വണ്ണം കുറയ്ക്കാന്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഒരു രീതിയാണ് നടത്തം. ദിവസത്തില്‍ 45 മിനുറ്റെങ്കിലും നടന്നാല്‍ത്തന്നെ ഹൃദയാരോഗ്യവും ശരീരത്തിന്റെ 'ഫിറ്റ്‌നസ്'ഉം ഉറപ്പ് വരുത്താമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

നടക്കുമ്പോള്‍, കൈകാലുകളുടേയും, പേശികളുടേയും പ്രവര്‍ത്തനം ത്വരിതപ്പെടുന്നുണ്ട്. അതുപോലെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നത് മൂലം ദഹനപ്രക്രിയ എളുപ്പമാകുന്നു. ഒപ്പം തന്നെ മാനസിക സമ്മര്‍ദ്ദങ്ങളും ഇല്ലാതാക്കുന്നു. ഇതെല്ലാം ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെയധികം സഹായകമാണ്. 

മുപ്പത് മിനുറ്റ് നേരത്തെ നടത്തം തന്നെ ഏതാണ്ട് 150 കലോറി കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിലധികം കലോറി എരിച്ചുകളയണമെങ്കില്‍ എന്ത് ചെയ്യണം? അല്ലെങ്കില്‍ കുറഞ്ഞ കാലം കൊണ്ട് വണ്ണം കുറയ്ക്കണമെങ്കില്‍ എന്തുചെയ്യണം?

അതെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. അതായത്, സാധാരണഗതിയില്‍ നടക്കുമ്പോള്‍ ഇല്ലാതാകുന്ന കലോറിയുടെ മൂന്നിരട്ടി കലോറിയെങ്കിലും എരിച്ചുകളയാന്‍ നടത്തില്‍ ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ മാത്രം മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

എങ്ങനെയെന്ന് വച്ചാല്‍, ദിവസവും നടക്കാന്‍ തെരഞ്ഞെടുക്കുന്ന വഴി- നിരപ്പുള്ളതാണെങ്കില്‍ അതൊന്ന് മാറ്റിപ്പിടിക്കണം. ചരിവുള്ള സ്ഥലങ്ങള്‍ നടക്കാനായി തെരഞ്ഞെടുക്കുക. ഇതിലൂടെ, നടപ്പിനിടെ തന്നെ കയറ്റം കയറുകയും ഇറക്കമിറങ്ങുകയും ചെയ്യാം. ഇത് പേശികള്‍ക്ക് കൂടുതല്‍ ജോലി നല്‍കുന്നു. ഇതിന് കൂടുതല്‍ ഊര്‍ജ്ജവും ആവശ്യമായി വരുന്നു. അങ്ങനെ, സാധാരണ നടക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന കലോറിയെക്കാള്‍ മൂന്നിരട്ടി കലോറി നഷ്ടമാകുന്നു.

അതുപോലെ ദിവസവും ഒരേ വഴി തന്നെ നടക്കാതെ, പല പലയിടങ്ങളിലായി നടക്കുക. കാരണം, ദിവസവും ഒരേവഴി നടക്കുമ്പോള്‍ നമ്മള്‍ ആ വഴിയുടെ സ്വഭാവവുമായി പൊരുത്തപ്പെടും. അപ്പോള്‍ നടപ്പ് എളുപ്പമായിക്കൊണ്ടിരിക്കും. എന്നാല്‍ പുതിയ സ്ഥലങ്ങളിലെ നടപ്പ് എപ്പോഴും അല്‍പം പ്രയാസം നല്‍കും. നടപ്പിനിടെ പടികള്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതും എളുപ്പത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായകമാണ്.