ഇന്ന് ഓഫീസ് ജോലിയിലേര്‍പ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ തന്നെ, പുതിയ കാലത്ത് ആളുകളെ ബാധിക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ഡ്രൈ ഐ സിൻഡ്രോം.
ദീര്‍ഘനേരം കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ എല്ലാം നോക്കി ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ പല വിധത്തിലുള്ള ആരോഗ്യപരമായ ഭീഷണികളും നേരിടാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു പ്രശ്നമാണ് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍.
ഇക്കൂട്ടത്തില്‍ തന്നെ 'ഡ്രൈ ഐ സിൻഡ്രോം' എന്ന അസുഖമാണ് അധികപേരെയും ബാധിക്കാറ്. കണ്ണില്‍ നീര് വറ്റിപ്പോകുന്ന- അതായത് ആവശ്യത്തിന് കണ്ണീര്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ഇവ ബാഷ്പീകരിച്ച് പോവുകയോ ചെയ്യുന്ന അവസ്ഥയാണിത്. കണ്ണുകള്‍ വരണ്ടുപോവുകയും, ചുവന്ന നിറം കയറുകയും, ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നതുമെല്ലാം ഡ്രൈ ഐ സിൻഡ്രോത്തിന്‍റെ ലക്ഷണങ്ങളാണ്.
ഇന്ന് ഓഫീസ് ജോലിയിലേര്‍പ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ തന്നെ, പുതിയ കാലത്ത് ആളുകളെ ബാധിക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ഡ്രൈ ഐ സിൻഡ്രോം. ഇത് ബാധിക്കപ്പെടാതിരിക്കാൻ ചില മുന്നൊരുക്കങ്ങള്‍ പക്ഷേ നമുക്ക് നടത്താനാകും. അവയെ കുറിച്ച് കൂടി മനസിലാക്കാം.
20-20-20 റൂള്‍...
മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ചിലവിടുന്ന ജോലി ചെയ്യുന്നവര്‍ ഓരോ 20 മിനുറ്റിലും സ്ക്രീനില്‍ നിന്ന് കണ്ണിന് ബ്രേക്ക് (ഇടവേള) നല്‍കണം. 20 സെക്കൻഡാണ് കണ്ണിന് വിശ്രമം നല്‍കേണ്ടത്. എന്നിട്ട് ഈ ഇരുപത് സെക്കൻഡില്‍ 20 അടിയെങ്കിലും ദൂരെയുള്ള എന്തിലേക്കെങ്കിലും നോക്കാം. ഒരിക്കലും ബ്രേക്കെടുക്കുമ്പോള്‍ ഫോണിലേക്ക് നോക്കരുത്.
ഇമ വെട്ടണം...
കണ്ണിമ വെട്ടാതെ ദീര്‍ഘനേരം ഇരിക്കുന്നതാണ് കൂടുതല്‍ റിസ്ക്. അതിനാല്‍ കണ്ണിമ വെട്ടാൻ ഓര്‍ക്കണം. ചില ആപ്പുകള്‍ ഇപ്പോള്‍ ഉപഭോക്താക്കളെ കണ്ണിമ വെട്ടാൻ ഓര്‍മ്മപ്പെടുത്താറ് പോലുമുണ്ട്.
ബ്ലൂ-കട്ട് ഗ്ലാസ്...
സ്ക്രീനിലേക്ക് ദീര്‍ഘനേരം നോക്കിയിരിക്കുന്നവര്‍ക്ക് കണ്ണുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന ബ്ലൂ-കട്ട് ഗ്ലാസുകള്‍ ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നത് നല്ലൊരു പ്രതിരോധമാണ്.
ഹ്യുമിഡിഫയര്‍...
ഓഫീസുകളിലാണെങ്കില്‍ ഹ്യുമിഡിഫയര്‍ വയ്ക്കുന്നത് കണ്ണിലെ ജലാംശം വറ്റിപ്പോകുന്നത് തടയാൻ സഹായിക്കും. എസി അന്തരീക്ഷത്തില്‍ കണ്ണ് ഡ്രൈ ആകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ കൈകാര്യം ചെയ്യുന്നതിനാണ് ഹ്യുമിഡിഫയര്‍ സ്ഥാപിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്സ്...
ഡ്രൈ ഐ പ്രശ്നമുള്ളവര്‍ക്ക് കണ്ണ് വല്ലാതെ വരണ്ടുപോകുമ്പോള്‍ താല്‍ക്കാലികമായ ആശ്വാസത്തിന് ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിക്കാൻ ലഭ്യമാണ്.
വര്‍ക്കിംഗ് അന്തരീക്ഷം...
ദീര്‍ഘനേരം സ്ക്രീനിലേക്ക് നോക്കിയിരുന്ന് വര്‍ക്ക് ചെയ്യുന്നവരെ സംബന്ധിച്ച് അവരുടെ ജോലിയുടെ അന്തരീക്ഷം അനുകൂലമായിരിക്കണം. കസേര, ടേബിളിന്‍റെ ഉയരം, സിസ്റ്റം വച്ചിരിക്കുന്ന രീതി എല്ലാം ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ രീതിയിലായിരിക്കണം. കണ്ണിന്‍റെ ലെവലിന് അല്‍പം താഴെയായിരിക്കണം കംപ്യൂട്ടര്‍. ഇത് ഇമ വെട്ടുന്നത് കൂട്ടുന്നതിന് സഹായിക്കും. ഇത്തരം പല കാര്യങ്ങളും ശ്രദ്ധിച്ച് വേണം ഡിസൈൻ ചെയ്യാൻ.
പരിശോധനകള്‍...
കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ച് ഇത്തരത്തില്‍ മണിക്കൂറുകളോളം കംപ്യൂട്ടറില്‍ നോക്കി ജോലി ചെയ്യുന്നവര്‍.
Also Read:- ഡെങ്കിപ്പനി വന്ന് തളര്‍ന്നുപോയോ? ചെയ്തുനോക്കൂ ഇക്കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
