ലോകത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകൾ സ്ഥിരീകരിക്കപ്പെടുന്നത് ഇപ്പോള്‍ അമേരിക്കയിലാണ്. അമേരിക്കയിൽ ഒരു ദിവസം മാത്രം 2000 പേരാണ് മരിച്ചത്. അമേരിക്കയ്ക്ക് ഇത് എന്തുപറ്റി എന്നാണ് പലരും ചോദിക്കുന്നത്. അമേരിക്കയിലെ കൊവിഡ് ടെസ്റ്റിങ് പൂര്‍ണ്ണ സജ്ജമായിട്ടില്ലാത്തിതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഒഴിവാക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത് എന്നാണ് വോക്സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ രോഗമെത്തി രണ്ടര മാസം കഴിഞ്ഞിട്ടും സംശയമുള്ളവരെ മുഴുവന്‍ ടെസ്റ്റ് ചെയ്യാനോ ഇവരെ പിന്തുടരാനോ ആയിട്ടില്ല എന്നതാണ് ഇവര്‍ക്ക് പറ്റിയ പിഴവ്. 

 ആദ്യം ചെയ്യേണ്ടത് സംശയമുള്ളവരെ മുഴുവന്‍ ടെസ്റ്റ് ചെയ്യുക എന്നതാണ്. അങ്ങനെ എല്ലാവരെയും ക്വാറന്‍റൈന്‍ ചെയ്താല്‍ അവിടെത്തെ സമ്പദ്‌വ്യവസ്ഥ തകരുമെന്നതാണ് ഇവരുടെ ഭീതി. അമേരിക്കിയിലെ ഇടതു താത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസും (സിഎപി), വലതുപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയായ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടും (എഇഐ) ഇപ്പോള്‍ സർക്കാരിനോട് ആവശ്യപ്പെടുന്നത് ടെസ്റ്റുകള്‍ കൂടുതല്‍ വ്യാപകമാക്കാനാണ്.

 'കൊറോണ തീ' കണ്ടെത്തി അണച്ചു തുടങ്ങണമെന്നും അല്ലെങ്കില്‍ അത് കാട്ടുതീ പോലെ പടരാമെന്നുമാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ജെഫ്രി മാര്‍ട്ടിന്‍ പറയുന്നത് എന്നും വോക്സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.