാണുന്നത്. കൊവിഡ് വൈറസിന് പുറമെ എച്ച്വണ്‍ എന്‍ വണ്‍, ഡെങ്കു, പന്നിപ്പനി എന്നിവയടക്കം പല വൈറസുകളും പുണെ നഗരത്തില്‍ പരക്കുന്നുണ്ടെന്നും ഇതിനിടെ എന്തുകൊണ്ടാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇങ്ങനെയൊരു വൈറല്‍ ബാധയെന്നതാണ് അധികൃതര്‍ക്ക് വ്യക്തമാകാത്തത്. 

ഒരു തവണ രോഗബാധിതരായ കുട്ടിയില്‍ തന്നെ രോഗം ഭേദമായ ശേഷം ദിവസങ്ങള്‍ക്കകം വീണ്ടും അസുഖം വരുന്നു. ഇതേ കുട്ടിയില്‍ തന്നെ ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് മാതാപിതാക്കളെയും അധികൃതരെയുമെല്ലാം ഒരുപോലെ ആശങ്കപ്പെടുത്തുന്നത്. രോഗമുള്ള കുട്ടികളില്‍ നിന്ന് മറ്റുളളവരിലേക്ക് വീണ്ടും രോഗം പകരുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. 

പ്രീപ്രൈമറി ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് അവധി നല്‍കാനാണ് ഇതോടെ പലയിടങ്ങളിലും തീരുമാനമായിരിക്കുന്നത്. രോഗമുള്ള കുട്ടികളെ പത്ത് ദിവസമെങ്കിലും വീട്ടില്‍ തന്നെ ഇരുത്തി മറ്റ് കുട്ടികളുമായുള്ള സമ്പര്‍ക്കമൊഴിവാക്കാനും നിര്‍ദേശമുണ്ട്. കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഇത്തരത്തില്‍ കൂടെക്കൂടെ വൈറല്‍ അണുബാധകള്‍ആവര്‍ത്തിച്ചുവരുന്ന പ്രവണത നിലവില്‍ കാണുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

Also Read:- അറിയാം കുട്ടികളിലെ 'ലോംഗ് കൊവിഡ്' ലക്ഷണങ്ങള്‍