Asianet News MalayalamAsianet News Malayalam

കടന്നലിന്റെ കുത്തേറ്റ് കോഴിക്കോട് തൂണേരി സ്വദേശിയുടെ മരണം; അറിഞ്ഞിരിക്കേണ്ട ചിലത്...

കടന്നല്‍ കുത്തേറ്റാലും ചിലര്‍ അത് അവഗണിച്ചുകളയാറുണ്ട്. ഇത്തരക്കാരില്‍ പിന്നീടായിരിക്കും അതിന്റെ അപകടം കാണപ്പെടുന്നത്. ചില ലക്ഷണങ്ങള്‍ ഇതിനോട് ചേര്‍ത്ത് അറിഞ്ഞുവയ്ക്കാം...

what to do after wasp attack
Author
Trivandrum, First Published Sep 15, 2021, 9:20 PM IST

കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് തൂണേരി സ്വദേശി ദാമോദരന്‍ എന്ന അറുപതുകാരന്‍ മരിച്ച വാര്‍ത്ത പലരും ശ്രദ്ധിച്ചുകാണും. പറമ്പില്‍ നില്‍ക്കുകയായിരുന്ന പശുവിനെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ദാമോദരനും കുത്തേല്‍ക്കുകയായിരുന്നു. 

ശനിയാഴ്ചയാണ് സംഭവം. നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചെന്ന് ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും തിങ്കളാഴ്ചയോടെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദാമോദരന്‍ മരിച്ചത്. 

കടന്നലിന്റെ കുത്തേറ്റാല്‍ മരണം സംഭവിക്കുമോയെന്ന സംശയം ഇന്നും പലരും ചോദിച്ചുകേള്‍ക്കാറുണ്ട്. കുട്ടികളടക്കം നിരവധി പേര്‍ ഇതിനോടകം തന്നെ കടന്നലിന്റെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അശ്രദ്ധമായി വിട്ടുകളയുന്നവരാണ് ഇത്തരം സംശയങ്ങള്‍ ഇപ്പോഴും പങ്കുവയ്ക്കുന്നത്. 

കടന്നലിന്റെ കുത്തേറ്റാല്‍ മരണം സംഭവിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മരണസാധ്യത ഉണ്ടെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ തന്നെ കടന്നലിന്റെ കുത്തേറ്റാല്‍ ഫലപ്രദമായ ചികിത്സ തേടേണ്ടത് അനിവാര്യവുമാണ്. ചിലര്‍ വീട്ടിലെ പൊടിക്കൈകള്‍ തന്നെ ഇതിന് പരിഹാരമായി അവലംബിക്കും. ഇതും അപകടത്തിലേക്ക് വഴിവച്ചേക്കാം. 

 

what to do after wasp attack
 

കടന്നലിന്റെ കുത്ത് മരണത്തിലെത്തിക്കുന്നത്...

തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലാണ്. 

പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളില്‍ കാണാം. രണ്ടില്‍ കൂടുതല്‍ കുത്തുകളേല്‍ക്കുന്നതാണ് പ്രധാനമായും അപകടമാവുക. അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്. 

ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ, അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് ബിപി (രക്തസമ്മര്‍ദ്ദം) താഴ്‌ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം. 

കടന്നല്‍ കുത്ത് അപകടമായെന്ന് മനസിലാക്കാനുള്ള ലക്ഷണങ്ങള്‍...

കടന്നല്‍ കുത്തേറ്റാലും ചിലര്‍ അത് അവഗണിച്ചുകളയാറുണ്ട്. ഇത്തരക്കാരില്‍ പിന്നീടായിരിക്കും അതിന്റെ അപകടം കാണപ്പെടുന്നത്. ചില ലക്ഷണങ്ങള്‍ ഇതിനോട് ചേര്‍ത്ത് അറിഞ്ഞുവയ്ക്കാം. 

 

what to do after wasp attack


സാധാരണഗതിയില്‍ കുത്തേല്‍ക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചില്‍ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കുത്ത് ശരീരത്തിന്റെ അകംഭാഗങ്ങളിലാണെങ്കില്‍, ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളില്‍, മൂക്കിന്റെ അകം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇക്കാര്യം ആദ്യമേ ശ്രദ്ധിക്കുക. 

കടന്നല്‍ കുത്തേറ്റ് വൈകാതെ തന്നെ തലകറക്കം, ഛര്‍ദ്ദി, മുഖം ചീര്‍ക്കുക, ദേഹമാകെ ചൊറഫിച്ചില്‍ അനുഭവപ്പെടുക, ശ്വാസതടസം, ബിപി താഴ്ന്ന് തളര്‍ന്നുവീഴുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സാരമായ വിഷബാധയെ സൂചിപ്പിക്കുന്നതാണ്. എത്രയും പെട്ടെന്ന് രോഗിക്ക് വൈദ്യസഹായമെത്തിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. 

കുത്തേറ്റ് ദിവസങ്ങള്‍ക്കുള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാം. തലവേദന, ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കാണാം. ഇതും ഉടനെ വൈദ്യസഹായമെത്തിക്കേണ്ട ഘട്ടമാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ബിപി പ്രശ്‌നമുള്ളവര്‍, ഹൃദ്രോഗികള്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ കടന്നല്‍ കുത്തേറ്റാല്‍ വൈകാതെ തന്നെ ആശുപത്രിയിലെത്തി ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം ആളുകളിലെല്ലാം കടന്നല്‍ വിഷം കൂടുതല്‍ അപകടസാധ്യത ഉയര്‍ത്തുന്നു എന്നതിനാലാണിത്.

Also Read:- കടന്നലിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios