Asianet News MalayalamAsianet News Malayalam

ഇന്ത്യയിലും 'വൈറ്റ് ലങ് സിൻഡ്രോം'; ഗുരുതരാവസ്ഥയില്‍ ആയിരുന്ന രോഗിക്ക് മുക്തി

ആശുപത്രിയിലെത്തുമ്പോള്‍ കടുത്ത ശ്വാസതടസവും പനിയും കഫക്കെട്ടും ചുമയുമായിരുന്നു. ഓക്സിജൻ നില അപകടകരമായി താഴുന്ന അവസ്ഥയുമുണ്ടായത്രേ. 

white lung syndrome confirmed in india and the patient is now cured
Author
First Published Dec 11, 2023, 7:50 PM IST

'വൈറ്റ് ലങ് സിൻഡ്രോം' എന്ന രോഗത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കാം. ചൈനയില്‍ അടുത്തിടെ വ്യാപകമായ ശ്വാസകോശരോഗമാണിത്. സത്യത്തില്‍ ന്യുമോണിയയുടേതിന് സമാനമായ പ്രശ്നങ്ങളടക്കം പല തരത്തിലുള്ള ഒരുകൂട്ടം ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെയാണ് 'വൈറ്റ് ലങ് സിൻഡ്രോം' എന്ന് വിളിക്കുന്നത്. 

ഇത് ബാധിച്ച രോഗികളുടെ എക്സ്-റേ റിപ്പോര്‍ട്ടില്‍ നെഞ്ചിലായി വെളുത്ത നിറത്തില്‍ പാടുകള്‍ കാണുന്നതിനാലാണ് ഡോക്ടര്‍മാര്‍ ഈ രോഗത്തെ 'വൈറ്റ് ലങ് സിൻഡ്രോം' എന്ന് വിശേഷിപ്പിച്ചുതുടങ്ങിയത്.

നമുക്കറിയാം കൊവിഡ് 19 എന്ന മഹാമാരി ആദ്യം പുറപ്പെട്ടത് ചൈനയില്‍ നിന്നാണ്. ഇതിന് ശേഷം കൊിഡ് 19 ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് എല്ലാ അതിര്‍ത്തികളും ഭേദിച്ച് എത്തുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ കവര്‍ന്നും ലക്ഷക്കണക്കിന് പേരുടെ ജീവിതം തകര്‍ത്തും കനത്ത നാശം വിതക്കുകയും ചെയ്തു. 

ഇക്കാരണം കൊണ്ടുതന്നെ ചൈനയില്‍ 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കം മറ്റ് രാജ്യങ്ങളിലുള്ളവരും ഒരുപോലെ ആശങ്കപ്പെട്ടു. ഇപ്പോഴിതാ ഇന്ത്യയിലും 'വൈറ്റ് ലങ് സിൻഡ്രോം' സ്ഥിരീകരിച്ചിരിക്കുകയാണ്. 

ദില്ലിയിലെ ആശുപത്രിയില്‍ രോഗത്തില്‍ നിന്ന് രോഗി മുക്തനായ ശേഷമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആഗ്രയിലെ ഒരു ആശുപത്രിയില്‍ നിന്നാണത്രേ നാല്‍പത്തിരണ്ടുകാരനായ രോഗിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.

ദില്ലിയിലെ ആശുപത്രിയിലെത്തുമ്പോള്‍ രോഗി ഗുരുതരാവസ്ഥയില്‍ ആയിരുന്നു. 'വൈറ്റ് ലങ് സിൻഡ്രോം' അധികവും ബാധിക്കുക കുട്ടികളെയാണെന്നും, ഇത് ഗുരുതര രോഗമല്ലെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ദില്ലിയിലെ രോഗിയുടെ കേസ് ഈ റിപ്പോര്‍ട്ടുകളെയെല്ലാം ചോദ്യം ചെയ്യുന്നതാണ്. 

പനി, ചുമ, തൊണ്ടവേദന, ചര്‍മ്മത്തില്‍ പാടുകള്‍, ശ്വാസതടസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളായിരുന്നുവത്രേ രോഗിയില്‍ കണ്ടിരുന്നത്. ഇതാണ് 'വൈറ്റ് ലങ് സിൻഡ്രോം' ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ കടുത്ത ശ്വാസതടസവും പനിയും കഫക്കെട്ടും ചുമയുമായിരുന്നു. ഓക്സിജൻ നില അപകടകരമായി താഴുന്ന അവസ്ഥയുമുണ്ടായത്രേ. 

വിവി എക്മോ, എന്ന പുതിയ ചികിത്സാ സൗകര്യവും ഓക്സിജൻ സപ്പോര്‍ട്ടുമെല്ലാം നല്‍കിയതോടെയാണ് രോഗി അപകടനില തരണം ചെയ്തത് എന്ന് ദില്ലിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഇങ്ങനെ പതിയെ രോഗി സാധാരണനിലയിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോള്‍ രോഗി സമ്പൂര്‍ണമായി രോഗമുക്തി നേടി എന്നാണ് അറിയുന്നത്. 

അതേസമയം ചൈനയില്‍ 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമാകുമ്പോള്‍ ഏറെ ജാഗ്രത പാലിക്കേണ്ട ഈ അവസരത്തില്‍ രോഗം ഇന്ത്യയില്‍ സ്ഥിരീകരിച്ച വാര്‍ത്ത എങ്ങും വന്നില്ല എന്നതും, രോഗിക്ക് എങ്ങനെ രോഗം പകര്‍ന്നുകിട്ടി- അങ്ങനെയെങ്കില്‍ രാജ്യത്ത് ഈ രോഗം ഇതിനോടകം തന്നെ പടര്‍ന്നുകഴിഞ്ഞോ എന്ന ആശങ്കയുമെല്ലാം ഉയരുകയാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ ഉള്ള മറുപടി നല്‍കാനോ കാര്യങ്ങളില്‍ വ്യക്തത നല്‍കാനോ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. 

Also Read:- 'വൈറ്റ് ലങ് സിൻഡ്രോം'; പുതിയ കേസുകളില്ലെന്ന് ചൈന- വിശ്വസിക്കാതെ ലോകം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios