തിരുവനന്തപുരം:  ഇതൊന്ന് ശ്രദ്ധിക്കൂ. കിലോമീറ്ററുകളോളം കുരുന്ന് ജീവനുമായി ആംബുലൻസിൽ കുതിയ്ക്കേണ്ട. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് താങ്ങായിട്ടാണ് സർക്കാരിന്‍റെ ഹൃദ്യം പദ്ധതി രൂപപ്പെടുത്തിയത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ, പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിൽ സൗജന്യമാണ്.

കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്ന് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ട് വരുന്നതിനിടെ മന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞിന്‍റെ ശസ്ത്രക്രിയയും തുടർചികിത്സയും ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി അമൃത ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റിയെന്ന വാർത്തകള്‍ നമ്മൾ കണ്ടത്. 

എന്നാൽ എന്താണ് ' ഹൃദ്യം പദ്ധതി' യെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്‍ണ്ണമായും സർക്കാർ ചിലവിൽ തന്നെ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം. കുട്ടികളിലെ ജന്മനായുളള ഹൃദ്രോഗം ചികിത്സിച്ച് പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഒന്നാണെന്ന് വിദഗ്ധർ പറയുന്നു. രോഗം യഥാസമയം കണ്ടെത്താനും, അഥവാ കണ്ടെത്തിക്കഴിഞ്ഞ് കൃത്യമായ സമയത്ത് ശസ്ത്രക്രിയ നടത്താൻ സാധിക്കുന്നില്ലയെന്നതും ഗൗരവമേറിയ കാര്യമാണ്.  

കൂടാതെ പ്രാഥമിക ചികിത്സ കഴിഞ്ഞ്  ചില കുട്ടികൾ തുടര്‍ ചികിത്സയ്ക്ക് വിധേയരാകുന്നില്ലെന്നത്  ഹൃദ്രോഗം മുലമുളള മരണനിരക്ക് ക്രമാനുഗതമായി വര്‍ദ്ധിക്കാൻ ഇടയാക്കുന്നു. അതിനാൽ ദേശീയ ആരോഗ്യദൗത്യത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബിഎസ്കെ പദ്ധതി പ്രകാരം ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ കുട്ടികളിലെ ഹൃദ്രോഗത്തിന് പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ 1056 എന്ന ടോൾ ഫ്രീ നമ്പറിൽ ജനങ്ങള്‍ക്ക് ബന്ധപ്പെടാം.

താഴെ പറയുന്ന സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ഹൃദ്യം പദ്ധതിയിൽ ഉൾപ്പെട്ടവയാണ്.

1)  കോഴിക്കോട് മെഡിക്കൽ കോളേജ്
2)  കോഴിക്കോട് മിംസ് ഹോസ്പിറ്റൽ
3)  കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
4)  കൊച്ചി ആസ്റ്റർ മെഡിസിറ്റി
5)  എറണാകുളം ലിസ്സി ഹോസ്പിറ്റൽ
6) കോട്ടയം മെഡിക്കൽ കോളേജ്
7) തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ
8) തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്
9) തിരുവനന്തപുരം എസ്എടി ആശുപത്രി

കുട്ടികളെ ഹൃദ്രോഗം കണ്ടെത്തുതിനായി താഴെപ്പറയും പ്രകാരമാണ്‌ സ്‌ക്രീനിംഗ് നടത്തുന്നത്.

1. പ്രസവ കേന്ദ്രങ്ങളിലെ സ്‌ക്രീനിംഗ് 

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും ആര്‍ബിഎസ്കെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള പരിശോധകൾക്ക് വിധേയരാക്കും.  ഇതില്‍ ജന്മനാലുളള ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളിൽ ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ദന്‍റെ സഹായത്തോടെ, എക്കോ ഉള്‍പ്പെടെയുളള പരിശോധനകൾ നടത്തി എത്രയും നേരത്തെ തന്നെ രോഗം കണ്ടെത്തുന്നു.

സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഈ പദ്ധതി വഴി സേവനം ലഭ്യമാണ്.  ജന്മനാലുളള ഹൃദ്രോഗം കണ്ടെത്തുന്ന ഇത്തരം കുട്ടികള്‍ക്ക്  www.hridyam.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത ശേഷം വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്.

2. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയില്‍ നടത്തുന്ന പരിശോധനകളിലൂടെയും, അംഗന്‍വാടികളിലും, സ്‌കൂളുകളിലും നടത്തപ്പെടുന്ന ആര്‍ബിഎസ്കെ സ്‌ക്രീനിംഗ് വഴിയും ജന്മനാലുളള ഹൃദ്രോഗത്തിന്‍റെ ലക്ഷണമുളള കുട്ടികളെ കണ്ടെത്തി, രോഗനിര്‍ണ്ണയത്തിനായി ശിശുരോഗവിദഗ്ദന്‍റെ അടുക്കലേക്കെത്തിക്കുന്നു. 

3. രോഗനിര്‍ണ്ണയം

ഇത്തരത്തില്‍ രോഗനിര്‍ണ്ണയം നടത്തുതിനായി എല്ലാ ഡെലിവറി പോയിന്‍റുകളിലും പൾസ് ഓക്സിമേറ്ററി എന്ന ഉപകരണം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ശിശുരോഗവിദഗ്ദന് വിദഗ്ദമായ പരിശോധനയിലൂടെ രോഗ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.    കൃത്യമായ രോഗ നിര്‍ണ്ണയത്തിനായി എല്ലാ ജില്ലയിലും ഓരോ നോഡല്‍ സെന്‍ററുകളിലായി അത്യാധുനീക എക്കോ പരിശോദനയുടെ സൗകര്യവും, കാര്‍ഡിയോളജിസ്റ്റിന്‍റെ സേവനവും ലഭ്യമാണ്.  

ഹൃദ്യം പദ്ധതിയുടെ പ്രവർത്തനം

രോഗനിര്‍ണ്ണയത്തിന് ശേഷം കുട്ടിയുടെ വിവരങ്ങളും റിപ്പോർട്ടുകളും ഹൃദ്യം വെബ്‌സൈറ്റിൽ  ചേര്‍ക്കാം. ഇതിലേക്കായി എല്ലാ ജില്ലകളിലും ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ (ഡി ഈ ഐ സി) സ്ഥാപിച്ചിട്ടുണ്ട്.  കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെട്ട ഹൃദ്രോഗ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് കുട്ടികളുടെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും.  പ്രസ്തുത ആശുപത്രിയിലെ വിദഗ്ദര്‍ അടങ്ങുന്ന ഒരു വിദഗ്ധ പാനൽ എല്ലാ കേസുകളും പരിഗണിച്ച്, ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് അത് നടത്താവുന്ന തീയതിയും, മറ്റ് വിശദാശങ്ങളും നല്‍കുന്നു.  ഇതിനായി കുട്ടിയെ ശ്രീ ചിത്രയിലോ മറ്റ് ആശുപത്രികളിലോ കൊണ്ട് പോകേണ്ടതില്ല. വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും എക്കോ  ഉള്‍പ്പെടെയുളള റിപ്പോര്‍ട്ടുകളുടെയും വെളിച്ചത്തില്‍ വിദഗ്ധ സമിതി ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിക്കുമ്പോള്‍ തന്നെ പ്രസ്തുത വിവരം അതാത് ഡി ഇ ഐ സി വഴി കുട്ടിയുടെ രക്ഷിതാക്കള്‍ക്കും റഫര്‍ ചെയ്യപ്പെട്ട ഡോക്ടര്‍ക്കും ലഭ്യമാകുന്നു.

വളരെ ഗുരുതരമായി അസുഖ ബാധിതനായ കുട്ടിക്ക്, രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുളളില്‍ വിദഗ്ധ സമിതിയുടെ തീരുമാനം ലഭ്യമാകും. ഏതെങ്കിലും കാരണവശാല്‍ ഇത്തരത്തില്‍ വിദഗ്ധ സമിതിയുടെ തീരുമാനം 24 മണിക്കൂറിനുളളില്‍ ലഭിച്ചില്ലായെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആര്‍ബിഎസ്കെ പദ്ധതിയില്‍ എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും  ശസ്ത്രക്രിയ ചെയ്യാം. ഇത്തരത്തില്‍ വളരെ അപകടാവസ്ഥയിലുള്ള കുട്ടിയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് ഐസിയു ആംബുലന്‍സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത് തികച്ചും സൌജന്യമാണ്.