കുട്ടികള്‍ക്കിടയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും കൂട്ടമായി ശ്വാസകോശപ്രശ്നങ്ങള്‍ കണ്ടെത്തിയതായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. ശ്വാസതടസം, ചുമ, നെഞ്ചുവേദന, പനി, തളര്‍ച്ച എന്നിവയാണ് സാധാരണഗതിയില്‍ ഇതില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

കൊവിഡ് 19ന്‍റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ നിന്ന് പുതിയൊരു ശ്വാസകോശ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ലോകത്താകമാനം ആശങ്ക കനക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 'വൈറ്റ് ലങ് സിൻഡ്രോം' എന്നാണീ ശ്വാസകോശരോഗത്തെ വിശേഷിപ്പിക്കുന്നത്. 

ഒന്നല്ല, ഒന്നിലധികം അണുബാധകള്‍ ശ്വാസകോശത്തെ ബാധിക്കുന്നൊരു അവസ്ഥായായാണ് ഇത് പറയപ്പെടുന്നത്. അധികവും കുട്ടികളെയാണത്രേ ഇത് ബാധിക്കുന്നത്. രോഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപകമായതിന് പിന്നാലെ ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ചൈന.

നിലവില്‍ പുതിയ രോഗികളെയൊന്നും കണ്ടെത്തിയിട്ടില്ല, പുതിയ കേസുകളില്ല എന്നാണ് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷൻ പ്രതിനിധി മി ഫെംഗ് പത്രമാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാലിത് മറ്റ് രാജ്യങ്ങളിലുള്ളവര്‍ ഒട്ടും വിശ്വസനീയമായ രീതിയിലല്ല എടുക്കുന്നത്. 

മുമ്പ് കൊവിഡ് കാലത്തും ചൈന കേസുകളുടെ കണക്കില്‍ കള്ളം കാണിച്ചിട്ടുണ്ടെന്നും നിജസ്ഥിതി തുറന്നുപറയാത്തതാണ് പിന്നീട് കാര്യങ്ങള്‍ ഏറെ വഷളാകുന്നതിലേക്ക് നയിച്ചതെന്നുമാണ് ഇതിനുള്ള കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.

'വൈറ്റ് ലഭ് സിൻഡ്രോം' എന്ന പേര് കേള്‍ക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായതേ ഉള്ളൂ. അതിന് മുമ്പ് അജ്ഞാതമായ / നിഗൂഢമായ ന്യുമോണിയ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. രോഗം ബാധിച്ചവരുടെ എക്സ് റേ റിപ്പോര്‍ട്ടുകളില്‍ അവരുടെ നെഞ്ചിന്‍റെ ഭാഗത്തായി കാണുന്ന വെളുത്ത നിറത്തിലുള്ള അണുബാധയുടെ അടിസ്ഥാനത്തിലാണ് ഇതിന് 'വൈറ്റ് ലങ് സിൻഡ്രോം' എന്ന പേരിട്ടിരിക്കുന്നതത്രേ. 

അഞ്ച് മുതല്‍ എട്ട് വയസ് പ്രായം വരുന്ന കുട്ടികള്‍ക്കിടയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും കൂട്ടമായി ശ്വാസകോശപ്രശ്നങ്ങള്‍ കണ്ടെത്തിയതായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. ശ്വാസതടസം, ചുമ, നെഞ്ചുവേദന, പനി, തളര്‍ച്ച എന്നിവയാണ് സാധാരണഗതിയില്‍ ഇതില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍. എന്നാല്‍ രോഗതീവ്രത മാറുന്നതിന് അനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസങ്ങള്‍ വരാം. ഇതുവരെ ഇന്ത്യയില്‍ 'വൈറ്റ് ലങ് സിൻഡ്രോം' ഭീഷണി ഉയര്‍ന്നിട്ടില്ല. അതേസമയം മറ്റ് പല രാജ്യങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വരുംദിവസങ്ങളിലേ ഇനി അറിവാകൂ. 

Also Read:- പ്രമേഹത്തിന് നല്‍കിവന്നിരുന്ന മരുന്നുകളുടെ ഞെട്ടിക്കുന്ന പാര്‍ശ്വഫലം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo