Asianet News MalayalamAsianet News Malayalam

Vision Loss : നിസാരമെന്ന് കരുതുന്ന ഈ പ്രശ്നം നിങ്ങളുടെ കാഴ്ചയെ നശിപ്പിക്കാം

13 തരത്തിലുള്ള വൈറ്റമിനുകളാണ് പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായി വരുന്നത്. ഇവയില്‍ ഏതിലെങ്കിലും കുറവ് വന്നാല്‍ അത് പതിവായ തളര്‍ച്ച, ക്ഷീണം, തലകറക്കം, അസ്വസ്ഥത, എല്ലിന്‍റെ ബലം ക്ഷയിക്കല്‍, ചര്‍മ്മത്തിന്‍റെ ആരോഗ്യം ദുര്‍ബലമാകല്‍, വിവിധ അണുബാധകള്‍, വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. 

vitamin a and b12 deficiency may lead you to vision loss
Author
Trivandrum, First Published Jul 8, 2022, 11:13 PM IST

ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിനുകളും ധാതുക്കളുമെല്ലാം ( Vitamins and Minerals )  ആവശ്യമാണെന്ന് നമുക്കറിയാം. ഇവയെല്ലാം പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഈ വൈറ്റമിനുകളിലോ ധാതുക്കളിലോ എല്ലാം ( Vitamins and Minerals )  എന്തെങ്കിലും തരത്തിലുള്ള കുറവുകള്‍ വന്നാല്‍ അത് നമ്മെ പല രീതികളില്‍ ബാധിക്കാം. 

ചെറിയ അണുബാധകള്‍ മുതല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ വൈറ്റമിന്‍- ധാതുക്കളുടെ കുറവുകള്‍ നമ്മെ നയിച്ചേക്കാം. എന്നാല്‍ വൈറ്റമിന്‍ കുറവ് ( Vitamin deficiency ) എന്നത് പലപ്പോഴും നിസാരമായൊരു കാര്യമായാണ് മിക്കവരും കണക്കാക്കാറ്. ഇതത്ര നിസാരമായി തള്ളിക്കളയാവുന്ന സംഗതിയല്ലെന്നാണ് പക്ഷേ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

13 തരത്തിലുള്ള വൈറ്റമിനുകളാണ് പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായി വരുന്നത്. ഇവയില്‍ ഏതിലെങ്കിലും കുറവ് വന്നാല്‍ ( Vitamin deficiency )  അത് പതിവായ തളര്‍ച്ച, ക്ഷീണം, തലകറക്കം, അസ്വസ്ഥത, എല്ലിന്‍റെ ബലം ക്ഷയിക്കല്‍, ചര്‍മ്മത്തിന്‍റെ ആരോഗ്യം ദുര്‍ബലമാകല്‍, വിവിധ അണുബാധകള്‍, വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. 

ഇക്കൂട്ടത്തില്‍ രണ്ട് വൈറ്റമിനുകളുടെ കുറവ് ക്രമേണ കാഴ്ചാശക്തി തകരാറിലാകുന്നതിലേക്കും നിങ്ങളെ നയിക്കാം. ഇത് മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ സംഭവിക്കാമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വൈറ്റമിൻ- എ, വൈറ്റമിൻ ബി12 എന്നിവയുടെ കുറവാണ് കാഴ്ചാപ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കുക.

'പ്രതിവര്‍ഷം രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ കുട്ടികളില്‍ വൈറ്റമിൻ- എ കുറവ് മൂലം അന്ധത ബാധിക്കുന്നുണ്ട്. ഇവരില്‍ പകുതിയോളം പേരും ഇതിനോട് അനുബന്ധമായി ഒരു വര്‍ഷത്തിനകം തന്നെ മരിക്കുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്...' - ലോകാരോഗ്യ സംഘടന പറയുന്നു.

എത്രമാത്രം ഗൗരവമുള്ള പ്രശ്നമാണിതെന്ന് മനസിലാക്കാൻ ഇതുതന്നെ ധാരാളം. വൈറ്റമിന്‍ ബി 12 ആണെങ്കില്‍ തലച്ചോറിന്‍റെയും നാഡീകോശങ്ങളുടെയും പ്രവര്‍ത്തനത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ്. ഇതില്‍ കുറവ് വരുമ്പോള്‍ അത് തലച്ചോറിനെ ബാധിക്കുന്നതിനൊപ്പം തന്നെ കാഴ്ചയെയും ബാധിക്കുന്നു. ക്രമേണയാണ് ഇത് കാഴ്ചാ തകരാറിലേക്ക് നയിക്കുക എന്നതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാനും സാധിക്കണമെന്നില്ല. 

വൈറ്റമിൻ- എ കുറവ് എങ്ങനെ തിരിച്ചറിയാം?

വൈറ്റമിൻ- എ കുറവ് ചില കാര്യങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. പ്രധാനമായും രാത്രികാലങ്ങളിലെ അന്ധതയാണിതിന്‍റെ ലക്ഷണമായി വരുന്നത്. അധികവും ഇത് കുട്ടികളിലാണ് കാണുന്നത്.

വിവിധ അണുബാധകള്‍, കണ്ണുകള്‍ ഡ്രൈ ആകുന്ന അവസ്ഥ, ചര്‍മ്മത്തില്‍ പാടുകളും ചൊറിച്ചിലും, വളര്‍ച്ച മുരടിക്കുന്ന സാഹചര്യം, മുതിര്‍ന്നവരിലാണെങ്കില്‍ വന്ധ്യതാപ്രശ്നം എന്നിവയെല്ലാം വൈറ്റമിൻ- എയുടെ കുറവ് മൂലം കാണാം. 

വൈറ്റമിൻ ബി-12 കുറവ് എങ്ങനെ തിരിച്ചറിയാം?

ചര്‍മ്മം വിളര്‍ത്ത് മഞ്ഞനിറം പടരുക, നാക്കില്‍ പുണ്ണും ചുവപ്പ് നിറവും വരിക, വായ് പുണ്ണ്, നടത്തത്തിലും ചലനത്തിലും വ്യത്യാസം, കാഴ്ചയ്ക്ക് മങ്ങല്‍, സൂചി കൊണ്ടോ പിൻ കൊണ്ടോ കുത്തുന്നത് പോലെയുള്ള തോന്നല്‍, വിഷാദം അല്ലെങ്കില്‍ എപ്പോഴും അസ്വസ്ഥമായ മനസ്, ചിന്തകളിലും കാര്യങ്ങള്‍ ചെയ്യുന്ന രീതികളിലുമെല്ലാം മാറ്റം, ഓര്‍മ്മശക്തി കുറയല്‍, കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകാതെ വരിക എന്നിവയെല്ലാം വൈറ്റമിൻ ബി-12 ന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. 

പ്രധാനമായും ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങളിലൂടെ തന്നെ വൈറ്റമിൻ കുറവുകള്‍ മനസിലാക്കാം. കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തി വൈറ്റമിൻ കുറവുകള്‍ കണ്ടെത്തി അത് ഭക്ഷണത്തിലൂടെയോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സപ്ലിമെന്‍റുകളിലൂടെയോ പരിഹരിക്കാൻ ശ്രമിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഒഴിവാക്കാവുന്നതാണ്.

Also Read:- 'ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ഇഷ്ടഭക്ഷണം നിങ്ങളുടെ കാഴ്ച തകരാറിലാക്കാം'

Follow Us:
Download App:
  • android
  • ios