കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ സമയത്ത് കെെകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനായി കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ഹാൻഡ് സാനിറ്റൈസർ തന്നെയാണ്. വൈറസിനെ തുരത്താനും സ്വയം സുരക്ഷിതരായിരിക്കാനും ഹാൻഡ് സാനിറ്റൈസർ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

ഭക്ഷണം കഴിച്ചതിന് ശേഷവും മുൻപും, രോഗിയായ ഒരാളെ പരിചരിക്കുമ്പോഴും, ഉപരിതലങ്ങൾ തൊട്ടതിനുശേഷം, വളർത്തുമൃഗങ്ങളുമായി ഇടപഴകിയശേഷമൊക്കെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പറയുന്നത്. അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവർക്ക് 60 ശതമാനം മദ്യം അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം. ഇത് മറ്റുളളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാനും സഹായിക്കുമെന്ന് സിഡിസി പറയുന്നു. 

 മദ്യം അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾക്ക് കൈയിലുള്ള സൂക്ഷ്മാണുക്കളുടെ എണ്ണം വേഗത്തിൽ കുറയ്ക്കാൻ കഴിയും. എന്നാൽ എല്ലാത്തരം അണുക്കളെയും ഇല്ലാതാക്കാൻ കഴിയില്ല. 60 മുതൽ 95 ശതമാനം വരെ മദ്യത്തിന്റെ അംശമടങ്ങിയ സാനിറ്റൈസറുകൾക്ക്, മദ്യത്തിന്റെ അളവ് കുറവുള്ളതിനേക്കാൾ കൂടുതൽ അണുക്കളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് സിഡിസി പറയുന്നു. മദ്യം അടങ്ങിയിട്ടില്ലാത്ത ചില സാനിറ്റൈസറുകൾ ഇന്ന് കടകളിലുണ്ട്.അത് ഉപയോ​ഗിച്ചാലും വലിയ പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും ​ഗവേഷകർ പറയുന്നു.

സാനിറ്റൈസർ വാങ്ങുന്നതിനുമുമ്പ് മുമ്പ് അതിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളതെന്ന് ആളുകൾ നിർബന്ധമായും വായിക്കണമെന്ന് വാഷിയിലെ ഹിരാനന്ദാനി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. ഫറാ ഇംഗലെ പറയുന്നു. 

സാനിറ്റൈസറിൽ 60 മുതൽ 70 ശതമാനം വരെ മദ്യം അടങ്ങിയിട്ടുണ്ടാകണം. യാത്ര പോകുമ്പോൾ എപ്പോഴും സോപ്പ് ഉപയോ​ഗിച്ച് കെെ കഴുകാൻ സാധിക്കില്ല.  അപ്പോഴാണ് നിങ്ങൾക്ക് സാനിറ്റൈസർ ഉപയോഗപ്പെടുക. എപ്പോഴും എവിടെ വച്ചും സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്, ചൂടുളള സ്ഥലത്തല്ലാതെ തണുത്ത സ്ഥലത്ത് ബോട്ടിൽ സൂക്ഷിക്കാൻ ശ്രമിക്കുക- ഡോ.ഫറാ പറഞ്ഞു.