'ഹൊറര്‍' സിനിമകള്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? വളരെ ചെറിയൊരു വിഭാഗം മാത്രമായിരിക്കും 'ഹൊറര്‍' സിനിമകളോട് 'നോ' പറയുന്നവര്‍. ബാക്കി മിക്കവാറും പേര്‍ക്കും എത്ര പേടിയാണെങ്കില്‍ കൂടിയും 'ഹൊറര്‍' സിനിമകള്‍ കാണുന്നതിനോട് ഇഷ്ടം തന്നെയാണ്. 

എത്രമാത്രം ഭയപ്പെടുത്തുന്നതാണെങ്കിലും ആകാംക്ഷകള്‍ നിറഞ്ഞതാണെങ്കിലും വീണ്ടും വീണ്ടും 'ഹൊറര്‍' എന്ന ഇഷ്ടത്തിലേക്ക് തന്നെ നമ്മള്‍ തിരിച്ചെത്തുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അടുത്തിടെ ഈ വിഷയത്തില്‍ ഒരു പഠനം നടത്തി. വെറുതെ ഇഷ്ടാനിഷ്ടങ്ങള്‍ അന്വേഷിക്കുകയല്ല, മറിച്ച് 'ഹൊറര്‍' സിനിമകള്‍ പിന്നെയും കാണാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ശാസ്ത്രീയ ഘടകങ്ങളെന്തെന്ന് തിരയുന്നതായിരുന്നു ഇവരുടെ പഠനം. 

'ഹൊറര്‍' സിനിമകള്‍ കാണുമ്പോള്‍ ഒരു വ്യക്തിയുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങളെ പരിശോധിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. പ്രധാനമായും രണ്ട് തരത്തിലാണത്രേ ഇത്തരം സിനിമകള്‍ കാണുന്നവരില്‍ പേടിയുണ്ടാക്കുന്നത്. ഒന്ന് പതിയെ, സമയമെടുത്ത് ഓരോ മോശം സാഹചര്യങ്ങളും കാണിച്ച്, എന്തോ അപകടം വരാനുണ്ട് എന്ന് നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലുള്ള പേടി. 

രണ്ടാമതായി, അപ്രതീക്ഷിതമായി പെട്ടെന്ന് നമുക്ക് മുന്നിലേക്ക് ചാടിവീഴുന്ന എന്തെങ്കിലും പേടിപ്പെടുത്തുന്ന രൂപമോ, സംഭവമോ ഒക്കെയുണ്ടാക്കുന്ന പേടി. രണ്ടാണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളില്‍ 'ആംഗ്‌സൈറ്റി' വര്‍ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. 'ആംഗ്‌സൈറ്റി' അഥവാ ഉത്കണ്ഠ കൂടുന്നതോടെ കാഴ്ചയേയും കേള്‍വിയേയും സംബന്ധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ വളരെ സജീവമാകാന്‍ തുടങ്ങുന്നു. 

അത് വലിയ തരത്തിലുള്ള ഒരു 'ഇന്‍വോള്‍വ്‌മെന്റ്' തന്നെയാണെന്ന് ഗവേഷണത്തില്‍ സഹകരിച്ച സൈക്യാട്രിസ്റ്റുകള്‍ പറയുന്നു. പെട്ടെന്നുണ്ടാകുന്ന ഭയമാണെങ്കില്‍ അതിനെ തുടര്‍ന്നും തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ ഉണരുമത്രേ. ഇതും നമ്മളെ ആകെ മനസിനെ സജീവമാക്കുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍ പേടി തോന്നിയാലും 'എന്റര്‍ടെയ്ന്‍മെന്റിന്റ്' കാര്യത്തില്‍ 'ഹൊറര്‍' സിനിമകള്‍ വളരെ മുന്നിലാണെന്നാണ് പഠനം പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണത്രേ, മിക്കവരും 'ഹൊറര്‍' സിനിമകളെ ഇഷ്ടപ്പെടുന്നത്. ഇതിനെല്ലാം പുറമെ വ്യക്തികളെ സാമൂഹികവത്കരിക്കുന്ന പ്രക്രിയയിലും 'ഹൊറര്‍' സിനിമകള്‍ വലിയ പങ്ക് ഴങിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അതായത്, തനിച്ചിരുന്ന് കാണുന്നതിന് പകരം കൂട്ടിന് ആരയെങ്കിലും തേടുന്നത് 'ഹൊറര്‍' സിനിമാപ്രേമികളില്‍ ഒരു വിഭാഗത്തിന്റെ പതിവാണ്. ഇത് പതിയെ ഒരു അടുത്ത ബന്ധത്തിന് കൂടി മാനസികമായി വഴിയൊരുക്കുമത്രേ.