ആശുപത്രികളിൽ സന്ദർശിക്കാൻ എത്തുന്നവരുടെ ബഹളം ഈ കൊവിഡ് കാലത്തും പലയിടത്തും ഒട്ടും കുറവുണ്ടെന്ന് തോന്നുന്നില്ല. പല ആശുപത്രികളിലും, രോഗിയുടെ സുഖവിവരം അന്വേഷിക്കാൻ സംഘംചേർന്നെത്തുന്ന ബന്ധുജനങ്ങൾ ഉണ്ടാക്കുന്ന പുകിൽ ചില്ലറയല്ല. ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ട അത്തരം ഒരു സംഭവം രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നതിലാണ് കലാശിച്ചത്. രാജസ്ഥാനിലെ കോഠ ജില്ലയിൽ സ്വന്തം കുടുംബക്കാരുടെ അത്യന്തം അശ്രദ്ധമായ പ്രവൃത്തി കൊണ്ട് ദാരുണാന്ത്യം സംഭവിച്ചത്, കൊവിഡ് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന നാല്പതുകാരനാണ്.

കൊവിഡ് ഉണ്ടെന്ന് സംശയിച്ച് ഇയാളെ ജൂൺ 13 -നാണ് ടൗണിലെ എംബിഎസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി എങ്കിലും, പനിയും മറ്റും വിട്ടുമാറാതിരുന്നതിനാൽ ഐസിയുവിൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നു. എന്നാൽ, ജൂൺ 15 -ന് ഐസിയുവിൽ കഴിഞ്ഞിരുന്ന മറ്റൊരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ഐസിയുവിൽ നിന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

എന്നാൽ, ഇയാളുടെ ബന്ധുക്കൾ, രോഗിയുടെ ക്ഷേമം തിരക്കി ഐസൊലേഷൻ വാർഡിനുള്ളിലേക്കും സന്ദർശനത്തിനെത്തി. അവർക്ക് ഐസൊലേഷൻ വാർഡിനുള്ളിൽ വല്ലാത്ത ഉഷ്ണമുണ്ട് എന്നുതോന്നി.  ആദ്യ സന്ദർശനം കഴിഞ്ഞ് മടങ്ങിപ്പോയ അവർ വൈകാതെ തിരിച്ചുവന്നു. ഇത്തവണ അവർ വന്നത് ഒരു എയർ കൂളറും കൊണ്ടാണ്. തങ്ങളുടെ ഉറ്റബന്ധുവിന് ഐസൊലേഷൻ വാർഡിൽ ഉഷ്ണം തോന്നാതിരിക്കാൻ ആ കൂളർ അയാളുടെ കിടക്കയ്ക്കരികെ ഒരു സ്റ്റൂൾ ഇട്ട് സെറ്റ് ചെയ്തു കൊടുത്തു അവർ.

കൂളർ സെറ്റ് ചെയ്തു കൊടുത്ത പയ്യൻ അതിന്റെ പ്ലഗ് കുത്താൻ വേണ്ടി സോക്കറ്റ് തിരഞ്ഞപ്പോൾ മുറിയിൽ ഒഴിഞ്ഞ സോക്കറ്റ് ഒന്നുമില്ല എന്ന് കണ്ടു. ആകെയുണ്ടായിരുന്ന ഒരു സോക്കറ്റിൽ എന്തോ കുത്തിയിട്ടുമുണ്ടായിരുന്നു. വേറെ ഒന്നും അന്വേഷിക്കാതെ അയാൾ ആ സോക്കറ്റിലുണ്ടായിരുന്ന പ്ലഗ് ഊരിയിട്ട് തന്റെ കയ്യിൽ ഇരുന്ന കൂളറിന്റെ പ്ലഗ് അതിനുള്ളിലേക്ക് കുത്തി. ഒരൊറ്റ പ്രശ്നം മാത്രം. ഊരിയത് ആ രോഗിയുടെ വെന്റിലേറ്ററിന്റെ പ്ലഗ് ആയിരുന്നു. അരമണിക്കൂർ നേരത്തേക്കുള്ള ബാറ്ററി ബാക്കപ്പ് ആ വെന്റിലേറ്റർ സിസ്റ്റത്തിന് ഉണ്ടായിരുന്നു.

അത്രയും നേരം കൂടി മാത്രമേ ആ വെന്റിലേറ്റർ പ്രവർത്തിച്ചുള്ളൂ. അത് കഴിഞ്ഞപ്പോൾ അതിലെ ബാറ്ററി തീർന്ന് അത് നിന്നു. വെന്റിലേറ്റർ നിന്ന് നിമിഷങ്ങൾക്കകം രോഗിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. രോഗി കിടന്നു പിടക്കുന്നത് കണ്ടപ്പോൾ ബന്ധുക്കൾ നഴ്‌സിനെ വിളിച്ചുവരുത്തി. നഴ്സ് ഡോക്ടറെയും. രോഗിക്ക് ഉടൻ തന്നെ സിപിആർ നൽകിയെങ്കിലും അയാൾ മരണപ്പെടുകയായിരുന്നു.

രോഗി മരിച്ചതോടെ ബന്ധുക്കൾ അക്രമാസക്തരാവുകയും, കൃത്യവിലോപം ആരോപിച്ച് അവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കുകയും ഒക്കെ ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധം വെളിപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും എന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും എന്നും അധികാരികൾ അറിയിച്ചു.

കയ്യിലും കാലിലും വീക്കം, കാഴ്ചാപ്രശ്‌നങ്ങള്‍; അറിയാം ഈ രോഗത്തെ...