ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില്‍ പ്രധാനം. പലരും വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുമെങ്കിലും പിന്നീട് സെക്‌സിനോട് വിരക്തി പ്രകടിപ്പിക്കുന്നത് കാണാം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം, ജീവിതാനുഭവങ്ങള്‍, സാമ്പത്തിക അവസ്ഥ, ജോലി തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക ജീവിതത്തെ സ്വാധീനിക്കാറുണ്ട്. സെക്സിനോട് താൽപര്യം കുറയുന്നത് മാനസിക, ശാരീരിക ആരോ​ഗ്യത്തെ ബാധിക്കാമെന്ന് മുംബൈയിലെ വോക്ഹാർട്ട് ഹോസ്പിറ്റലിലെ പ്രശസ്ത മനോരോഗ വിദഗ്‌ദ്ധന്‍ ഡോ. സോണൽ ആനന്ദ് പറയുന്നു. 

'മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ 'സെക്സ്' മികച്ചൊരു പ്രതിവിധിയാണ്. തലച്ചോറിലും ശരീരത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഹോർമോണും ന്യൂറോ ട്രാൻസ്മിറ്ററുമാണ് 'ഡോപാമൈൻ' (dopamine). ഇതിനെ 'ഹാപ്പി ഹോർമോൺ' ( happy hormone) എന്നും വിളിക്കുന്നു. ഡോപാമൈൻ മാത്രമല്ല, എൻ‌ഡോർ‌ഫിൻ, സെറോടോണിൻ പോലുള്ള ഹോർമോണുകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. സെക്സിനിടെ പുറത്തുവിടുന്ന ഹോർമോണുകൾ മാനസികാവസ്ഥ ഉയർത്തുന്നതിലും നിങ്ങളെ സന്തോഷിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു...'- ഡോ. ആനന്ദ് പറയുന്നു.

 

 

ലൈംഗിക ബന്ധത്തിലേർപ്പെടാതിരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ബാധിക്കാമെന്ന് പെൻ‌സിൽ‌വാനിയയിലെ 'വിൽ‌കേസ്-ബാരെ സർവകലാശാല' യിലെ ​ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിൽ പെട്ടെന്ന് 'ഇമ്യൂണോഗ്ലോബുലിൻ എ' (Immunoglobulin A) വർദ്ധിക്കുന്നു. വൈറസുകളെ ചെറുക്കാൻ ഇമ്മ്യൂണോഗ്ലോബുലിൻ എ സഹായിക്കുന്നു.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ന്യൂറോ ട്രാൻസ്മിറ്ററുകൾ നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും അതിന്റെ മൊത്തത്തിലുള്ള പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ശ്രദ്ധ, സർഗ്ഗാത്മകത, ഉൽ‌പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു. ചില സാഹചര്യങ്ങളിൽ, ഇത് ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് ഡോ. ആനന്ദ് പറഞ്ഞു. 

സെക്സിനോടുള്ള താൽപര്യക്കുറവ്; കാരണങ്ങൾ ഇതാകാം