ശരീരഭാരം കുറയ്ക്കാൻ ഉച്ചഭക്ഷണം ഒഴിവാക്കുന്ന ചിലരുണ്ട്.  ഉച്ചഭക്ഷണം മുടക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിലെ ഷുഗര്‍ നില ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്. ശരീരം തളരുക, തലചുറ്റി വീഴുക, ഛർദ്ദിക്കാൻ തോന്നുക ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ചെയ്യുന്ന ജോലിയിൽ ശ്രദ്ധക്കുറവ് ഉണ്ടാവുകയും അമിതവിശപ്പ് ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യനായ ഹലേ റോബിൻസൺ പറയുന്നു.ഒരുനേരം ആഹാരം ഒഴിവാക്കുമ്പോള്‍ പിന്നീട് അമിതമായി വിശപ്പ്‌ തോന്നുകയും അളവില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യുന്ന പതിവുണ്ട് ചിലര്‍ക്ക്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ഉച്ചയ്ക്ക് അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്.

 ഉച്ചഭക്ഷണത്തിൽ അൽപം തെെര് ചേർക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഉച്ചഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കൂടുക മാത്രമല്ല ചയാപചയ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാവുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ചോറിന്റെ അളവ് കുറച്ച് പകരം ഇലക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കാനാണ് ശ്രമിക്കേണ്ടത്. ഉച്ച ഊണിന് ശേഷം ഏതെങ്കിലും ഫ്രൂട്ട് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുമെന്നും ഹലേ റോബിൻസൺ പറയുന്നു. ഉച്ചഭക്ഷണം
നിയന്ത്രിച്ചാൽ ശരീരഭാരം ഒരു കാരണവശാലും കൂടുകയില്ലെന്നാണ് റോബിൻസൺ പറയുന്നത്.