കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. പലപ്പോഴും മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.  കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാറുണ്ട്.

കൊളസ്ട്രോള്‍ പരിശോധന പലതരത്തിലുണ്ട്. ആകെ അളവ് (ടോട്ടല്‍ കൊളസ്ട്രോള്‍) കണ്ടെത്തുന്നതും ഉപവാസത്തിനുശേഷം നല്ലതും ചീത്തയുമായ ഘടകങ്ങള്‍ വേറിട്ട് സൂചിപ്പിക്കുന്നതും (ലിപിഡ് പ്രൊഫൈല്‍) എന്ന രീതിയിലുണ്ട്. ഇരുപത് വയസ്സുമുതല്‍തന്നെ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന നടത്തണം. പാരമ്പര്യമായി കൊളസ്ട്രോളിന്‍റെ അളവുകൂടുന്ന ചില അസുഖങ്ങളുണ്ട്. ഇതു കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും. പ്രശ്‌നങ്ങളില്ലെങ്കില്‍ പിന്നീട് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. ഹൃദ്രോഗങ്ങളുള്ളവരാണെങ്കില്‍ എല്ലാവര്‍ഷവും പരിശോധന വേണം.