ഡോ. ക്വിൻസി ഫോർട്ടിയർ എന്നത് അമേരിക്കൻ വന്ധ്യതാ ചികിത്സയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായിരുന്നു. ഒരിക്കൽ നെവാഡയിലെ ഡോക്ടർ ഓഫ് ദ ഇയർ വരെ ആയ ആളാണ് ദോ. ഫോർട്ടിയർ. ഈ പ്രസിദ്ധനായ വന്ധ്യതാ ചികിത്സകൻ നടത്തിയിരുന്ന ഇൻഫെർട്ടിലിറ്റി ചികിത്സാ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തിടെ HBO റിലീസ് ചെയ്ത 'ബേബി ഗോഡ്' എന്ന ഡോക്യൂമെന്ററിയിൽ പുറത്തായി. 

 

 

വന്ധ്യതാ ചികിത്സ എന്ന പരാമർശം പോലും ഏറെ അസുഖകരമായ ഒന്നായി സമൂഹം കണ്ടുകൊണ്ടിരുന്ന അറുപതുകളിലാണ് ഡോ. ഫോർട്ടിയർ തന്റെ പ്രാക്ടീസ് തുടങ്ങുന്നത്. സ്വാഭാവികമായ മാർഗത്തിലൂടെ ഗർഭം ധരിക്കാനാവാതെ ഏറെനാൾ കാത്തിരുന്ന ശേഷം, തന്റെ ക്ലിനിക്കിൽ ചികിത്സയ്ക്കായി വന്നെത്തുന്ന ദമ്പതികളെ അദ്ദേഹം പുതിയ ഒരു ചികിത്സാ രീതി പരിചയപ്പെടുത്തി. ഭർത്താവിന്റെ ശുക്ലം ഒരു ടെസ്റ്റ് ട്യൂബിൽ ശേഖരിച്ച്, അതിനെ ഭാര്യയുടെ ഗർഭപാത്രത്തിലേക്ക് ഇൻജെക്റ്റ് ചെയ്ത് ഗർഭധാരണം സാധ്യമാക്കും. അന്ന് അങ്ങനെ ചികിത്സ തേടിയ ഒരു കത്തി ഹോം. ഒരു കുഞ്ഞിക്കാലുകാണാൻ പ്രയാസപ്പെട്ടിരുന്ന അവർക്ക് ഡോക്ടറുടെ ചികിത്സ ഫലം ചെയ്തു. ചികിത്സ തുടങ്ങി അധികം വൈകാതെ തന്നെ കാത്തി ഗർഭിണിയായി. അവരുടെ ജീവിതത്തിലേക്ക് വെൻഡി എന്ന ഒരു കുഞ്ഞു മാലാഖ കടന്നു വന്നു. ഡോക്ടർക്ക് നന്ദി പറഞ്ഞ് ദമ്പതികൾ മടങ്ങി. 

അവിടെ നിന്ന് ഫാസ്റ്റ് ഫോർവേർഡ് ചെയ്ത് കാലം 2018 -ൽ എത്തുന്നു. കാത്തിയുടെ മകൾ വെൻഡി ഹോം, ഡിറ്റക്ടീവ് ജോലിയിൽ നിന്ന് വിരമിക്കുന്ന വേള ആഘോഷിക്കാനായി വാങ്ങിക്കൊണ്ടുവന്നത് ഒരു 'ആൻസെസ്‌ട്രി' കിറ്റാണ്. എന്നാൽ, ആ ഡിഎൻഎ കിറ്റിൽ നിന്ന് കിട്ടിയ ഫലങ്ങൾ അവരെ ഞെട്ടിക്കുന്നതായിരുന്നു. അറിയുന്ന ഒരു കസിൻ സഹോദരൻ പോലും പരിസരത്തെങ്ങും ഇല്ലാതിരുന്നിട്ടും, പ്രദേശത്തുനിന്നുതന്നെ അവരുടെ ഡിഎൻഎക്ക് വളരെ ക്ളോസ് ആയിട്ടുള്ള മാച്ചുകൾ കിട്ടി. ഒരു പേര് അതിലെങ്ങും ആവർത്തിച്ചു വരുന്നു, "ഫോർട്ടിയർ". 
 
ഈ ഡിഎൻഎ റിസൾട്ട് ഡാറ്റാബേസിനെ ഒരു അനലിസ്റ്റിന്റെ സഹായത്തോടെ വിശ്ലേഷണം ചെയ്തു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു രഹസ്യം, ഒരു വലിയ ചികിത്സാ തട്ടിപ്പിന്റെ ചുരുൾ അവർക്കുമുന്നിൽ അഴിഞ്ഞു വീണത്. ഡോ. ക്വിൻസി ഫോർട്ടിയർ നെവാഡയിലെ ആ മുൻ 'ഡോക്ടർ ഓഫ് ദ ഇയർ' അക്ഷരാർത്ഥത്തിൽ ഒരു തട്ടിപ്പുകാരനായിരുന്നു. നാല്പതുകൊല്ലത്തെ തന്റെ പ്രൊഫഷണൽ കരിയറിനിടെ അയാൾ, സ്വന്തം ശുക്ലം ഉപയോഗിച്ച് ഗർഭം ധരിപ്പിച്ച 26 യുവതികളുടെ വിശദവിവരങ്ങൾ വെൻഡി ഹോമിന് മുന്നിൽ തെളിഞ്ഞുവന്നു.  2006  -ൽ തന്റെ തൊണ്ണൂറ്റി നാലാമത്തെ വയസ്സിൽ ഡോക്ടർ ഫോർട്ടിയർ മരണപ്പെട്ടിരുന്നതിനാൽ അവർക്ക് അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും സാധിച്ചില്ല.  

എന്തായാലും, ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ, നെവാഡയിൽ ഡോ.  ഫോർട്ടിയർ പ്രാക്ടീസ് ചെയ്തിരുന്ന നാലുപതിറ്റാണ്ടു കാലത്തോളം വരുന്ന സമയത്ത് വന്ധ്യതാ ചികിത്സയിലൂടെ ഗർഭം ധരിച്ചുണ്ടായ കുട്ടികളെ, ഇന്നത്തെ വൃദ്ധരെ ഡീന കിറ്റുകൾ വാങ്ങി സ്വന്തം പിതൃത്വവും പാരമ്പര്യവും പരിശോധിക്കാനുള്ള ആകാംക്ഷയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.